യുര്‍വേദത്തിന്റെ കാഴ്ചപ്പാടില്‍ വൈദ്യന്മാര്‍ രണ്ടുതരമുണ്ട്- പ്രാണാഭിസരരും രോഗാഭിസരരും. ശാസ്ത്രജ്ഞാനവും പ്രയോഗപരിചയവും അനുകമ്പാപൂര്‍വം പ്രയോജനപ്പെടുത്തി രോഗികള്‍ക്ക് പ്രാണരക്ഷയരുളുന്നവര്‍ പ്രാണാഭിസരര്‍. രോഗികളെ എങ്ങനെയും വലയിലാക്കി അവരുടെ പണവും പ്രാണനും കവരുന്നവര്‍ രോഗാഭിസരര്‍.

വേദനിക്കുന്നവരോടുള്ള അനുകമ്പ വൈദ്യനെ സംബന്ധിച്ച് വളരെ പ്രധാനമാണ്. 'സാനുക്രോശതയാ' എന്ന് ചരകം പറയുന്നു. അനുക്രോശമെന്നാല്‍ അനുകമ്പയാണ്. രോഗികളോട് അനുകമ്പയോടെ പെരുമാറിയ നല്ല വൈദ്യനായിരുന്നു പി.എസ്. വാരിയര്‍. അനുകമ്പയുടെ അതേവഴിയില്‍ത്തന്നെ സഞ്ചരിച്ചു പി.കെ. വാരിയരും.

ഒരു മുഖാമുഖത്തില്‍ അദ്ദേഹം പറഞ്ഞു:

''വൈദ്യവൃത്തിക്ക് മൂല്യച്യുതിവന്നിട്ടുണ്ട്. രോഗംമാറ്റുക എന്നതാണ് വൈദ്യന്റെ കടമ. ധനമല്ല ലക്ഷ്യം. ജീവിതവീക്ഷണത്തില്‍വന്ന മാറ്റമാവാം ഈ മൂല്യച്യുതിക്കുകാരണം''

ആരോഗ്യരംഗം വെറും കച്ചവടമായ ഇക്കാലത്ത് ചികിത്സാര്‍ഥികളെ നിസ്വാര്‍ഥമായി സേവിക്കുന്ന ഡോ. പി.കെ. വാരിയര്‍ പ്രാണാഭിസരരായ വൈദ്യശ്രേഷ്ഠന്മാരില്‍ പ്രമുഖനത്രെ. പി.കെ. വാരിയര്‍ ഇങ്ങനെ രൂപപ്പെട്ടതിന് ഒരു ചരിത്രപശ്ചാത്തലമുണ്ട്. ദേശീയപ്രസ്ഥാനം, നവോത്ഥാനം, സാമൂഹ്യപരിവര്‍ത്തനം, സാംസ്‌കാരികോന്മേഷം എന്നീ മഹാപ്രസ്ഥാനങ്ങളുടെ കാലമായിരുന്നല്ലോ ഇരുപതാംനൂറ്റാണ്ടിന്റെ മധ്യദശകങ്ങള്‍. ദേശീയവും പ്രാദേശികവുമായ സമസ്തമേഖലകളിലും ഇക്കാലത്തുണ്ടായ ഉണര്‍വിന്റെ കാറ്റുംവെളിച്ചവുമേറ്റാണ് പി.കെ. വാരിയരും വളര്‍ന്നത്. സ്വാതന്ത്ര്യസമരത്തിന്റെയും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയാശയങ്ങളുടെയും സ്വാധീനശക്തിയോടെ കര്‍മരംഗത്ത് സക്രിയമായി മുഴുകിയതുകാരണം ഉണ്ടായ ജീവിതപരിചയവും സ്വപ്രത്യയസ്ഥൈര്യവും പി.കെ. വാരിയര്‍ക്ക് ഗുണംചെയ്തു. ഒപ്പം ആര്യവൈദ്യശാലയുടെ ഉദ്യോഗസ്ഥാനങ്ങളിലിരുന്ന് പ്രവര്‍ത്തിച്ചതിന്റെ ദക്ഷതയും കൈമുതലായി. യുഗപ്രഭാവനും ബഹുമുഖപ്രതിഭയും കിടയറ്റ മനുഷ്യസ്‌നേഹിയുമായ പി.എസ്. വാരിയരുടെ കര്‍മശേഷിയും ദാര്‍ശനികവീക്ഷണവും മഹാമാതൃകയായി മുന്നിലുണ്ട്.

വിപദിധൈര്യവും പ്രത്യുത്പന്നമതിത്വവും ആവശ്യപ്പെടുന്ന ഒരു ഉത്തരവാദിത്വമാണ് ആറുപതിറ്റാണ്ടുകാലം പി.കെ. വാരിയര്‍ വഹിച്ചത്. രാജ്യത്തെ മുഖ്യനഗരങ്ങളില്‍ ശാഖകളും നാട്ടിലും പുറത്തും വിതരണകേന്ദ്രങ്ങളും ആധുനികസംവിധാനങ്ങളുള്ള ആതുരാലയങ്ങളുമെല്ലാം ചേര്‍ന്ന വലിയൊരു സ്ഥാപനമാണിന്ന് ആര്യവൈദ്യശാല. ആധുനികകേരളത്തിന്റെ നവോത്ഥാനസംരംഭങ്ങളിലും ആശയരൂപവത്കരണശ്രമങ്ങളിലും പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ച ഈ മഹാസ്ഥാപനത്തെ ഉത്തരോത്തരം അഭിവൃദ്ധിയിലേക്ക് നയിച്ചതില്‍ കര്‍മയോഗിയായ പി.കെ. വാരിയരുടെ പങ്കാളിത്തവും ദീര്‍ഘവീക്ഷണവുമുണ്ടെന്നത് മറക്കാനാവില്ല.