കേട്ടറിവുകളുടെ കാലത്തെങ്ങോ മനസ്സിലിടം പിടിച്ച ആ എട്ടുകെട്ടൊന്ന് കാണണം, അകലത്ത് നിന്നെങ്കിലും ആയുർവേദത്തിന്റെ കുലപതിയെ ദർശിക്കണം, സാധിച്ചാൽ ഒന്ന് പരിചയപ്പെടണം. ഒരു ദശകത്തിനപ്പുറം റേഡിയോളജിസ്റ്റായി കർമ്മഭൂമിയായി തിരഞ്ഞെടുത്ത കോട്ടക്കലിലേക്ക് വരുമ്പോൾ മനസ്സിലുള്ള അനേകം ആഗ്രഹങ്ങളിൽ ആദ്യത്തേത് ഇത് രണ്ടുമായിരുന്നു. എപ്പോഴാണെന്നോ, എന്തുകൊണ്ടാണെന്നോ അറിയില്ല, പി. കെ. വാര്യർ എന്ന മനുഷ്യനും കൈലാസമന്ദിരവും എന്നോ മനസ്സിൽ കയറിക്കൂടിയ രണ്ട് ആഗ്രഹങ്ങളായിരുന്നു.

എന്തുകൊണ്ടാണ് ആ എട്ടുകെട്ടിനോട് വല്ലാത്തൊരഭിനിവേശം ഉള്ളിൽ കയറിക്കൂടിയതെന്ന് ഇപ്പോഴും അറിയില്ല. ഒരു പക്ഷെ വാസ്തുശിൽപാ ചാതുരിയോട് സ്വാഭാവികമായി മനസ്സിലുള്ള ഇഷ്ടം പ്രതിഫലിച്ചതായിരിക്കാം, അല്ലെങ്കിൽ ലോകത്തിലെ പ്രമുഖ വ്യക്തികളെല്ലാം സന്ദർശിച്ച കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇടം എന്ന ഖ്യാതിയുടെ സ്വാധീനമായിരിക്കാം കൈലാസമന്ദിരം മനസ്സിലൊരു പ്രലോഭനം തന്നെയായിരുന്നു. 1970ൽ ഇന്ത്യയുടെ രാഷ്ട്രപതി വി. വി. ഗിരി ഒരു മാസം താമസിച്ച കാലത്ത് രാജ്യത്തിന്റെ ഭരണസിരാകേന്ദ്രം തന്നെ കൈലാസമന്ദിരത്തിലേക്ക് മാറ്റപ്പെട്ടിരുന്നു എന്ന അപൂർവ്വ ചരിത്രവും ഈ എട്ട് കെട്ടിനോട് തോൾ ചേർന്ന് നിൽക്കുന്നുണ്ട്.

ആദ്യസമാഗമം

യാദൃശ്ചികമായാണ് ഒരിക്കൽ പി. കെ. വാര്യർ സാറിനെ നേരിട്ട് കാണുവാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചത്. എന്റെ മനസ്സിലുള്ള പല മുൻധാരണയെയും തിരുത്തിയെഴുതിയ കൂടിക്കാഴ്ച കൂടിയായിരുന്നു അത്. ഏതാണ്ട് മുക്കാൽ മണിക്കൂറോളം അദ്ദേഹത്തോട് സംസാരിച്ചു. അതിൽ അരമണിക്കൂറും എക്സ്-റെ റീഡിംഗിലും ചെസ്റ്റ് എക്സ്-റെ റീഡിംഗിലും ഉണ്ടാകുന്ന പാകപ്പിഴകളെക്കുറിച്ചായിരുന്നു. ആയുർവേദത്തിൽ മാത്രമല്ല, ആധുനിക വൈദ്യശാസ്ത്രത്തിന്റെ സമസ്ത മേഖലകളിലും അദ്ദേഹത്തിന് ആധികാരികമായ അറിവുണ്ട് എന്നത് എനിക്ക് വിസ്മയമായിരുന്നു. എന്റെ മനസ്സിലെ ഗുരുസ്ഥാനീയരിലേക്കും ആ നിമിഷം മുതൽ അദ്ദേഹം കടന്ന് വരികയായിരുന്നു.

