അതിരാവിലെ നാലുമണിക്ക് വാരിയർ ഉണരും. പ്രഭാതകർമങ്ങൾക്കുശേഷം ദേവീകവചം, മാർക്കാണ്ഡേയ സ്തോത്രം, നാരായണീയം അവസാനപത്ത് എന്നിവ ചൊല്ലിക്കഴിഞ്ഞാൽ പത്തായപ്പുരയിൽനിന്ന് താഴേക്കിറങ്ങും. അമ്മാവന്റെ സമാധിസ്ഥലത്ത് വിളക്കുകൊളുത്തി പ്രാർഥിച്ച് പ്രദക്ഷിണംവെക്കും. പിന്നെ അല്പസമയം അഷ്ടാംഗഹൃദയം വായനയാണ്. 5.50-ന് വന്ദേമാതരം കേൾക്കൽ നിർബന്ധം. അതിനുശേഷം 7.30-ന് പ്രഭാതഭക്ഷണം, ഒന്നോ രണ്ടോ ഇഡ്ഡലിയോ ദോശയോ. ഇനി രോഗികളെ കാണാനുള്ള സമയമാണ്. കുറേക്കാലങ്ങളായി അർബുദരോഗികളെ മാത്രമേ നോക്കാറുണ്ടായിരുന്നുള്ളൂ. ഉച്ചയ്ക്ക് ഒരുമണിയോടെ അല്പം ചോറും പഴുത്ത പഴങ്ങളും ഉണങ്ങിയ പഴങ്ങളും. സാമ്പാറും രസവുമൊന്നും ഉപയോഗിക്കാറില്ല. അല്പസമയം വിശ്രമിച്ചതിനുശേഷം വീണ്ടും ഓഫീസിേക്ക്. വൈകുന്നേരം കുറച്ച് ചായയോ കാപ്പിയോ. ലഘുഭക്ഷണം കൂടുതലും പഴങ്ങളാവും. ഇളനീർവെള്ളം നന്നായി കുടിക്കും. സന്ധ്യക്ക് കുളിയും പ്രാർഥനയും കഴിഞ്ഞ് ഏഴരയോടെ രാത്രിഭക്ഷണം തീർക്കും. അതുകഴിഞ്ഞാൽ പക്ഷിമൃഗാദികൾപോലും ഭക്ഷണം കഴിക്കാറില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മുമ്പൊക്കെ അരിമേദാദിതൈലം പഞ്ഞിയിലാക്കി പല്ലിൽവെക്കുമായിരുന്നു. പല്ലിന്റെ ഉറപ്പിനും ആരോഗ്യത്തിനുമാണത്. അണുതൈലംകൊണ്ട് നസ്യവും പതിവുണ്ടായിരുന്നു.

ഗോതമ്പിന്റെ ഭക്ഷണമാണ് കൂടുതലിഷ്ടം. വലിയമ്മാവൻ പി.എസ്. വാരിയർക്കും ഇതുതന്നെയായിരുന്നു ശീലം. വിശക്കുമ്പോൾമാത്രം ഭക്ഷണം കഴിക്കുക എന്നതാണ് രീതി. ഇതിനിടയിൽ പത്രം വായിക്കാനും ടി.വി. കാണാനും കുറച്ചുസമയം. തല കുളിക്കുന്നത് ആഴ്ചയിൽ രണ്ടുപ്രാവശ്യംമാത്രം. രാത്രി ഒമ്പതയോടെ കിടക്കാൻപോകും. അതിനുമുമ്പ് അല്പം അഗസ്ത്യരസായനം കഴിക്കും. പ്രകൃതിയോടിണങ്ങിയ ഭക്ഷണവും ജീവിതവും തന്നെയാണ് ഇഷ്ടം. പണ്ട് സ്ഥിരമായി ഖദർവസ്ത്രമായിരുന്നെങ്കിലും യാത്രയും മറ്റുതിരക്കുകളുമായപ്പോൾ സൗകര്യത്തെക്കരുതി പിന്നീട് അതുമാറ്റി. ഇപ്പോൾ കുറച്ചുകാലമായി യാത്രകളില്ല, രോഗികളെയും കാണാറില്ല. പൂർണ വിശ്രമത്തിലാണ് വാരിയർ.

Content Highlights:A Day of Dr. P.K Warrier, Dr. P.K warrier 100th birthday