ന്നുമിവിടെ പഴയതാകുന്നില്ല. പ്രതിസംസ്‌കരിക്കുമ്പോള്‍ പഴയത് പുതിയതാകുന്നു. 'പുരാണംശ്ച പുനര്‍നവം'- ചരകന്‍ ഭാവിതലമുറകള്‍ക്കുവേണ്ടി എഴുതിയ ഈ മഹാവാക്യമാണ് തന്റെ ജീവിതകഥയുടെ സങ്കല്പമായി പദ്മഭൂഷണ്‍ ഡോ. പി.കെ. വാരിയര്‍ സ്വീകരിച്ചത്.

താന്‍ ജീവിച്ച ഒരു നൂറ്റാണ്ടിനിടയില്‍ ഈ മാറ്റങ്ങള്‍ പ്രകൃതിനിയമം തന്നെയാണെന്ന് അദ്ദേഹം കണ്ടു. താനൊരു മഹാവൈദ്യനാണെന്നോ കരുണാമയനാണെന്നോ ഒരിക്കല്‍പ്പോലും എഴുതുകയോ പറയുകയോ ചെയ്തിട്ടില്ല. തന്റെ മുന്‍ഗാമികള്‍ വളര്‍ത്തിയ ഒരുതോട്ടത്തിന്റെ കാവല്‍ക്കാരന്‍മാത്രമായാണ് അദ്ദേഹം സ്വയംവിശേഷിപ്പിച്ചത്.

തോട്ടക്കാരന്റെ ധര്‍മം വായു, വെള്ളം, വെളിച്ചം എന്നിവ ചെടികള്‍ക്ക് നല്‍കലാണ്. അത് ചെടികളില്‍ പുഷ്പങ്ങള്‍ വിരിയിക്കും. കായ്കനികളും നല്‍കും. അതുകാണാന്‍ ധാരാളം ആളുകള്‍വരും. ആ കാഴ്ചയാണ് കാവല്‍ക്കാരന്റെ പ്രതിഫലം. ഇതാണ് ഡോ. പി.കെ. വാരിയര്‍ തന്നെക്കുറിച്ച് എഴുതിയതും പറഞ്ഞതും.

ആ ഉദ്യാനപാലകന്‍ തന്റെ കാലത്തെയും സൂക്ഷിച്ചുവെച്ചു. ഒരുപൂവോ, കായോ പറിച്ചെടുത്തില്ല. പക്ഷേ, ആ സൗരഭ്യം ഉള്‍ക്കൊണ്ടു. വരവ് കുറഞ്ഞപ്പോള്‍ ധര്‍മം വര്‍ധിപ്പിക്കണമെന്നുപറഞ്ഞ വലിയമ്മാവന്റെ വാക്കുകളിലാണ് സ്വധര്‍മം കണ്ടെത്തിയത്.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ സഹോദരസ്ഥാപനമായാണ് ഡോ. പി.കെ. വാരിയര്‍ 'മാതൃഭൂമി'യെ കണ്ടത്. തന്റെ ആത്മകഥയില്‍ത്തന്നെ അദ്ദേഹം ഇതു സൂചിപ്പിക്കുന്നു. മലബാറില്‍ ആദ്യംവന്നത് നെടുങ്ങാടി ബാങ്കാണ്. അത് മറ്റൊന്നില്‍ ലയിച്ചെങ്കിലും ആ ദ്രവ്യത്തിന്റെ മഹത്ത്വം അതേപടി നിലനിന്നു. രണ്ടാമത് തുടങ്ങിയത് ആര്യവൈദ്യശാല, പിന്നെയും 20 വര്‍ഷം കഴിഞ്ഞാണ് 'മാതൃഭൂമി' വെളിച്ചംകാണുന്നത്. ഈ മൂന്നുസ്ഥാപനങ്ങളും സാമൂഹികജീവിതത്തില്‍ കേരളത്തിന്റെ നവോത്ഥാനമുന്നേറ്റത്തെ സൂചിപ്പിച്ചു. മാതൃഭൂമി തുടങ്ങിയപ്പോള്‍ത്തന്നെ മൂന്ന് മാതൃഭൂമി പത്രങ്ങള്‍ വലിയമ്മാവന്‍ (വൈദ്യരത്‌നം പി.എസ്. വാരിയര്‍) ഉറപ്പുവരുത്തി. ഒരിക്കല്‍ സംഭാഷണത്തിനിടയില്‍ കോട്ടയ്ക്കലുള്ള മാതൃഭൂമി ഏജന്റ് ശങ്കരവാരിയരുടെ ഓഫീസ് തന്റെ ചെറുപ്പകാലത്ത് ഒരു താവളമായിരുന്നെന്നും ഓര്‍മിക്കുകയുണ്ടായി.

