ഡോ. പി. കെ. വാരിയരെക്കുറിച്ച് ആലോചിയ്ക്കുമ്പോഴൊക്കെ ഒരു ചിത്രം എന്റെ മനസ്സിൽ തെളിഞ്ഞുവരും. എന്റെ മരുമകൻ നാരായണൻ നമ്പി പറഞ്ഞതാണ്. കർണാടകത്തിലെ വിദ്യാഭ്യാസകാലത്ത് ഒരു പഠനയാത്രയുടെ ഭാഗമായി ആര്യവൈദ്യശാലയിൽ എത്തിയതാണ്. കൈലാസമന്ദിരത്തിന്റെ അരികിലാണ് ബസ്സ് നിർത്തിയത്. രാവിലെ എട്ടുമണി കഴിഞ്ഞിട്ടേയുള്ളു. തരക്കേടില്ലാതെ മഴ പെയ്യുന്നുണ്ട്. ഇറങ്ങാൻ മടിച്ച് കുട്ടികൾ ബസ്സിൽത്തന്നെ ഇരിക്കുകയാണ്. അപ്പോൾ അതാ, ഡോ. വാരിയർ കൈലാസമന്ദിരത്തിൽനിന്ന് നേഴ്സിങ്ങ് ഹോമിലേയ്ക്കു വരുന്നു. റോഡ് മുറിച്ചുകടന്നപ്പോൾ ലുങ്കി ചുറ്റിയ ഒരാൾ എവിടെനിന്നോ ഡോക്ടറുടെ അടുത്തേയ്ക്ക് ഓടിയെത്തി.

മഴയത്തുനിന്നുകൊണ്ടുതന്നെ സംസാരിയ്ക്കാൻ പുറപ്പെട്ടപ്പോൾ ഡോക്ടർ അയാളെ തന്റെ കുടയിലേയ്ക്ക് അടുപ്പിച്ചു നിർത്തി. രണ്ടോ മൂന്നോ മിനിട്ട് സംസാരിച്ചുകാണും. വിഷയം നീണ്ടു പോവുകയാണ്. മഴ നിലയ്ക്കുന്നുമില്ല. ഡോക്ടർ വാച്ച്മാനോടു പറഞ്ഞ് ഒരു കുട വരുത്തി. പിന്നെ രണ്ടു പേരും കൂടി നേഴ്സിങ്ങ് ഹോമിലേയ്ക്കു നടക്കുന്നു. എല്ലാം അത്ഭുതത്തോടെ നോക്കിക്കാണുകയാണ് ബസ്സിലെ കുട്ടികൾ. ഡോക്ടർ എന്ന ലേബൽ പതിച്ചു കിട്ടുന്നതോടെ പൊതുജനങ്ങളിൽനിന്ന് അഭിജാതമായ അകലം പാലിയ്ക്കാൻ ശ്രമിയ്ക്കുന്ന പുതുതലമുറയ്ക്ക് അത് തികച്ചും അത്ഭുതമുളവാക്കുന്ന കാഴ്ചയായി. കാഴ്ചയിൽ നിർദ്ധനനായ ഒരാളെ ഇത്രമേൽ തന്നിലേയ്ക്ക് അടുപ്പിച്ചു നിർത്താനും കുട വരുത്തിക്കൊടുത്ത് കൂടെ നടത്താനും തയ്യാറാവുന്ന ഈ ഭിഷഗ്വരന്റെ തെളിച്ചമേറിയ ഒരു ചിത്രം എന്റെ മനസ്സിൽ ഇടംപിടിച്ചു.

പിന്നേയും കുറേ കാലം കഴിഞ്ഞാണ് 'സ്മൃതിപർവ്വം' വായിയ്ക്കാനിടയായത്. അത് ഡോ. പി. കെ. വാരിയരുടെ ആത്മകഥ മാത്രമല്ല ആര്യവൈദ്യശാലയുടെ കഥയും കോട്ടക്കലിന്റെ ചരിത്രവും കൂടിയാണ്. അവിടെയും ഒതുങ്ങുന്നില്ല. അത് ഒരു കാലത്തെ കേരളീയ ആയുർവേദത്തിന്റെ കഥയുമാണ്. ആത്മകഥയിൽ ആത്മാംശം എത്ര കുറയുന്നുവോ അത്രയും ആ പുസ്തകത്തിന്റെ പ്രസക്തിയും കൂടും എന്നാണല്ലോ. 'സ്മൃതിപർവ്വ'ത്തിൽ ഡോ. വാരിയർ ഒരു കർമ്മസാക്ഷിയുടെ തലത്തിലേയ്ക്ക് ഉയരുകയാണ്. തന്നെപ്പറ്റി പറയുന്നത് വളരെ കുറവ്; പറയുന്നതു മുഴുവൻ താൻ കണ്ടതും അറിഞ്ഞതുമായ കാര്യങ്ങൾ. ഇതിനെ ആത്മകഥയാക്കുന്നത് കാഴ്ചയിലെ ആത്മാംശമാണ്.