ഞാനറിഞ്ഞ പി. കെ വാര്യർ

കൃത്യനിഷ്ഠയിലും ജീവിതചര്യയിലും യാതൊരു ഒത്തുതീർപ്പുകൾക്കും തയ്യാറാവാത്ത വ്യക്തി എന്നാണ് അദ്ദേഹത്തെക്കുറിച്ച് സ്വാഭാവികമായും പറയാവുന്ന ആദ്യത്തെ കാര്യം. ഈ കണിശതയെ കുറിച്ച് ഒരിക്കൽ എന്നോട് പറഞ്ഞിട്ടുമുണ്ട്. പുലർച്ചെ നാല് മണിക്കെഴുന്നേൽക്കും. പ്രഭാതകർമ്മങ്ങൾക്കും വ്യായാമങ്ങൾക്കും ശേഷം കൈലാസ മന്ദിരത്തിൽ തന്നെയുള്ള വിശ്വംഭര ക്ഷേത്രത്തിൽ പ്രാർത്ഥന. ' എന്റെ അടുക്കൽ ചികിത്സ തേടിയെത്തുന്ന എല്ലാവരുടേയും അസുഖം ഭേദമാക്കാൻ സാധിക്കണമേ, ശരീര പീഢ അനുഭവിക്കുന്ന ഈ ലോകത്തുള്ള എല്ലാവരേയും സൗഖ്യമാക്കണേ' എന്നതാണ് പതിവ് പ്രാർത്ഥന.

ഈ വിശ്വഭരക്ഷേത്രവും കോട്ടക്കലിന്റെ സാമാന്യ ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ട്. ഇവിടത്തെ പൂരം കോട്ടക്കൽ മേഖലയുടെ ദേശീയോത്സവം തന്നെയാണ്. ജാതി മത ഭേദങ്ങളില്ലാതെ ഏത് മനുഷ്യനും പ്രവേശനം അനുവദിക്കപ്പെടുന്ന ആരാധനാലയം എന്നതും ഇതിന്റെ സവിശേഷതയാണ്. കൈലാസ മന്ദിരത്തിന്റെ പ്രവേശന കവാടത്തിൽ തന്നെ വാര്യർ കുടുംബത്തിന്റെ മതമൈത്രിയുടെ കൃത്യമായ സന്ദേശം ആലേഖനം ചെയ്തിട്ടുണ്ട്. മൂന്ന് മതങ്ങളെയും പ്രതിനിധാനം ചെയ്യുന്ന ചിഹ്നങ്ങളും 'ധർമ്മോജയതി നാ ധർമ്മ:'' എന്ന് തുടങ്ങുന്ന മനോഹരവും അർത്ഥപൂർണ്ണവുമായ ശ്ലോകവും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ആദ്യമായി ഇവിടേക്ക് പ്രവേശിക്കുന്ന ഏതൊരാളും ഈ പ്രവേശന കവാടത്തിന് മുന്നിൽ ഒരുനിമിഷം അറിയാതെ തന്നെ കൈകൂപ്പി ആദരിച്ച് നിന്ന് പോകും.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാനം

