കോട്ടയ്ക്കല്‍: ആയുര്‍വേദത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച മഹാവൈദ്യനും കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി.കെ വാരിയര്‍(100) അന്തരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് വസതിയായ കൈലാസ മന്ദിരത്തില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. ജൂണ്‍ എട്ടിനായിരുന്നു അദ്ദേഹം നൂറാം പിറന്നാള്‍ ആഘോഷിച്ചത്‌.

1999 ല്‍ പത്മശ്രീയും 2011 ല്‍ പത്മഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ആയുര്‍വേദം ഒരു ചികിത്സാരീതി മാത്രമല്ല. അതില്‍ ജീവിതത്തിന്റെ പ്രകാശമുണ്ടെന്ന് വിശ്വസിച്ച കര്‍മനിരതനായ വ്യക്തിയായിരുന്നു അദ്ദേഹം. വൈദ്യത്തിന് മാനവികതയുടെ മുഖം നല്‍കുകയും കേരളത്തിന്റെ ചികിത്സാപെരുമ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുകയും ചെയ്തു പി.കെ വാരിയര്‍ എന്ന വിശ്വപൗരന്‍.

ആയുരാരോഗ്യവുമായി 100 വര്‍ഷം; വിട പറഞ്ഞ അപൂര്‍വ വൈദ്യന്റെ ഒരു ദിവസം Read More 

മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ എന്ന ഗ്രാമത്തില്‍ ഒരു ഇടത്തരം കുടുംബത്തില്‍ 1921 ജൂണ്‍ 5 നാണ് പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാരിയര്‍ ജനിക്കുന്നത്. ശ്രീധരന്‍ നമ്പൂതിരിയുടെയും പന്ന്യംപള്ളി കുഞ്ഞിവാരസ്യാരുടെയും മകനായിട്ടായിരുന്നു ജനനം.. കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ ആണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. വൈദ്യപഠനം പൂര്‍ത്തിയാക്കിയത് വൈദ്യരത്‌നം പി.എസ് വാരിയര്‍ ആയുര്‍വേദ കോളേജിലായിരുന്നു. ആര്യ വൈദ്യപാഠശാലയായാണ് ഈ സ്ഥാപനം അറിയപ്പെട്ടത്. 1942 ല്‍ അദ്ദേഹം സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനാകുകയും അതിന്റെ ഭാഗമമാകുകയും ചെയ്തു. അദ്ദേഹത്തിന്റെ ആത്മകഥയായ 'സ്മൃതിപര്‍വം' കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മാനിച്ച് വൈദ്യരത്‌നം എന്ന സ്ഥാനം നല്‍കി ആദരിച്ചു.

പി.കെ. വാരിയരെ കണ്ടാല്‍ത്തന്നെ രോഗം മാറും എന്നാണ് ചൊല്ല് Read More 

ആര്യവൈദ്യശാലയില്‍ ഇന്നത്തെ രീതിയിലുള്ള പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് മാധവ വാരിയര്‍ ആയിരുന്നു. അര ദശാബ്ദക്കാലത്തിലേറെയായി ആര്യവൈദ്യശാലയുടെ നെടുംതൂണാണ് ഡോ.പി.കെ വാരിയര്‍. ലോകോത്തര നിലവാരത്തിലേക്ക് ഈ സ്ഥാപനത്തെ ഉയര്‍ത്തിയ അദ്ദേഹം കഴിവുറ്റ ഭരണ സാരഥിയും അമ്മാവനെപ്പോലെ തന്നെ നിപുണനായ വൈദ്യനുമാണ്.

വല്യമ്മാവന്റെ പൊരുളായി കുട്ടിമ്മാന്‍ Read More 

നിരവധി വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതില്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ചികിത്സാരീതികള്‍ക്ക് വ്യക്തമായ പങ്കുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്ക, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ നിന്നും ഗവേഷണം, ചികിത്സ, പഠനം എന്നീ ആവശ്യങ്ങള്‍ക്കായി പലരും ഇവിടെയെത്തിച്ചേര്‍ന്നു.

വാരിയറുടെ പേരില്‍ ഒരു ഔഷധ സസ്യം

ആയുര്‍വേദത്തിലെ ഭാരതീയ ചികിത്സാ സമ്പ്രദായത്തിന് പി.കെ വാര്യര്‍ നല്‍കിയ സംഭാവനകള്‍ മാനിച്ചും ആറ് ദശാബ്ദക്കാലത്തെ നിസ്തുല സേവനം മുന്‍നിര്‍ത്തിയും കണ്ണൂര്‍ ജില്ലയിലെ ആറളം വനപ്രദേശത്തു കണ്ടെത്തിയ പുതിയ ഇനം സസ്യത്തിന് പി.കെ വാര്യരുടെ പേര് നല്‍കിയി. ജിംനോസ്റ്റാക്കിയം വാരിയരാനം എന്നാണ് ഈ സസ്യത്തിന്റെ പേര്. 70 സെ.മീ നീളത്തില്‍ വളരുന്ന ഈ സസ്യം നവംബറിനും മാര്‍ച്ച് മാസത്തിനും ഇടയിലാണ് പുഷ്പിക്കുന്നത്.