പുസ്തകത്തിൽ അത്ര വിശദമായി പ്രതിപാദിയ്ക്കപ്പെടാത്ത മറ്റു ചില വിഷയങ്ങളുണ്ട്. ഏഴു പതിറ്റാണ്ടായി കോട്ടക്കൽ ആര്യവൈദ്യശാലയുടെ സാരഥിയെന്ന നിലയിൽ ഡോ. പി. കെ. വാരിയർ കേരളീയ ആയുർവേദത്തിന്റെ ദിശതന്നെയാണ് കൃത്യമായി നിർണ്ണയിച്ചുകൊണ്ടിരിയ്ക്കുന്നത്.

വ്യാവസായികാടിസ്ഥാനത്തിൽ പുനർസ്ഥാപനം നടന്നതുകൊണ്ടു മാത്രമാണ് ആയുർവേദത്തിനു ഇന്നു കാണുന്ന വളർച്ചയും സ്വീകാര്യതയും ഉണ്ടായത്. അത് തുടങ്ങിവെച്ചത് പി. എസ്. വാരിയരാണെങ്കിലും അതിന്റെ അത്ഭുതാവഹമായ വളർച്ചയിൽ ഏറിയ പങ്കും വഹിച്ചത് മരുമകനായ ഡോ. പി. കെ. വാരിയരാണ്. ആധുനികശാസ്ത്രത്തോട് ഡോ. വാരിയർക്കുള്ള കമ്പവും ബഹുമാനവും കൊണ്ടാണ് അതു സാധിച്ചത്. ആയുർവേദത്തിന്റെ ഒരളവു വരെയുള്ള പരിമിതി രോഗനിർണ്ണയത്തിന് ആധുനികസാങ്കേതികസൗകര്യങ്ങൾ ഉപയോഗപ്പെടുത്താനുള്ള മടിയോ കഴിവുകേടോ ആയിരുന്നു. അതുപോലെ മറ്റൊരു പരിമിതിയാണ് മരുന്നുകളുടെ ഗുണനിർണ്ണയത്തിലെ വ്യക്തിപരത. വൈദ്യരുടെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് നിശ്ചയിയ്ക്കുന്ന ദർശന-സ്പർശന-രുചി നിർണ്ണയങ്ങളിൽ അത് ഒതുങ്ങിനിന്നു. വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മാണം തുടങ്ങിയ ആയുർവേദമേഖലയ്ക്ക് അതു പോരാ എന്ന് ഡോ. വാരിയർ തിരിച്ചറിഞ്ഞു. അതിന് പുതുശാസ്ത്രത്തിന്റെ എല്ലാ സാദ്ധ്യതകളും ഉപയോഗിയ്ക്കാനായി അദ്ദേഹം ആര്യവൈദ്യശാലയിൽ എല്ലാ ആധുനികയന്ത്രസാമഗ്രികളോടെയുമുള്ള ലബോറട്ടറി സ്ഥാപിച്ചു. അനാലിറ്റിക്കൽ രീതികളിൽ പ്രാവീണ്യമുള്ള ശാസ്ത്രജ്ഞരെ കണ്ടെത്തി നിയമിച്ചാണ് അദ്ദേഹം ഇതു സാധിച്ചത്. കോട്ടക്കലിൽ പല ഗവേഷണപദ്ധതികളും വരുന്നത് ഡോ. വാരിയരുടെ ഈ സമീപനം മൂലമാണ്.

