ആയുര്‍വേദമടക്കം പാരമ്പര്യവൈദ്യശാസ്ത്ര ശാഖകളെല്ലാം അലോപ്പതിയുമായി മത്സരിച്ച് ആഗോള അംഗീകാരത്തിന് ശ്രമിക്കുന്ന കാലഘട്ടത്തില്‍ അലോപ്പതിയെ അംഗീകരിച്ച് ആയുര്‍വേദത്തെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന് വ്യക്തമായ പ്ലാനിംഗും അക്ഷീണമായ പ്രയത്‌നവും നടത്തികൊണ്ടിരുന്ന വ്യക്തിത്വമായിരുന്നു പി കെ വാരിയര്‍. 

ആയുര്‍വേദം നിലനില്‍ക്കണമെങ്കില്‍ ഒനഷധികളുടെ ലഭ്യത ആവശ്യമാണെന്ന് മനസ്സിലാക്കിക്കൊണ്ട് ഔഷധ സസ്യങ്ങള്‍ക്കായി ഒരു ഗവേഷണ കേന്ദ്രം തുടങ്ങണമെന്ന് കരുതുകയും 2003 ല്‍ കോട്ടക്കല്‍ ഔഷധസസ്യ ഗവേഷണ കേന്ദ്രം ആരംഭിക്കുകയും ചെയ്തു. അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റായ എപിജെ അബ്ദുള്‍ കലാം ഉദ്ഘാടനം നടത്തികൊണ്ട് പി കെ വാരിയരെ വിശേഷിപ്പിച്ചത് ഞങ്ങള്‍ ബഹിരാകാശത്ത് പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ വാരിയര്‍ ആയുര്‍വേദത്തില്‍ നടത്തുന്നു എന്നാണ്. 

ആര്യവൈദ്യശാല ഉണ്ടാക്കുന്ന മരുന്നുകളില്‍ ശരിയായി ഔഷധികള്‍ ഉപയോഗിക്കപ്പെടണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു. അതിനായി ഔഷധ സസ്യ കേന്ദ്രത്തില്‍ ഡ്രഗ്ഗ് സ്റ്റാന്‍ഡര്‍ഡെസേഷന്‍ ലാബും തുടങ്ങുകയുണ്ടായി. പല തവണ അദ്ദേഹം തിരക്കുകള്‍ മാറ്റി വച്ച് ഔഷധസസ്യ ഗവേഷണ കേന്ദ്രത്തില്‍ സന്ദര്‍ശിക്കുകയും ഞങ്ങള്‍ ശാസ്ത്രജ്ഞരോട് സംസാരിക്കുകയും ചെയ്യുമായിരുന്നു. അപ്പോഴെല്ലാം അദ്ദേഹം പറയുന്ന ഒരു കാര്യമുണ്ട്. 'ആയുര്‍വേദം രോഗം ഭേദമാക്കും, പക്ഷേ അലോപ്പതി മരുന്ന് പ്രവര്‍ത്തിക്കുന്നതുപ്പോലെ എങ്ങനെയെന്ന് ചോദിച്ചാല്‍ എഴുതി വച്ച ഗുരു കാരണവന്‍മാരുടെ കൃപ എന്നേ ഇപ്പോള്‍ പറയാന്‍ പറ്റൂ, അതു പോര, ഞാന്‍ നാളെ പോവും പക്ഷേ ഈ വേദം നിലനില്‍ക്കണം അതിന് നാം ഒരോരുത്തരും ശ്രമിക്കേണ്ടതുണ്ട്'.

ഗവേഷണത്തില്‍ താത്പര്യവും കര്‍ക്കശ്യവും അദ്ദേഹം എപ്പോഴും പുലര്‍ത്തിയിരുന്നു. ഡോ വല്യത്താന്‍, ഡോ എം എസ് സ്വാമിനാഥന്‍ തുടങ്ങി നിരവധി പ്രഗ്ദഭ ശാസ്ത്രജ്ഞരെ കോട്ടക്കലിലേക്ക് ഇടക്കിടെ ക്ഷണിക്കുകയും ആയുര്‍വേദത്തില്‍ നടത്തുന്ന ഗവേഷണത്തെ ലോകാംഗീകാരത്തിലേക്ക് എത്തിക്കുന്നതില്‍ ശ്രമിക്കുകയും അദ്ദേഹം ചെയ്തു. ഡോ വല്യത്താനുമായി ചേര്‍ന്ന് മണിപ്പാല്‍ അക്കാഡമിയുമായി സഹകരിച്ച് ആമലക്കി രസായനത്തില്‍ നടത്തിയ പഠനം രാജ്യാന്തര ശാസ്ത്ര പ്രസിദ്ധീകരണമായ 'പ്ലോസ്സ് വണില്‍' പ്രസിദ്ധീകരണമായതോടെ ആദ്യമായി ആയുര്‍വേദത്തിന്റെ ശാസ്ത്രീയത അലോപ്പതി അനുശാസിക്കുന്ന പ്രകാരം ലോക ഗവേഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു എന്നു പറയാം. ഒരു ആയുര്‍വേദ ഇന്‍ഡസ്ട്രി ഇത്തരത്തില്‍ ഒരു ചുവട് വച്ചത് ഗവേഷകര്‍ക്കിടയില്‍ വലിയ മതിപ്പിന് കാരണമാവുകയും നിരവധി രാജ്യാന്തര ഗവേഷണ എജന്‍സികള്‍ ഗവേഷണത്തിനായി ആര്യവൈദ്യശാലക്ക് പണം അനുവതിക്കുകയും ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

