യുസ്സിന്റെ വേദമായ ആയുർവേദത്തിന് ഇന്ന് ലോകത്ത് ഒരു പര്യായമുണ്ടെങ്കിൽ അത് ഡോ. പി.കെ. വാരിയരാണ്. ലോകം മുഴുവൻ പ്രണമിക്കുന്ന വിശ്വപൗരനായ ആയുർവേദാചാര്യൻ.

ബ്രഹ്മാവാണ് ആയുർവേദം സൃഷ്ടിച്ചത് എന്നാണ് ഐതിഹ്യം. പിന്നീട് അശ്വിനീദേവകളിലൂടെ മനുഷ്യരിലെത്തി. ചരകൻ, സുശ്രുതൻ, വാഗ്ഭടൻ തുടങ്ങിയ വൈദ്യകുലാചാര്യന്മാരിലൂടെ തലമുറകൾ കൈമാറി, ആ സുദീർഘപാരമ്പര്യത്തിന്റെ ആധുനിക കുലഗുരുവായ ഡോ. പി.കെ. വാരിയരിലെത്തി എന്ന് ആയുർവേദ സംസ്കാരത്തെ സംഗ്രഹിച്ചുപറയാം.

‘ അനുക്രോശം’ എന്ന വികാരമാണ് ഒരു ചികിത്സകനുണ്ടാവേണ്ട പ്രധാന ഗുണവിശേഷം എന്ന് ആചാര്യന്മാർ നിരീക്ഷിച്ചിട്ടുണ്ട്. രോഗിയുമായി വൈദ്യൻ താദാത്മ്യം പ്രാപിക്കണം. അപ്പോൾ മരുന്നുകൾ കൂടാതെത്തന്നെ ചിലപ്പോൾ രോഗി സൗഖ്യംപ്രാപിക്കും. പി.കെ. വാരിയരിൽ പ്രകാശിക്കുന്ന പ്രധാനഗുണം അനുക്രോശമാണ്.

അത്രമേൽ കാരുണ്യപൂർണമാണ് ഈ വൈദ്യന്റെ പരിചരണം. സത്യദീക്ഷ, ധർമനിഷ്ഠ, ലാളിത്യം, മനുഷ്യസ്നേഹം, മതേതര സമഭാവന, നിരന്തരമായ പഠനം, നേതൃപാടവം തുടങ്ങി അനേകം വൈശിഷ്ട്യങ്ങളാണ് ഈ ഭിഷഗ്വരനെ സമാനതകളില്ലാത്ത അപൂർവ വൈദ്യനാക്കുന്നത്. ദർശനംകൊണ്ടും സ്പർശനംകൊണ്ടും മഹാരോഗസൗഖ്യം വരുത്താൻ കഴിവുള്ള ‘ കൈപ്പുണ്യം’ പി.കെ. വാരിയരുടെ സുകൃതങ്ങളിലൊന്നാണ്.

അഷ്ടാംഗഹൃദയവും ചരകസംഹിതയും ഉപനിഷത്തുകളും ബൈബിളും ഖുറാനും ഒരേപോലെ വായിച്ചുപഠിച്ചു വളർന്ന ദാർശനികാടിത്തറയാണ് മറ്റൊന്ന്. കൈലാസമന്ദിരത്തിന്റെ പ്രവേശനകവാടത്തിൽ ഒരേപോലെ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന ചന്ദ്രക്കലയും കുരിശും ഓങ്കാരവും പോലെ ഈ മഹാവൈദ്യന്റെ ഹൃദയവും മതാതീതമായ മാനവിക സമഭാവനയുടെ വിളനിലമായിരിക്കുന്നു.

(പുനഃപ്രസിദ്ധീകരണം)

 

Content highlight; Veteran ayurveda physician PK Warrier Passes away