കേരളത്തിലെ മുഴുവൻ ആയുർവേദപ്രവർത്തകരും ഡോ. പി. കെ. വാരിയരുടെ ആധുനിക മനസ്സിന് കടപ്പെട്ടവരാണ്. ഇങ്ങനെ തികഞ്ഞ ശാസ്ത്രാവബോധം പിന്തുടർന്നെങ്കിലും ചികിത്സയിൽ ശുദ്ധ ആയുർവേദരീതി തന്നെ മുറുകെപ്പിടിയ്ക്കാനും അദ്ദേഹം മനസ്സിരുത്തി.
'സ്മൃതിപർവ്വം' വായിച്ചു തീർന്നപ്പോൾ ഡോ. വാരിയരുടെ ചികിത്സാനുഭവങ്ങൾ ഈ പുസ്തകത്തിൽ പ്രതിപാദിയ്ക്കപ്പെട്ടില്ലല്ലോ എന്ന നേരിയ ഒരു കുണ്ഠിതം തോന്നാതിരുന്നില്ല. ആര്യവൈദ്യശാല പോലെ ഇത്ര വലിയ സ്ഥാപനത്തിലിരുന്ന് ഈ നീണ്ട കാലയളവിൽ എത്രയെത്ര രോഗികൾക്കാവും അദ്ദേഹം സാന്ത്വനമേകിയിട്ടുണ്ടാവുക! എത്രയെത്ര കഥകളാവും അദ്ദേഹത്തിനു പറയാനുണ്ടാവുക! അവ ഒഴിവാക്കിയത് അതൊന്നും അത്ര വലിയ കാര്യമല്ല എന്നു കരുതിയിട്ടോ, ആണെങ്കിൽത്തന്നെ ഒന്നും പറയേണ്ടെന്നു വെച്ചിട്ടോ? മിതഭാഷിയായ ഗ്രന്ഥകാരന് അത്തരം അവകാശവാദങ്ങളൊന്നും ഉന്നയിക്കാനുള്ള താൽപര്യരാഹിത്യമാവാം എന്നു കരുതി സമാധാനിയ്ക്കാൻ ശ്രമിച്ചു.

അപ്പോഴാണ് ഡോ. കെ. മുരളീധരൻ എഴുതിയ 'എന്നും സ്നേഹത്തോടെ പി. കെ. വാരിയർ' എന്ന പുസ്തകം കയ്യിൽ വരുന്നത്. അതാവട്ടെ ആ വിടവ് ഏറെക്കുറെ പരിഹരിയ്ക്കാൻ ഉതകിയിട്ടുണ്ട്. തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത വൈദ്യനാണ് പി. കെ. വാരിയർ. അഭയം തേടി വരുന്നവരെ ആരെയും കൈവിടരുത്. 'കടൽ കടന്നെത്തുന്ന വ്യഥകൾ' എന്ന ലേഖനത്തിൽ അമേരിക്കയിൽ ബ്രെയിൻ ഡെത്ത് നടന്ന ഒരു രോഗിയേക്കുറിച്ച് പറയുന്നുണ്ട്. അമേരിക്കയിലെ കണക്കനുസരിച്ച് രോഗി മരിച്ചിരിക്കുന്നു. ഹൃദയസ്പന്ദനം നിലച്ചിട്ടില്ലെങ്കിലും അവിടത്തെ ഡോക്ടർമാർ മരണം പ്രഖ്യാപിച്ചു കഴിഞ്ഞിരിയ്ക്കുന്നു. പക്ഷേ ചെറുപ്പക്കാരനായ രോഗിയെ മരിച്ചതായി ബന്ധുക്കൾ അംഗീകരിച്ചിട്ടില്ല. അവർ ടെലഫോൺ വഴി ഡോ. വാരിയരെ സമീപിയ്ക്കുന്നു. ഡോക്ടറാവട്ടെ കയ്യൊഴിയുന്നതിൽ അർത്ഥമില്ല എന്നു പറഞ്ഞ് രോഗി എത്തിയാലുടൻ ചികിത്സ തുടങ്ങാനുള്ള നിർദ്ദേശങ്ങൾ കൊടുക്കുകയായി. പക്ഷേ രോഗിയെ വിമാനത്തിൽ കൊണ്ടുവരാനുള്ള അനുവാദം ബന്ധുക്കൾക്ക് കിട്ടിയില്ല.