മാതൃഭൂമി കോട്ടയ്ക്കലില്‍ പുതിയ എഡിഷന്‍ ആരംഭിക്കാന്‍ ആലോചിക്കുമ്പോള്‍ ആദ്യംകണ്ടത് ഡോ. വാരിയരെ ആയിരുന്നു. എഡിഷന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഭദ്രദീപം കൊളുത്തിയതും അദ്ദേഹമായിരുന്നു. ഉദ്ഘാടനച്ചടങ്ങിന്റെ ക്ഷണക്കത്ത് നല്‍കാന്‍ ചെന്നപ്പോള്‍ അദ്ദേഹം 'മാതൃഭൂമി'യുമായുള്ള ഗാഢമായ ബന്ധത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തിരിച്ചുപോയി. അദ്ദേഹം പറഞ്ഞു. ''എന്റെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗം മൂന്ന് വ്യക്തികളുടെ കൂടെയായിരുന്നു. ഒന്ന് വലിയമ്മാവന്‍ (പി.എസ്. വാരിയര്‍) രണ്ടാമന്‍ കവി കുലഗുരു പി.വി. കൃഷ്ണവാരിയര്‍. മൂന്നാമത്തേത് എന്റെ സഹോദരന്‍ (ഡോ. മാധവ വാരിയര്‍) അവര്‍ മൂന്നുപേര്‍ക്കും മാതൃഭൂമിയുടെ സാരഥികളുമായി ഉറ്റബന്ധമായിരുന്നു. കെ.പി. കേശവമേനോന്‍, കെ. മാധവന്‍ നായര്‍, കെ. കേളപ്പന്‍, കെ.എ. ദാമോദരമേനോന്‍, കോഴിപ്പുറത്ത് മാധവമേനോന്‍, എ.വി. കുട്ടിമാളുഅമ്മ എന്നിവരുമായി അവര്‍ക്ക് ആത്മബന്ധമായിരുന്നു. പിന്നീട് ജ്യേഷ്ഠനുമായി ബന്ധമുള്ള അടുത്ത തലമുറ വന്നുചേര്‍ന്നു. കുട്ടികൃഷ്ണമാരാര്‍, പി. നാരായണന്‍ നായര്‍, എന്‍. കൃഷ്ണന്‍ നായര്‍ എന്നിവരൊക്കെ ആര്യവൈദ്യശാലയില്‍ എപ്പോഴും വന്നുചേരും. പിന്നീട് എം.പി. വീരേന്ദ്രകുമാറിന്റെയും എം.ടി. വാസുദേവന്‍ നായരുടെയും കാലമായി.

1962-ല്‍ ആര്യവൈദ്യശാലയില്‍ പണിമുടക്കുണ്ടായപ്പോള്‍ എന്‍. കൃഷ്ണന്‍നായരാണ് സഹായത്തിനെത്തിയത്.''

'മാതൃഭൂമി'യുടെ ആരെങ്കിലും ഒരാളില്ലാതെ ആര്യവൈദ്യശാലയുടെ ഒരുപിറന്നാളും ആഘോഷിച്ചിട്ടില്ല. വലിയമ്മാവന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍, ആഘോഷവേദിയിലേക്ക് മന്ത്രി വരാന്‍ വൈകിയപ്പോള്‍ അധ്യക്ഷനായ കെ.പി. കേശവമേനോന്‍ ശുണ്ഠിയെടുത്തകാര്യവും അദ്ദേഹം ഓര്‍മിച്ചു. വൈകിയതിന് മന്ത്രിയെ പത്രാധിപര്‍ ശകാരിക്കുകയും ചെയ്തത് ഡോ. വാരിയര്‍ ആത്മകഥയില്‍ അനുസ്മരിക്കുന്നുണ്ട്.

ഡോ. വാരിയരുടെ സമയം നിഷ്ഠയോടെ സംവിധാനംചെയ്തതാണ്. എങ്കിലും ചിലപ്പോഴൊക്കെ അതുതെറ്റും. ''വീരേന്ദ്രകുമാര്‍ ചികിത്സയ്ക്കായി എത്തുമ്പോള്‍ അതു തീര്‍ച്ചയായും തെറ്റും. നര്‍മംകൊണ്ടും നിരീക്ഷണങ്ങള്‍കൊണ്ടും സമയംപോകുന്നതറിയില്ല. രോഗിയാകട്ടെ, എന്നെ ജ്ഞാനസമ്പന്നനാക്കുകയും ചെയ്യും.''

2002-ലെ ഫുട്ബോള്‍ ലോകകപ്പ് കാണാനും ഈ നിഷ്ഠ തെറ്റിച്ചു. 'മാതൃഭൂമി'യില്‍ അദ്ദേഹത്തിന്റെ കളിനിരീക്ഷണംതന്നെ കൊടുത്തു. അതുപോലെ നാടകത്തില്‍ അഭിനയിക്കാനും സമയംകണ്ടെത്തി. സഹൃദയസംഘം വാര്‍ഷികത്തിന് എന്‍.പി. ചെല്ലപ്പന്‍ നായരുടെ 'ഭാവന' എന്ന നാടകം അവതരിപ്പിച്ചപ്പോള്‍ നായകന്‍ ഡോ. വാരിയരായിരുന്നു.

