കാടുമൂടിക്കിടന്ന ഒരുദേശം ലോകത്തോളം ഉയര്‍ന്ന് മനുഷ്യകുലത്തിനുമുഴുവന്‍ വെളിച്ചംപകര്‍ന്ന കഥയാണ് കോട്ടയ്ക്കലിന്റെ ചരിത്രം. ആ വളര്‍ച്ചയ്ക്കും ഭ്രമണത്തിനും അച്ചുതണ്ടായത് രണ്ടുപേരാണ് -വൈദ്യശാലയുടെ സ്ഥാപകനായ വൈദ്യരത്‌നം പി.എസ്. വാര്യരും ഡോ. പി.കെ. വാര്യരും.

1902-ല്‍ ആര്യവൈദ്യശാല ആരംഭിക്കുമ്പോള്‍ അതിന് അടിത്തറയായത് ആയുര്‍വേദത്തിന്റെ ശാസ്ത്രീയതതന്നെ. ഈ ചികിത്സാശാസ്ത്രം പഠിപ്പിക്കാന്‍ ഒരു ആയുര്‍വേദപാഠശാലയും (ഇന്നത്തെ ആയുര്‍വേദകോളേജ്) പി.എസ്. വാര്യര്‍ ആരംഭിച്ചു.

ലക്ഷക്കണക്കിനാളുകള്‍ക്ക് മരുന്നും ചികിത്സയും സൗജന്യമായി നല്‍കുന്ന ധര്‍മാശുപത്രി, മലയാള നാടകവേദിക്ക് വലിയ സംഭാവനകള്‍ നല്‍കിയ പരമശിവവിലാസം നാടകക്കമ്പനി, കഥകളിയെ ലോകമെങ്ങുമെത്തിച്ച നാട്യസംഘം, എണ്ണംപറഞ്ഞ കലാകാരന്മാര്‍ അണിനിരക്കുന്ന വിശ്വംഭരക്ഷേത്രോത്സവം -ഇങ്ങനെ പലമുഖങ്ങളില്‍ പ്രകാശിക്കുന്ന മഹാപൈതൃകങ്ങള്‍ക്ക് വൈദ്യരത്‌നം തുടക്കമിട്ടു. തുടര്‍ച്ചയായ അറുപത്തിയേഴുവര്‍ഷം ഈപ്രസ്ഥാനത്തിന്റെ അമരക്കാരനായി ഇരുന്ന ഡോ. പി.കെ.വാര്യര്‍ ആ സംരംഭങ്ങളെയെല്ലാം ആകാശത്തോളം വളര്‍ത്തി.

പടര്‍ന്നുപന്തലിച്ച പുണ്യം

പി.കെ. വാര്യരുടെ കാലത്താണ് ആയുര്‍വേദത്തിനും ആര്യവൈദ്യശാലയ്ക്കും വലിയ വളര്‍ച്ചയും ആഗോളസ്വീകാര്യതയും ലഭിക്കുന്നത്. ആര്യവൈദ്യന്‍ എന്‍.വി. കൃഷ്ണന്‍കുട്ടിവാര്യര്‍ക്കൊപ്പം 1989-ല്‍ ഇറ്റലിയിലേക്കും 1996-ല്‍ റഷ്യയിലേക്കും ഡോ. പി.കെ. വാര്യര്‍ നടത്തിയ യാത്രകളാണ് ആയുര്‍വേദത്തെ ഇന്ത്യക്കുപുറത്തേക്ക് നയിച്ചതെന്നുപറയാം. മോസ്‌കോ ആയുര്‍വേദസെമിനാര്‍, ന്യൂയോര്‍ക്ക് ഭാരതീയവിദ്യാഭവന്‍ ആയുര്‍വേദസമ്മേളനം എന്നിവയടക്കമുള്ള അന്താരാഷ്ട്രസമ്മേളനങ്ങളില്‍ ആയുര്‍വേദത്തെ പ്രതിനിധാനംചെയ്ത് ഡോ. പി.കെ. വാര്യര്‍ പങ്കെടുത്തു.

വളര്‍ച്ചയുടെ ' പര്‍വം'

കോട്ടയ്ക്കലിന്റെ വളര്‍ച്ചയുടെ ചരിത്രമറിയാന്‍ പി.കെ. വാര്യരുടെ ആത്മകഥയായ ' സ്മൃതിപര്‍വം' വായിച്ചാല്‍മതി.