വൈദ്യശാല എന്ന രംഗവേദി Read More 

പര്‍പ്പിള്‍ നിറത്തിലുള്ള പുഷ്പങ്ങളാണ് ഉണ്ടാകുന്നത്. വംശനാശം നേരിടുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ഈ ചെടി കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ഔഷധ സസ്യ ഉദ്യാനത്തില്‍ പരിപാലിക്കുന്നു. സസ്യകുടുംബമായ അക്കാന്തേസിയയിലെ ജിംനോസ്റ്റാക്കിയം ജനുസ്സില്‍പ്പെട്ടതാണ് ഇത്. ഇന്ത്യയില്‍ ഈ ഇനത്തില്‍പ്പെട്ട 14 സസ്യങ്ങള്‍ കാണുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ വെറും ഏഴെണ്ണം മാത്രമാണുള്ളത്

പുരസ്‌കാരങ്ങള്‍, അംഗീകാരങ്ങള്‍

114 വര്‍ഷങ്ങള്‍ക്കു മുമ്പ് വൈദ്യരത്‌നം പി.എസ് വാരിയര്‍ സ്ഥാപിച്ച കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ഉയര്‍ത്തിപ്പിടിച്ചത് മലപ്പുറം ജില്ലയുടെ പേരും പെരുമയുമാണ്. കോട്ടയ്ക്കല്‍ എന്ന ഗ്രാമത്തിന്റെ പ്രശസ്തി കടല്‍ കടന്നപ്പോള്‍ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും സ്ഥാപനത്തിന്റെ നെടുംതൂണായ പി.കെ വാര്യരെ തേടിയെത്തി.

1. 1997 ല്‍ ഓള്‍ ഇന്ത്യ ആയുര്‍വേദിക് കോണ്‍ഫറന്‍സ് 'ആയുര്‍വേദ മഹര്‍ഷി' എന്ന സ്ഥാനം നല്‍കി ആദരിച്ചു
2. 1999 ഇന്ത്യ ഗവണ്‍മെന്റ് 'പദ്മശ്രീ' നല്‍കി ആദരിച്ചു
3. വിജയവാഡയിലെ 'അക്കാദമി ഓഫ് ആയുര്‍വേദ' അദ്ദേഹത്തിന് 'മില്ലേനിയം ഗോള്‍ഡ് മെഡല്‍ ' നല്‍കി ആദരിച്ചു
4. മഹാരാഷ്ട്ര ഗവര്‍ണ്ണറായിരുന്ന പി.സി. അലക്സാണ്ടറില്‍ നിന്നും മുപ്പതാമത് ധന്വന്തരി അവാര്‍ഡ് 2001 ല്‍ ലഭിച്ചു
5. ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ് ലഭിച്ചു
6. ആയുര്‍വേദ ഡോക്ടര്‍മാരുടെ അക്കാദമി ഏര്‍പ്പെടുത്തിയ 'ആദി സമ്മാന്‍ പുരസ്‌കാര്‍' 2001 ല്‍ ലഭിച്ചു
7. മാനേജ്മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് നല്‍കി കേരള മാനേജ്മെന്റ് അസോസിയേഷന്‍ 2002 ല്‍ അദ്ദേഹത്തെ ആദരിച്ചു
8. 2003ല്‍ പി.എസ് ജോണ്‍ മെമ്മോറിയല്‍ അവാര്‍ഡ് ലഭിച്ചു
9. ആയുര്‍വേദിക് മെഡിസിന്‍ മാനുഫാക്ച്വറേഴ്സ് ഓര്‍ഗനൈസേഷന്‍ 2003ല്‍ 'പതഞ്ജലി പുരസ്‌കാരം' നല്‍കി ആദരിച്ചു
10. 2004ല്‍ സി.അച്യുതമേനോന്‍ അവാര്‍ഡ് ലഭിച്ചു
11. 2010ല്‍ പദ്മഭൂഷന്‍ നല്‍കി ആദരിച്ചു
12. കാലിക്കറ്റ് സര്‍വ്വകലാശാല 1999 -ല്‍ ബഹുമാനസൂചകമായി ഡി. ലിറ്റ് നല്‍കി
13. 2009 ല്‍ അഷ്ടാംഗരത്ന അവാര്‍ഡ് ലഭിച്ചു