കാന്‍സര്‍ ചികിത്സയിലും നിരവധി ക്ലിനിക്കല്‍ ഗവേഷണങ്ങള്‍ ഡോ വാര്യരുടെ ശ്രമഫലമായി ആര്യ വൈദ്യശാല നടത്തി കൊണ്ടിരിക്കുന്നുണ്ട്. അലോപ്പതിയും ആയുര്‍വേദവും സമന്വയിപ്പിച്ചുള്ള ചികിത്സാരീതിയാണ് അദ്ദേഹം ഇതില്‍ അനുവര്‍ത്തിച്ചത്. കാന്‍സര്‍ ചികിത്സാരംഗത്തെ പല പ്രമുഖരും ഈ ചികിത്സാരീതിയെ രണ്ട് പതിറ്റാണ്ടിനിപ്പുറം അംഗീകരിക്കുന്നത് അദ്ദേഹത്തിന്റെ ക്രാന്തദര്‍ശനത്തിന്റെ അംഗീകാരം കൂടിയാണ്. ഇന്ന് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ അടക്കം നിരവധി ആശുപത്രികള്‍ ആര്യവൈദ്യശാലയുമായി ഈ മേഖലയില്‍ ബന്ധപ്പെട്ട് ചികിത്സാ വിധികള്‍ നിര്‍ണ്ണയിക്കുന്നുണ്ട്.

ഗവേഷണത്തിന് ആര്യവൈദ്യശാല കാട്ടുന്ന താത്പര്യവും സഹകരണവും ഇന്ത്യയിലെ പ്രധാന ഗവേഷണ കേന്ദ്രങ്ങളുമായെല്ലാം ആര്യവൈദ്യശാലക്ക് ഗവേഷണ മേഖലയില്‍ കൂട്ടു ഗവേഷണങ്ങള്‍ സാധ്യമാക്കിയതായി കാണാം. സി എസ് ഐ ആര്‍, നിസ്റ്റ്, ബ്രയിന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, മണിപ്പാല്‍ ഹയര്‍ എജ്യുക്കേഷന്‍ സെന്റര്‍, തുടങ്ങി കോവിഡ് ഗവേഷണത്തില്‍ സെന്റര്‍ ഫോര്‍ മോളിക്യുല്ലാര്‍ ബജോളജിയില്‍ അത് എത്തി നില്‍ക്കുന്നു. ആയുര്‍വേദത്തെ ലോകം അംഗീകരിക്കുന്ന ശാസ്ത്രീയത ഉള്‍ക്കൊള്ളുന്ന ചികിത്സാവിധിയാക്കി മാറ്റണമെന്ന് ഡോ പി കെ വാരിയര്‍ക്ക് നിര്‍ബന്ധവും അതിനുള്ള ശ്രമവും ഉണ്ടായിരുന്നു. അത് അതിന്റെ പാരമ്യത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് അദ്ദേഹം വിട വാങ്ങിയത് എങ്കിലും ലോക ശാസ്ത്ര ഭൂപടത്തില്‍ ആയുര്‍വേദത്തെ അടയാളപെടുത്തിയതിന് ഡോ പി കെ വാരിയര്‍ നല്‍കിയ തുടക്കവും സംഭാവനകളും എന്നും ഓര്‍മ്മിക്കപ്പെടും.

(കോട്ടക്കല്‍ ഔഷധ സസ്യ ഗവേഷണ കേന്ദ്രത്തിലെ മുന്‍ സീനിയര്‍ ശാസ്ത്രജ്ഞനാണ് ലേഖകന്‍)