ഡോ. കെ മുരളീധരൻ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച വൈദ്യത്തിന്റെ ഭൂമിയും ആകാശവും എന്ന പുസ്തകത്തിൽ നിന്നും ഡോ.പി.കെ വാരിയരെക്കുറിച്ചുള്ള ഓർമകളുടെ ഒരു ഭാഗം വായിക്കാം.

പൂർണതയിൽ അപൂർണതയും അപൂർണതയിൽ പൂർണതയും കാണുന്നവർ മനീഷികൾ. അവർ അവശേഷിപ്പിക്കുന്നത് ചരിത്രമല്ല, ഇതിഹാസമാണ്. ഇതിഹാസങ്ങൾക്കു മാറ്റമില്ല; മരണവും.
കാർത്തികനക്ഷത്രപ്രഭയിൽ നിരന്തരമായ അധ്വാനത്തിനിടയിലെ ചെറിയ ഇടവേള മാത്രമാകണം വിശ്രമം എന്നു ദൃഢമായി കരുതുന്ന ഗുരുനാഥൻ കൈലാസമന്ദിരത്തിന്റെ പത്തായപ്പുരയിൽ ഇപ്പോൾ തിരക്കുകളിൽനിന്ന് അല്പം മാറിനില്ക്കുകയാണ്. ശാരീരികവിശ്രമം എന്നു മാത്രമേ അതിനർഥം കല്പിക്കാൻ കഴിയുന്നുള്ളൂ. കാരണം, ധൈഷണികമായി അദ്ദേഹം സദാ ജാഗരൂകനാകുന്നു. അവശതയില്ലാത്ത ആവേശം അദ്ദേഹത്തിന്റെ വാക്കുകളിലും കണ്ണുകളിലും നിറഞ്ഞുനില്ക്കുന്നു.

ലോകം മുഴുവൻ ശത്രുപാളയത്തിലെപ്പോലെ പേടിച്ചരണ്ടു കഴിയുന്നതിനോട് യോജിച്ചു പോകാനാകാത്ത ഒരു മനസ്സാണ് അദ്ദേഹത്തിന്റെത്.
'രോഗത്തിനെതിരേ പൊരുതണം. അതിനുള്ള ആയോധനമുറകളും യുദ്ധക്കോപ്പുകളും കണ്ടെത്തണം. ഭയം ഒന്നിനും പരിഹാരമല്ല. ഭയം വിഷാദത്തിലേക്കും അകർമണ്യത്തിലേക്കും നയിക്കും. പരാജയത്തിന്റെ ചരിത്രങ്ങളെക്കാൾ വിജയഗാഥകളാണ് മനുഷ്യകുലത്തിനുള്ളത്.'
നിറഞ്ഞ ശുഭാപ്തിവിശ്വാസത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. ഏതാനും ദിവസങ്ങൾക്കു മുൻപ് ഡോ. മാധവൻകുട്ടിവാരിയരോടൊപ്പം ഗുരുനാഥനെ കാണാൻ പോയതായിരുന്നു സന്ദർഭം.
കോവിഡ്-19 ഒരു മഹാമാരിയായി സംഭ്രമം വിതച്ചുകൊണ്ട് പെയ്തിറങ്ങാൻ തുടങ്ങിയിരുന്ന സമയമായിരുന്നു അത്. അദ്ദേഹത്തിന്റെ വാക്കുകളിലെ വെളിച്ചം ഞങ്ങളിലെ വിഷാദത്തെ അകറ്റുവാൻ പ്രാപ്തമായിരുന്നു.