മറ്റു ചികിത്സകളൊന്നും ഫലിയ്ക്കാതെ വരുമ്പോഴാണ് പലപ്പോഴും രോഗി ആയുർവേദവൈദ്യന്റെ അടുത്തെത്തുക. ഡോ. വാരിയർക്ക് അതിൽ പരാതിയില്ല. ആയുസ്സിന്റെ കാര്യം ആർക്കുമറിയില്ലെന്ന വിനീതബോധത്തോടെയാണ് അദ്ദേഹം ഓരോ രോഗിയേയും സമീപിയ്ക്കുന്നത്. തോൽക്കുന്ന യുദ്ധമാണെന്നറിഞ്ഞിട്ടും പട നയിയ്ക്കാൻ വിധിയ്ക്കപ്പെടുന്ന സേനാനായകനാണല്ലോ വൈദ്യൻ പലപ്പോഴും.
താൻ 'വൈദ്യനാകാൻ വേണ്ടി ജനിച്ച ഒരാൾ' അല്ല എന്ന് പി. കെ. വാരിയർ പറയുന്നുണ്ട്. പക്ഷേ വൈദ്യനായതിനു ശേഷം വൈദ്യവൃത്തിയെ ഇത്രമാത്രം ആത്മാർപ്പണത്തോടെ സമീപിച്ച ആളുകൾ ചുരുക്കമാവും. എന്നും അഷ്ടാംഗഹൃദയം പാരായണം ചെയ്യുന്നതോടൊപ്പം വൈദ്യരംഗത്ത് സംഭവിച്ചുകൊണ്ടിരിയ്ക്കുന്ന മാറ്റങ്ങൾ അപ്പപ്പോൾ അറിയാനുള്ള വായനയാണ് അദ്ദേഹത്തെ സമകാലീനനാക്കിത്തീർക്കുന്നത്. മാത്രമല്ല തന്റെ ഒപ്പം പ്രവർത്തിയ്ക്കുന്നവരും അങ്ങനെയാവണമെന്ന് അദ്ദേഹം ആശിയ്ക്കുന്നുണ്ട്. അതുകൊണ്ടാണ് വായിച്ചതെല്ലാം മറ്റുള്ളവർക്ക് പങ്കുവെയ്ക്കാൻ അദ്ദേഹം നിരന്തരം നിഷ്കർഷിയ്ക്കുന്നത്.

പുസ്തകത്തിന്റെ അവസാനം പി. കെ. വാരിയരുമായി ഡോ. മുരളീധരൻ നടത്തിയ ദീർഘമായ അഭിമുഖസംഭാഷണമാണ്. തന്റെ നീണ്ട ചികിത്സാജീവിതത്തിനിടയിൽ ആർജ്ജിച്ച അനുഭവങ്ങളും എത്തിച്ചേർന്ന നിഗമനങ്ങളും ഈ സംഭാഷണത്തെ വിലപ്പെട്ടതാക്കിയിട്ടുണ്ട്. ചികിത്സകന്റെ ധാർമ്മികവ്യഥ, നൈതികത, വൈദ്യനും രോഗിയും തമ്മിലുള്ള ബന്ധം എന്നിങ്ങനെ നിരവധി വിഷയങ്ങൾ ഇതിൽ ചർച്ചാവിഷയമാവുന്നുണ്ട്. പാപത്തിന്റെ ശമ്പളം മരണമാണെങ്കിൽ പുണ്യം ജീവിതമാണെന്നാണ് ഡോ. വാരിയരുടെ നിലപാട്. ആ സങ്കൽപത്തിനോടൊത്താണ് ദയാവധത്തെ അദ്ദേഹം എതിർക്കുന്നതും. മറ്റുള്ള ചികിത്സാമാർഗ്ഗങ്ങളോട് അദ്ദേഹത്തിന് സഹകരണത്തിന്റെ സമീപനമാണ്. ഈ തുറന്ന സമീപനത്തിൽ ആ മനസ്സിന്റെ വലുപ്പം വെളിപ്പെടുന്നുണ്ട്.

'കൈലാസനാഥനു മുമ്പിൽ' എന്ന ആദ്യലേഖനത്തിൽ ഡോ. കെ. മുരളീധരൻ എഴുതുന്നു: ആയുഃസൂക്തത്തിന്റെ പതിഞ്ഞ സ്വരം കാതിൽ പതിയുമ്പോൾ വലതു കൈപ്പത്തി ഹൃദയത്തോടു ചേർത്തിപ്പിടിച്ചു പ്രാർത്ഥിയ്ക്കുന്നു. 'വേദനകളുടെ സ്വകാര്യഭാഷ അറിയുന്ന ഈ മഹാനുഭാവൻ ഒരു പുരുഷായുസ്സു മുഴുവൻ വർധിതതേജസ്സായി ഞങ്ങൾക്കു മുന്നിലുണ്ടാകണേ!' അത്തരമൊരു പ്രാർത്ഥനയാണ് ഈ പുസ്തകം അടച്ചുവെയ്ക്കുമ്പോൾ എന്റെ മനസ്സിലുമുണ്ടായത്.