വാരിയരുടെ പൂര്‍വികര്‍ ഇങ്ങോട്ടുവന്നില്ലായിരുന്നുവെങ്കില്‍ കോട്ടയ്ക്കല്‍ എന്ന ആയുര്‍വേദനഗരം ഉണ്ടാകുമായിരുന്നില്ല. കോഴിക്കോട് നന്മണ്ടയിലെ പന്നിയമ്പിള്ളി കുടുംബം പടയോട്ടക്കാലത്ത് തിരുവിതാംകൂറില്‍ അഭയം തേടിപ്പോയിരുന്നു. പിന്നീട് അവര്‍ മടങ്ങിയപ്പോള്‍ ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ നിര്‍ദേശപ്രകാരം കോട്ടയ്ക്കലിലെ ക്ഷേത്രത്തില്‍ കഴകം സ്വീകരിച്ച് ജീവിതം തുടങ്ങി. 1800-ലാണ് പന്നിയമ്പിള്ളി കുടുംബം കോട്ടയ്ക്കലില്‍ സ്ഥിരതാമസമാക്കുന്നത്. ഒരുനൂറ്റാണ്ടുകഴിഞ്ഞു ആര്യവൈദ്യശാല തുടങ്ങുമ്പോള്‍.

ഇയ്യക്കാടായും ചങ്കുവെട്ടിക്കാടായും കാടുമൂടിക്കിടന്നിരുന്ന ഈ ദേശം ആര്യവൈദ്യശാലയെന്ന സ്ഥാപനത്തിനൊപ്പം വളര്‍ന്നു. കുറച്ചുപീടികകളും ചന്തയും മാത്രമുണ്ടായിരുന്ന കോട്ടയ്ക്കലില്‍ പതിയെപ്പതിയെ കെട്ടിടങ്ങള്‍ ഉയരാന്‍തുടങ്ങി. ചികിത്സയ്ക്കായി മറ്റുസംസ്ഥാനങ്ങളില്‍നിന്നും ലോകത്തിന്റെ വിവിധകോണുകളില്‍നിന്നും ഒട്ടേറെപ്പേര്‍ കോട്ടയ്ക്കലേക്ക് വരാന്‍തുടങ്ങി. അങ്ങനെ കോട്ടയ്ക്കല്‍ ആയുര്‍വേദനഗരിയായി. നാട്ടിന്‍പുറങ്ങളില്‍പ്പോയി മരുന്നുശേഖരിച്ച് ആര്യവൈദ്യശാലയ്ക്ക് എത്തിച്ചുനല്‍കുന്നവര്‍, ഫാക്ടറിയിലും ഓഫീസിലും പുതുതായി ജോലിക്കുചേരുന്നവര്‍ -അങ്ങനെ ആര്യവൈദ്യശാലയ്ക്കുചുറ്റും അതിനെ ആശ്രയിച്ചുകഴിയുന്ന ഒരു ജനസമൂഹവും രൂപപ്പെട്ടുതുടങ്ങി. ഇന്ന് രണ്ടായിരത്തി അഞ്ഞൂറുപേര്‍ക്ക് നേരിട്ടും പതിനായിരത്തില്‍പ്പരമാളുകള്‍ക്ക് അല്ലാതെയും തൊഴില്‍നല്‍കുന്ന സ്ഥാപനമാണ് ആര്യവൈദ്യശാല.  പദ്മശ്രീയും പദ്മഭൂഷണും നല്‍കി രാജ്യം ആദരിച്ച മഹാഭിഷഗ്വരന്‍. എണ്ണമറ്റ പ്രഗല്ഭര്‍ പി.കെ. വാര്യരുടെ ചികിത്സാപുണ്യം അനുഭവിച്ചറിഞ്ഞവരാണ്. മുന്‍രാഷ്ട്രപതി വി.വി. ഗിരി, ജയപ്രകാശ് നാരായണന്‍, ശ്രീലങ്കന്‍ പ്രസിഡന്റ് സിരിമാവോ ഭണ്ഡാരനായകെ,. ശെമ്മാങ്കുടി ശ്രീനിവാസഅയ്യര്‍, കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍... അങ്ങനെ എത്രയോ പ്രമുഖര്‍.

എല്ലാവര്‍ക്കുമായി തുറന്ന കവാടം

വൈദ്യരത്‌നത്തിന്റെ കാലത്തുതന്നെ ജാതിമതഭേദമില്ലാതെ എല്ലാവരെയും ചേര്‍ത്തുപിടിച്ചു ആര്യവൈദ്യശാല. പി.എസ്. വാര്യര്‍ അലോപ്പതി അഭ്യസിച്ചത് ഡോ. വര്‍ഗീസില്‍നിന്നായിരുന്നു. വിശ്വംഭരക്ഷേത്രം പണിതപ്പോള്‍ അവിടെ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചു. കൈലാസമന്ദിരത്തിന്റെ പ്രവേശനകവാടത്തില്‍ സര്‍വമതസമഭാവനയുടെ അടയാളമായി ക്രിസ്ത്യന്‍, ഹിന്ദു, മുസ്ലിം മതചിഹ്നങ്ങള്‍ കൊത്തി. മലബാര്‍ കലാപം കോട്ടയ്ക്കലിനെ കാര്യമായി ബാധിക്കാതിരുന്നത് പി.എസ്. വാര്യര്‍ക്ക് തദ്ദേശീയര്‍ക്കിടയിലുണ്ടായിരുന്ന സ്വാധീനംകൊണ്ടുകൂടിയായിരുന്നു.