കഴിഞ്ഞ ദിവസം അദ്ദേഹം വിളിപ്പിച്ചു.
മുറിയിൽ ചെന്നപ്പോൾ സംഗീതം ശ്രദ്ധിച്ച് കണ്ണടച്ചിരിക്കുകയായിരുന്നു. കാൽപ്പെരുമാറ്റം കേട്ടിട്ടാകാം, പതുക്കെ കണ്ണുകൾ തുറന്നു. മുഖത്ത് പതിവുപോലെ പ്രകാശമുള്ള ചിരി. പെട്ടെന്നാണ് പറഞ്ഞുതുടങ്ങിയത്:
'അതേയ്, ഞാൻ ആലോചിക്കുകയായിരുന്നു. ഈ പാട്ടുകാരൊക്കെ അത്യധ്വാനം ചെയ്ത് പാടിക്കൊണ്ടിരിക്കുകയാണ്. അവരുടെ അധ്വാനം നമുക്ക് ആനന്ദം പകരുന്നു. ശബ്ദത്തിന്റെ അതിയോഗമല്ലേ അത്? കുറച്ചുകഴിഞ്ഞാൽ ഇവർക്കൊക്കെ വയ്യാണ്ടാവില്ലേ? അവരെ സഹായിക്കാൻ നമുക്ക് മരുന്നു കൊടുക്കാറാകണം. മുടി വളരാനും കണ്ണ് തെളിയാനും മരുന്നുകൾ ഉള്ളതുപോലെ സ്വരസംരക്ഷണത്തിനും മരുന്നു വേണം.'
ശരിയാണെന്ന മട്ടിൽ തലകുലുക്കിയപ്പോൾ ഒരു ചോദ്യം, 'എവിടെയാ മരുന്ന്?'
ഏതു വഴിക്കാണ് സംഭാഷണം പോകുന്നത് എന്നറിയാതെ ഒന്നു പരുങ്ങിനിന്നു.
'ദാ, അഷ്ടാംഗഹൃദയത്തിൽ ഇതിനു ചികിത്സ പറയുന്നുണ്ട്. ഞാനത് കുറിച്ചു വെച്ചിട്ടുണ്ട്.'
ആരോടൊക്കെയോ ഉള്ള വാത്സല്യം ആ വാക്കുകളിൽ തിളങ്ങി നിന്നിരുന്നു.
അഷ്ടാംഗഹൃദയപാരായണം ഒരു ഉപാസനപോലെ നടത്തുന്ന അദ്ദേഹത്തിന്റെ കണ്ണുകളും വിരലുകളും മനസ്സും തൊടാത്ത ഒരു വരിപോലും അഷ്ടാംഗഹൃദയത്തിലുണ്ടാവില്ല.
'മരുന്ന് വേഗം ഉണ്ടാക്കി പരീക്ഷിച്ചു നോക്കണം. വരാൻ പോകുന്നത് പാട്ടിന്റെ കാലമാണ്.'
ആര്യവൈദ്യശാലയിൽ ഔഷധം തയ്യാറാക്കാൻ ബന്ധപ്പെട്ടവർക്ക് നന്നേ കുറച്ചു ദിവസങ്ങളേ വേണ്ടിവന്നുള്ളൂ.

തയ്യാറാക്കിയ ഔഷധവുമായി അദ്ദേഹത്തിനടുത്തെത്തി. കുപ്പി തുറന്ന് മരുന്നിന്റെ നിറവും മണവും അദ്ദേഹം സൂക്ഷ്മമായി നോക്കിക്കൊണ്ടിരുന്നു.
'ഇത് നമ്മുടെയിടയിലെ പാട്ടുകാരും നാട്യസംഘത്തിൽ സംഗീതം പഠിക്കുന്നവരും ഉപയോഗിച്ചു തുടങ്ങട്ടെ. ഫലം അറിയാമല്ലോ.'
സ്നേഹപൂർവമുള്ള നിർദേശം ആദരപൂർവം ഏറ്റുവാങ്ങി.
ഒരു ഔഷധംകൂടി ജനിക്കുന്നു. സംഗീതോപാസകരോടുള്ള ആചാര്യന്റെ കാരുണ്യവും കരുതലും!
ഇങ്ങനെ എത്രയെത്ര മുഹൂർത്തങ്ങൾക്കു സാക്ഷിയായി? പുണ്യം, സുകൃതം!
ഇന്ന് ഇടവമാസത്തിലെ കാർത്തിക.
വൈദ്യകുലപതി തൊണ്ണൂറ്റിയൊൻപതു വർഷം പിന്നിടുന്ന ദിവസം. അപ്പോഴും അദ്ദേഹത്തിന് ഇരുവശവും യൗവനം വെൺചാമരം വീശി നില്ക്കുന്നു. ആ മഹാചൈതന്യത്തിനു മുന്നിൽ ഓരോ പുലരിയും പൂക്കളർപ്പിച്ചു പോകുന്നു.