അനുസരണയുള്ള കൊച്ചുകുട്ടിയെ പോലെ പലതവണ എന്റെ സ്കാനിംഗ് ടേബിളിൽ കിടന്നുതന്ന പി. കെ. വാര്യർ എന്ന മഹാമനീഷിയുടെ ആരോഗ്യം ഉറപ്പ് വരുത്താനുള്ള പരിശോധനകൾ നിർവ്വഹിക്കാനുള്ള അവസരം പലതവണ ലഭിച്ചു എന്നത് ഒരു പക്ഷെ എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായിരിക്കും. കഴിഞ്ഞ തിരുവോണ നാളിൽ അദ്ദേഹം എന്നെ കൈലാസ മന്ദിരത്തിലേക്ക് വിളിപ്പിച്ചു. സഹധർമ്മിണിയോടൊപ്പം അവിടെയെത്തിയ എനിക്ക് ആ തൃക്കരങ്ങളാൽ ഓണക്കോടിയും കൈനീട്ടവും നൽകി അനുഗ്രഹിച്ച നിമിഷത്തിന്റെ ധന്യത മരിക്കുവോളം മനസ്സിലുണ്ടാകും. പുതിയതായി പണികഴിപ്പിച്ച ഞങ്ങളുടെ വീടിന് അനുഗ്രഹമായി അദ്ദേഹം കൈമാറിയ ഗണപതി വിഗ്രഹത്തിന് മുന്നിൽ തൊഴുത് മാത്രമേ ഞങ്ങളുടെ ഒരുദിനം ആരംഭിക്കാറുള്ളൂ.

ഞങ്ങളുടെ ചെയർമാൻ ഡോ. ആസാദ് മൂപ്പന്റെ മകളുടെ അസുഖത്തിന് ചികിത്സ തേടി പി. കെ. വാര്യരുടെ അരികിലെത്തിയപ്പോൾ അവർക്കിടയിലെ കണ്ണിയായി പ്രവർത്തിക്കാനുള്ള അവസരവും ലഭിച്ചു. പിന്നീട് ഈ നിമിഷം വരെ ഇവർക്കിടയിലും ഇരുവരുടേയും സ്ഥാപനങ്ങൾക്കിടയിലുമുള്ള സംവേദനങ്ങളിലെ ഭാഗഭാക്കാകുവാൻ സാധിച്ചതും ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നു.

വലിയ ആഗ്രഹം

ഒരുപാട് കാലത്തെ അടുപ്പമുള്ള സുഹൃത്തിനെ പോലെ എന്നെ പരി​ഗണിക്കുന്നത് ഇപ്പോഴും വലിയ അത്ഭുതമാണ്. നിരവധിയായ ആശയങ്ങൾ ഇതിനിടയിൽ പരസ്പരം പങ്കുവെക്കാൻ സാധിച്ചിട്ടുമുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ഉള്ളിന്റെയുള്ളിലെ ഏറ്റവും വലിയ ആഗ്രഹമായി ഞാൻ മനസ്സിലാക്കിയത് ആയുർവേദവും ആധുനിക വൈദ്യവും സമരസപ്പെടുകയും അതിലൂടെ ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ വലിയ ചികിത്സാ നേട്ടങ്ങൾ ലോകത്തെമ്പാടുമുള്ളവർക്കും ലഭിക്കുകയും ചെയ്യുക എന്നതാണ്. നിലവിലെ സാഹചര്യത്തിൽ പ്രതിബന്ധങ്ങളനേകമുണ്ടെങ്കിലും വരാനിരിക്കുന്ന നാളികളിലെന്നെങ്കിലും മതിൽക്കെട്ടുകൾ തകർക്കപ്പെടുകയും നന്മയുടെ വശങ്ങൾ ഒന്നുചേരുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കും.

സ്നേഹമാകുന്ന അമൃതും പ്രാർത്ഥനായുകുന്ന മൃത്യുജ്ഞയവും നൽകി ചികിത്സാർത്ഥികൾക്ക് സൗഖ്യമേകുന്ന മഹാമാനുഷിയുടെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടിയുള്ള പ്രാർത്ഥനകളോടെ ശതപൂർണിമയിലെത്തിയ കൈലാസത്തിലെ മഹർഷിക്ക് ആശംസകൾ നേരുന്നു.

(കോട്ടക്കൽ ആസ്റ്റർ മിംസ് റേഡിയോളജി വിഭാഗം തലവനാണ് ലേഖകൻ)

Content Highlights:Dr.P.K warrier 100th birthday