നുഭവങ്ങളില്‍നിന്നുരുത്തിരിഞ്ഞതാണ് പി.കെ.വാരിയരുടെ സമീപനങ്ങള്‍. അതിലും വലിയൊരു സര്‍വകലാശാല വേറെയില്ല. ചെറുപ്പത്തില്‍ സ്വാതന്ത്ര്യപ്രസ്ഥാനവുമായി ബന്ധപ്പെടാനും സാധാരണക്കാരുടെ ജീവിതവുമായി അടുത്തിടപഴകാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. തൊഴിലാളികളുടെ ആത്മാര്‍ഥതയും നിഷ്‌കളങ്കതയും അദ്ദേഹത്തിന്റെ ഉള്ളില്‍ത്തട്ടി. തെറ്റുകാരനായി മുന്‍പില്‍വരുന്ന ഒരാളുടെ പ്രശ്നങ്ങള്‍ അവരിലൊരാളായി മാറിയിട്ടാണ് അദ്ദേഹം കേള്‍ക്കുന്നത്. താനാണ് അയാളുടെ സ്ഥാനത്തെങ്കില്‍ എന്തുചെയ്യുമായിരുന്നു എന്നാണ് അദ്ദേഹം ആലോചിക്കുക. ആ സാഹചര്യത്തില്‍ അയാള്‍ പ്രവര്‍ത്തിച്ചതുപോലെയാണ് താനും പ്രവര്‍ത്തിക്കുക എന്ന് ഉള്ളിലിരുന്നാരോ മന്ത്രിക്കും. അതോടെ മഞ്ഞുരുകും മനസ്സ് ആര്‍ദ്രമാകും. ആരിലുമുള്ള നന്മയെ കണ്ടെത്തി അതിനെ ഉണര്‍ത്തുകയാണ് തന്റെ ധര്‍മം.

പലനിലയിലുള്ള അനേകര്‍ അദ്ദേഹത്തെ കാണാന്‍ വരാറുണ്ട്. ചിലര്‍ വരുന്നത് വെറുതേ ഒന്നു കണ്ടു തൊഴുതുപോകാനാണ്, ചിലര്‍ക്ക് കാര്യങ്ങള്‍ സാധിക്കാനുണ്ടാകും. അനുവദിക്കാന്‍ കഴിയാത്തതാവും പലതും. എവിടെയുമുണ്ടല്ലോ നൂലാമാലകള്‍. എങ്കിലും മടങ്ങുമ്പോള്‍ ഏവരും സംതൃപ്തരായിരിക്കും, ഈ വലിയ മനസ്സിന് തന്നെപ്പറ്റി ഇത്രയും കരുതലുണ്ടല്ലോ എന്നോര്‍ത്ത്. കാരണവര്‍ എന്ന നിലയില്‍ കുടുംബാംഗങ്ങളെക്കുറിച്ചുമുണ്ട് ഈ കരുതല്‍. 2003-ല്‍ ലണ്ടനില്‍ നടന്ന ഗ്ലോബല്‍ മീറ്റില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. വലിയമ്മയുടെ പേരക്കുട്ടി ജാനകിയോപ്പോള്‍ ഗാന്ധിജിയുടെ ആശ്രമത്തില്‍നിന്ന് പോയശേഷം ലണ്ടനിലാണ് അവസാനകാലം കഴിച്ചുകൂട്ടിയത്. 1969-ല്‍ അവിടെവെച്ച് മരിച്ചു. അവരുടെ മക്കള്‍ ലണ്ടനിലുണ്ട് - ബ്രിട്ടീഷ് പൗരന്മാരായി, അവിടത്തുകാരെ വിവാഹം കഴിച്ച് കഴിയുകയാണവര്‍. അവരെ കണ്ടു. വൈദ്യശാലയുടെ ശതവര്‍ഷാഘോഷത്തില്‍ വളരെ അടുത്തവര്‍ക്ക് ഉപഹാരമായി വാച്ച് നല്‍കിയിരുന്നു. അത് അവരുടെ കൈയില്‍ വെച്ചുകൊടുത്ത് അദ്ദേഹം പറഞ്ഞു: ''ആര്യവൈദ്യശാല നിങ്ങളുടേതുകൂടിയാണ്''. മുത്തച്ഛന്റെ കൈപിടിച്ച് അവര്‍ തരിച്ചുനിന്നു. ഇതോര്‍മിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു!