1924-ല്‍ തുടങ്ങിയ ധര്‍മാശുപത്രിയില്‍ അന്നുമുതല്‍ ഇന്നുവരെ മരുന്നും ചികിത്സയും തേടിയെത്തുന്ന ലക്ഷക്കണക്കിനാളുകള്‍ക്ക് ' രോഗ' മെന്ന ഒറ്റമതമേയുള്ളൂ. ഡോ. പി.കെ.വാര്യരും എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന പാത പിന്തുടര്‍ന്നു. വളരെക്കാലം തന്റെ ഡ്രൈവറായിരുന്ന മൊയ്തീന്‍കുട്ടിയുമായി, നാട്ടിന്‍പുറങ്ങളില്‍നിന്ന് മരുന്നുപറിച്ച് കൊണ്ടുവന്ന് തരുന്ന പരി, കുഞ്ഞിമരയ്ക്കാര്‍ തുടങ്ങിയവരുമായി, പാണക്കാട് കുടുംബവുമായി ഒക്കെ വാര്യര്‍ സൂക്ഷിക്കുന്ന ഹൃദയബന്ധം അതിന്റെ അടയാളമായിരുന്നു.

സംസ്‌കാരത്തിന്റെ ' കോട്ട'

കോട്ടയുള്ള സ്ഥലമാണ് കോട്ടയ്ക്കല്‍. വെങ്കിട്ടത്തേവര്‍ ക്ഷേത്രപരിസരത്ത് വള്ളുവക്കോനാതിരിയുടെ കാലത്ത് പണിത വെങ്കിട്ടക്കോട്ടയാണ് ഈ പേരിനുനിദാനം.

വള്ളുവക്കോനാതിരിയുടെ അധീനതയിലായിരുന്ന കോട്ടയ്ക്കല്‍ പിന്നീട് കിഴക്കേ കോവിലകത്തിന്റെയും ടിപ്പുവിന്റെയും ഒടുവില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെയും ഭാഗമായി. സംസ്‌കാരത്തിന്റെയും സാഹിത്യത്തിന്റെയും മണ്ണായിരുന്നു ഇത്. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ച സംസ്‌കൃതപണ്ഡിത മനോരമത്തമ്പുരാട്ടി (17601828) സാമൂതിരി രാജവംശത്തിന്റെ താവഴിയില്‍പ്പെട്ട കോട്ടയ്ക്കല്‍ കിഴക്കേ കോവിലകത്തെ അംഗമായിരുന്നു. കോട്ടയ്ക്കല്‍ കോവിലകത്തെ ' ഭാരതമുറി' യില്‍ താമസിച്ചാണ് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, മഹാഭാരതത്തിന്റെ പരിഭാഷ നിര്‍വഹിച്ചത്.

പി.എസ്. വാര്യര്‍ പത്രാധിപരായി ഇറങ്ങിയ ' ധന്വന്തരി' യാണ് മലയാളത്തിലെ ആദ്യ വൈദ്യമാസിക. പി.വി. കൃഷ്ണവാരിയര്‍ പത്രാധിപരായ ' കവനകൗമുദി' ആദ്യ കവിതാമാസികയും. അക്കാലത്ത് ആറുപ്രസിദ്ധീകരണങ്ങള്‍ ഇവിടെനിന്നിറങ്ങിയിരുന്നു -ജ്യോതിശ്ശാസ്ത്രം, സാമ്പത്തികം തുടങ്ങിയ വിഷയങ്ങളിലുള്‍പ്പെടെ. വി.സി. ബാലകൃഷ്ണപ്പണിക്കര്‍, സ്വദേശാഭിമാനി രാമകൃഷപ്പിള്ള, കൈക്കുളങ്ങര രാമവാരിയര്‍, പുന്നശ്ശേരിനമ്പി നീലകണ്ഠശര്‍മ, വള്ളത്തോള്‍ തുടങ്ങിയ പ്രതിഭാധനന്മാര്‍ കോട്ടയ്ക്കലുമായി ബന്ധംപുലര്‍ത്തി. ഈ സാംസ്‌കാരികഭൂമികയാകണം ഡോ. പി.കെ. വാര്യരെ നല്ലൊരു സാഹിത്യ-കലാ ആസ്വാദകനും അഭിനേതാവും കലകളുടെ പ്രോത്സാഹകനുമാക്കിയത്.