കൈവിരൽത്തുമ്പിലെ നക്ഷത്രങ്ങൾ
ഒന്ന്
കോട്ടയ്ക്കൽ,
1997 ഒക്ടോബർ 22 ബുധനാഴ്ച.
ഡോ. പി.കെ. വാരിയർസാറിന്റെ സഹധർമിണിയുടെ ദേഹവിയോഗം.
ശോകാകുലമായ കൈലാസമന്ദിരപരിസരം.
ദുഃഖവാർത്തയറിഞ്ഞ് ദേശത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് വന്നുചേർന്നുകൊണ്ടിരിക്കുന്ന ആര്യവൈദ്യശാലയുടെ ബന്ധുമിത്രാദികൾ. സ്വയം അച്ചടക്കം പാലിക്കുന്ന ജനക്കൂട്ടം.
ഡോ. രാജഗോപാലൻസാർ കൈലാസമന്ദിരത്തിന്റെ കവാടത്തിൽ കാറിൽ വന്നിറങ്ങി. സാർ പുറത്തിറങ്ങുന്നതിനു മുൻപുതന്നെ വേഗത്തിൽ നടന്ന് അടുത്തെത്തി. അദ്ദേഹം പതിവുസന്ദർശനത്തിന് കോട്ടയ്ക്കലേക്ക് വരികയായിരുന്നു. അതിനിടയ്ക്കാണ് വിവരമറിഞ്ഞത്. പതിവില്ലാത്തവിധം രാജഗോപാലൻ സാറിന്റെ മുഖപേശികൾ വലിഞ്ഞുമുറുകിയിരിക്കുന്നു. മുഖത്തേക്ക് ഒന്ന് നോക്കുക മാത്രം ചെയ്തു.
'പി.കെ. വാരിയർ സർ...'
'പത്തായപ്പുരയുടെ മുകളിൽ ഇരിക്കുകയാണ്.'
രാജഗോപാലൻസാറിന് അകമ്പടിയായി കൂടെ നടന്നു. കൈകൾ രണ്ടും പിറകിൽ കെട്ടി ആർക്കും മുഖം കൊടുക്കാതെയുള്ള ആ നടത്തം ഇപ്പോഴും ഓർമയിലുണ്ട്.
വിശ്വംഭരക്ഷേത്രാങ്കണത്തിൽ തെക്കുപടിഞ്ഞാറു മാറി നില്ക്കുന്ന നീരട്ടിച്ചുവട്ടിലെത്തിയപ്പോൾ രാജഗോപാലൻസാർ നിന്നു. ശബ്ദം വളരെ താഴ്ത്തി പറഞ്ഞു:
'ഞാനിപ്പോൾ അദ്ദേഹത്തെ കാണുന്നില്ല... വേർപാടിന്റെ ഈ ദുഃഖം ആരുമായും പങ്കിടാനാകില്ല. ഞാനിത് നേരിട്ടനുഭവിച്ചതാണ്. ഞാനിവിടെ വന്ന വിവരം സൗകര്യംപോലെ അദ്ദേഹത്തെ ഒന്നു ധരിപ്പിച്ചാൽ മതി.'
പ്രതികരണത്തിന് കാത്തുനില്ക്കാതെ അദ്ദേഹം തിരിഞ്ഞു നടന്നു.
നേരേ കാറിലേക്ക്.
കാറിന്റെ വാതിൽ ജസ്റ്റിൻ തുറന്നുകൊടുത്തു.
അടച്ചിട്ട കണ്ണാടിച്ചില്ലിലൂടെ യാത്രപറയാൻ വേണ്ടി നോക്കിയപ്പോൾ കൈയിലിരുന്ന തൂവാലകൊണ്ട് അദ്ദേഹം കണ്ണീർക്കണങ്ങൾ ഒപ്പുകയായിരുന്നു.
ആരുമായും പങ്കുവെക്കാൻ കഴിയാത്ത രാജഗോപാലൻ സാറിന്റെ ഈ ചിത്രം ഇപ്പോൾ ഇവിടെ എഴുതുകയാണ്.

പി.കെ. വാരിയർ സാറിന് അദ്ദേഹം എന്നും ആദരണീയനായിരുന്നു.
അവരുടെ ഐക്യം സാക്ഷ്യപ്പെടുത്തുമ്പോൾ ഉള്ളിൽ ഉണരുന്നത് ഒരു വാഗ്ഭടവചനം.
'ഭക്ത്യാ കല്യാണ മിത്രാണി സേവേത...'
സ്നേഹവും ആദരവും ആരാധനയും സമർപ്പണവും സമന്വയിക്കുന്നിടത്ത് ഭക്തി ഹർഷബാഷ്പമായി തുളുമ്പുന്നു.

വൈദ്യത്തിന്റെ ഭൂമിയും ആകാശവും വാങ്ങാം

Content Highlights : Vydyathinte Bhoomiyum Akashavum Dr K Muraleedharan Writes about Dr PK Warrier published by Mathrubhumi Books