അമ്മയായിരുന്നു അദ്ദേഹത്തിന്റെ ഏകദൗര്‍ബല്യം. കോളേജ് വിട്ട് സമരത്തിനിറങ്ങിയപ്പോള്‍ അമ്മ ഏറെ വേദനിച്ചു. എങ്കിലും ഒളിവില്‍ കഴിയാനുള്ളത് പലതും രഹസ്യമായി കൊടുത്തയച്ചിരുന്നു. തിരിച്ചുവന്നശേഷം ജീവിതകാലം മുഴുവന്‍ സ്നേഹംകൊണ്ടമ്മയെ വീര്‍പ്പുമുട്ടിച്ചു. സ്വന്തം മടിയില്‍ കിടന്നാണ് അമ്മ അവസാനശ്വാസം വലിച്ചത്. അര്‍ബുദമായിരുന്നു രോഗം. രോഗത്തെ കീഴടക്കാനുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ മുഴുവന്‍ ആ അമ്മയ്ക്കുള്ള ആത്മസമര്‍പ്പണങ്ങളാണ്.

കവിയും ആട്ടക്കഥാകൃത്തുമായ മാധവിക്കുട്ടി ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതപങ്കാളി. ഏതൊരു ഭാര്യയ്ക്കും അസൂയതോന്നുംമട്ടിലുള്ള കരുതലായിരുന്നു അദ്ദേഹത്തിന് അവരെപ്പറ്റി. അവരെഴുതുന്ന കവിതകള്‍ ആദ്യം അദ്ദേഹം വായിക്കണം, അതവര്‍ക്ക് നിര്‍ബന്ധമായിരുന്നു. പുതിയ കവിതകള്‍ കാണിക്കാനും ഉപദേശം തേടാനുമായി അവര്‍ക്ക് ബാലാമണിയമ്മയെ കാണണം, എന്‍.വി. കൃഷ്ണവാരിയരെ കാണണം. അവരൊന്നിച്ച് കോഴിക്കോട്ടേക്ക് പോകും. കാവ്യചര്‍ച്ചകള്‍ കഴിയുംവരെ അദ്ദേഹം കാത്തിരിക്കും. ഒറ്റ ആഗ്രഹമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. ഭര്‍ത്താവിരിക്കേ മരിക്കണം, അദ്ദേഹത്തെ കൂടാതെയുള്ള ജീവിതം അവര്‍ക്ക് അചിന്ത്യമായിരുന്നു. അങ്ങനെത്തന്നെ സംഭവിച്ചു, 1997-ല്‍ അവര്‍ വിട്ടുപോയി, ഭര്‍ത്താവിനെ തനിച്ചാക്കിയിട്ട്. ആ മരണം അദ്ദേഹത്തെ വല്ലാതെ ഉലച്ചു. പിന്നീട്, അവരുടെ രചനകള്‍ ശേഖരിക്കുന്നതിലും അവ റെക്കോഡ് ചെയ്ത് സൂക്ഷിക്കുന്നതിലും ആയി അദ്ദേഹത്തിന്റെ ശ്രദ്ധ. ''ഇതൊക്കെയല്ലേ ഇനി നമുക്കവര്‍ക്കുവേണ്ടി ചെയ്യാന്‍ കഴിയൂ''- അദ്ദേഹം പറയും. കുമാരസംഭവത്തിന്റെ ദ്രാവിഡവൃത്തത്തിലുള്ള പരിഭാഷയും കവിതകളും സ്തോത്രങ്ങളും ആട്ടക്കഥകളും ഒക്കെ സുരക്ഷിതമാക്കിയശേഷം അതിനുവേണ്ടി പ്രവര്‍ത്തിച്ച കലാകാരന്മാരെ ഓണപ്പുടവ നല്‍കി ആദരിക്കുമ്പോള്‍ ആ കണ്ണുകളിലുണ്ടായ തിളക്കം കാണേണ്ടതുതന്നെയായിരുന്നു!

ആത്മവത് സതതം പശ്യേത്' എന്ന് വിശ്വസിക്കുന്ന വലിയമനുഷ്യന്‍!

അദ്ദേഹത്തോടടുത്തുപെരുമാറുമ്പോള്‍ പലപ്പോഴും തോന്നിയിട്ടുണ്ട്