ഈ രണ്ടു പുസ്തകങ്ങൾ വഴിയുള്ള പരിചയത്തിനു പുറമേ ഡോ. വാരിയരെ ചികിത്സാർത്ഥമോ അല്ലാതെയോ നേരിട്ടു കണ്ടിട്ടുള്ളവരുടെ അനുഭവവിവരണങ്ങളും അത്ഭുതത്തോടെ കേട്ടിരുന്നിട്ടുണ്ട്. എന്റെ സഹോദരീഭർത്താവ് ആലത്തിയൂർ നാരായണൻ നമ്പിയുടെ ഗുരുനാഥനായിരുന്നു അദ്ദേഹം. അവിടെ പഠിയ്ക്കുമ്പൊഴേ തുടങ്ങിയ പരിചയം ആര്യവൈദ്യശാലയുടെ നഴ്സിങ്ങ് ഹോമിൽ ജോലി ചെയ്യുന്ന കാലത്തും പിന്നീടും തുടർന്നു. ഡോ. വാരിയരിൽനിന്ന് കിട്ടിയ സ്നേഹവാത്സല്യങ്ങളേക്കുറിച്ചു പറയുമ്പോഴൊക്കെ അദ്ദേഹത്തിന്റെ ശബ്ദം ഇടറുമായിരുന്നു.

ആര്യവൈദ്യശാലയിൽ പോവാനും ഡോ. കെ. മുരളീധരൻ, ഡോ. പി. എം. വാരിയർ, ഡോ. ടി. എസ്. മുരളി, ഡോ. രാമൻകുട്ടി വാരിയർ തുടങ്ങിയവരുമായി സൗഹൃദം പങ്കിടാനും അതു പുതുക്കാനും പലവട്ടം അവസരമുണ്ടായിട്ടുണ്ട്. അവരിൽനിന്നെല്ലാം ഡോ. പി. കെ. വാരിയരുടെ വിവിധമുഖങ്ങൾ പരിചയപ്പെടാനുമായിട്ടുണ്ട്. കേട്ടുമാത്രം അറിഞ്ഞിരുന്ന ഈ മഹാനുഭാവനെ മൂന്നോ നാലോ പ്രാവശ്യം നേരിട്ടുകാണാൻ അവസരമുണ്ടായി. രാവിലെ ശുഭ്രവസ്ത്രധാരിയായി സമയനിഷ്ഠയോടെ തന്റെ മുറിയിലേയ്ക്കുള്ള കടന്നുവരവ് ഒരു കാഴ്ച തന്നെയാണ്. ആരും ആദരത്തോടെ എഴുന്നേറ്റുനിന്നുപോവും. നാരായണൻ നമ്പിയുമായുള്ള ബന്ധം പറഞ്ഞ് അദ്ദേഹവുമായി രണ്ടുവാക്ക് സംസാരിക്കാനും കഴിഞ്ഞിട്ടുണ്ട്. അതെല്ലാം എന്നും ഓർമ്മയിൽ സൂക്ഷിയ്ക്കാനുള്ള മുഹൂർത്തങ്ങളാണ്.

ഡോ. പി. കെ. വാരിയർ ഓർമയായിരിക്കുന്നു. ഈ ഒരു നൂറ്റാണ്ടിനുള്ളിൽ ആരോഗ്യരംഗത്ത് അദ്ദേഹം മുൻനടത്തിയ സംരംഭങ്ങളും വെട്ടിത്തുറന്ന നേർവഴികളും സ്മരിയ്ക്കപ്പെടാതെ പോവില്ല.. അക്ഷരം കൊണ്ടു തീർക്കുന്ന ഈ അഞ്ജലിയിൽ ഞാനും ചേരുന്നു.. ഡോ. പി. കെ. വാരിയർ നീർത്തിയ കുടയ്ക്കുള്ളിൽ വെയിലും മഞ്ഞും മഴയുമേൽക്കുന്ന നൂറുകണക്കിന് അശരണർക്ക് ഇനിയുമിനിയും അഭയം കിട്ടുമാറാകട്ടെ!

മാതൃഭൂമി പ്രസിദ്ധീകരിച്ച എന്നും സ്നേഹത്തോടെ പികെ.വാരിയർ വാങ്ങാം