ഈ ലേഖകന്റെ ഓര്‍മയിലെ മനോഹരസന്ദര്‍ഭം, ആര്യവൈദ്യശാലയില്‍ ചികിത്സയ്ക്കായി എത്തിയ ഗസല്‍ ഇതിഹാസം മെഹ്ദി ഹസ്സനെ കാണാന്‍പോയപ്പോഴായിരുന്നു. ആ മുറിയിലിരിക്കെ അപ്രതീക്ഷിതമായി കടന്നുവന്ന ആ മഹാവൈദ്യന്‍ തന്റെ ഹൃദയംതുറന്നു. ''ജീവിതത്തിലെ ഏറ്റവുംവലിയ ഭാഗ്യം ഈകാലത്ത് ജീവിക്കാന്‍ കഴിഞ്ഞതാണ്. അതുകൊണ്ടാണ് എം.എസിനെയും (സുബ്ബലക്ഷ്മി) ശെമ്മാങ്കുടിയെയും ചെമ്പൈയും ഭീംസെന്‍ ജോഷിയെയും ലാല്‍ഗുഡിയെയും കേള്‍ക്കാന്‍കഴിഞ്ഞത്. പല്ലാവൂര്‍ അപ്പുമാരാരെയും തൃത്താലകേശവനെയും ആലിപ്പറമ്പ് ശിവരാമപ്പൊതുവാളെയും കോട്ടയ്ക്കല്‍ കുട്ടന്‍മാരാരെയും ഒരുപോലെ കേള്‍ക്കാന്‍ കഴിഞ്ഞു. പട്ടിക്കാംതൊടിയുടെയും വാഴേങ്കടയുടെയും വേഷങ്ങള്‍ കണ്ടു. വലിയഭാഗ്യമാണ്.''

തിരിച്ചുപോകുംമുമ്പ് വഴിതെറ്റി ഫുട്ബോളിലേക്ക്. ഗാരിഞ്ചയുടെയും പെലെയുടെയും കളി നേരിട്ടുകാണാന്‍ ആഗ്രഹിച്ചിരുന്നു. ഗാരിഞ്ച ഫുട്ബോളില്‍ പല എണ്ണങ്ങളും കാട്ടിയത് ഒരുകാലിന്റെ നീളക്കുറവുകൊണ്ടാണെന്ന് സൂചിപ്പിക്കാനും അദ്ദേഹം മറന്നില്ല!

ഏറ്റവുമൊടുവില്‍ 'മാതൃഭൂമി'യുടെ നവതി ആഘോഷത്തിന്റെ ഭാഗമായുള്ള നവതിപ്പതിപ്പില്‍ അദ്ദേഹം ഇങ്ങനെ എഴുതി. ''മാതൃഭൂമി ഇന്നിതാ തൊണ്ണൂറാം പിറന്നാള്‍ വിളക്കിന്റെ നാക്കിലയ്ക്കു മുന്നില്‍ ഇരിക്കുന്നു. കര്‍മനിരതമായ ഒരു ദീര്‍ഘജീവിതത്തിന്റെ ദീപ്തസ്മരണകളോടെ മാതൃഭൂമിക്ക് പിറന്നാള്‍ മംഗളം നേരുന്ന ഈ അവസരത്തില്‍ എത്രയെത്ര അപൂര്‍വരംഗങ്ങളാണ് എന്റെയുള്ളില്‍ ഓടിക്കയറുന്നത്. മാതൃഭൂമിയുടെ സ്ഥാപനകാലം മുതല്‍ക്കെ ആ സംരംഭവുമായി ആര്യവൈദ്യശാല ഈടുറ്റ സൗഹൃദത്തിലായിരുന്നു. അന്നേക്ക് വൈദ്യശാല ബാലാരിഷ്ടതകള്‍ ഏതാണ്ടൊഴിഞ്ഞ് യൗവനത്തിലേക്ക് കടന്നിരുന്നു. ആര്യവൈദ്യശാല എന്ന സ്ഥാപനത്തിന്റെ കാര്യത്തില്‍ മാതൃഭൂമി പുലര്‍ത്തിയിരുന്ന താത്പര്യം മറക്കുന്നതെങ്ങനെ? വലിയമ്മാവനും ജ്യേഷ്ഠനുമായുള്ള മാതൃഭൂമിയുടെ ബന്ധം അത്രമേല്‍ ദൃഢമായിരുന്നു''. ആ വാക്കുകളിലുണ്ട് യശസ്സ് ആഗ്രഹിക്കാത്ത മഹായശസ്വിയുടെ സ്‌നേഹവും കരുതലും