തൊണ്ണൂറുകളുടെ ആദ്യപാദത്തിലാണ്, അച്ഛന് കഠിനമായ പുറംവേദന വന്നു. നില്‍ക്കാനും നടക്കാനും പറ്റാത്ത സ്ഥിതി. കോട്ടയ്ക്കലില്‍ അഡ്മിറ്റായി. 55 ദിവസംനീണ്ട ചികിത്സ. പി.കെ. വാരിയരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു എല്ലാം. ആശുപത്രിവാസംകഴിഞ്ഞ് വന്ന അച്ഛന്‍ എന്നത്തെക്കാളും പ്രസന്നനും ഉത്സാഹിയും ആരോഗ്യവാനുമായിരുന്നു. പിന്നെ കൊല്ലംതോറും അതൊരു പതിവായി. വര്‍ഷങ്ങളോളം ആരോഗ്യവാനായി തുടരാന്‍ ആ ചികിത്സ അച്ഛനെ സഹായിച്ചു.

'അപൂര്‍വ വൈദ്യായ നമോസ്തു തസ്മൈ' എന്ന വന്ദനശ്ലോകം എല്ലാ വൈദ്യന്മാരും അര്‍ഹിക്കുന്നില്ല. പി.കെ. വാരിയരെപ്പോലെ മഹത്തുക്കളും മനീഷികളുമായ മഹാഭിഷഗ്വരന്മാര്‍ക്കുമാത്രം നല്‍കേണ്ട ആദരപൂര്‍ണമായ പൂജയാണത്. വാരിയരെക്കുറിച്ച് പറയുമ്പോഴൊക്കെ, ആ ആശയമാണ് അച്ഛന്‍ ആവര്‍ത്തിച്ചിരുന്നത്. 2011-ല്‍, അദ്ദേഹത്തിന്റെ നവതിവേളയില്‍ സംസാരിക്കവേ, 'പുതിയ നൂറ്റാണ്ടിലെ ആശ്ചര്യമാണ് പി.കെ. വാരിയര്‍' എന്ന് അച്ഛന്‍ പറഞ്ഞത് ഞാനിന്നുമോര്‍ക്കുന്നു. മാനവികത കൈവിടാത്ത അദ്ദേഹത്തിന്റെ പ്രവര്‍ത്തനം എക്കാലവും അനുകരണീയമാണ്. മഹാനായ ഭിഷഗ്വരന്‍ മാത്രമല്ല, വിജയഗാഥകള്‍ തീര്‍ത്ത ഒരു മാനേജ്മെന്റ് വിദഗ്ധന്‍കൂടിയാണ് അദ്ദേഹമെന്ന് അച്ഛന്‍ പറഞ്ഞു. മാതൃഭൂമി കോട്ടയ്ക്കല്‍ യൂണിറ്റ് ഉദ്ഘാടനത്തിന് പി.കെ. വാരിയര്‍തന്നെ ഭദ്രദീപം തെളിയിക്കണമെന്ന നിര്‍ബന്ധം അച്ഛനും മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രനും ഉണ്ടായിരുന്നു. അതദ്ദേഹം സമ്മതിച്ചു. ആ അനുഗ്രഹനിറവില്‍ മാതൃഭൂമി ധന്യതയോടെ ഇന്നും പുലരുന്നു, ജൈത്രയാത്ര തുടരുന്നു.

അച്ഛനോട് ഡോക്ടര്‍ക്കും വലിയ വാത്സല്യമുണ്ടായിരുന്നു. അച്ഛന്‍ വേര്‍പിരിഞ്ഞ വേളയില്‍ ഒരു ചെറിയ കുറിപ്പ് അദ്ദേഹം മാതൃഭൂമിയില്‍ എഴുതുകയുണ്ടായി. അതില്‍ അദ്ദേഹത്തിന് അച്ഛനോടും മാതൃഭൂമിയോടുമുള്ള മമത പ്രതിഫലിച്ചിരുന്നു. അച്ഛനെ 'ഇളയ സഹോദരന്‍' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അതൊരു ധന്യതയായി ഞാന്‍ കാണുന്നു. 'കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയും എം.പി. വീരേന്ദ്രകുമാറും തമ്മിലുള്ള ഹൃദയബന്ധത്തിന് പതിറ്റാണ്ടുകളുടെ ബന്ധമുണ്ട്' -അദ്ദേഹം എഴുതി. കോട്ടയ്ക്കല്‍ യൂണിറ്റ് ഉദ്ഘാടനംചെയ്യാന്‍ തന്നെ വിളിച്ച കാര്യവും അച്ഛനുമായി ചെലവഴിച്ച സമയത്തെക്കുറിച്ചുള്ള ഓര്‍മകളും അയവിറക്കുന്ന ആ കുറിപ്പ് വൈകാരികതയോടെയാണ് ഞാന്‍ പിറ്റേന്ന് വായിച്ചത്. അച്ഛനെ ആരോഗ്യവാനാക്കാന്‍ സഹായിച്ച ആ മഹനീയ ഭിഷഗ്വരന്റെ വാക്കുകള്‍ക്കും ഓര്‍മകള്‍ക്കുംമുന്നില്‍ അതേ വൈകാരികതയോടെ ഞാന്‍ നമസ്‌കരിക്കുന്നു.

മാതൃഭൂമിയുമായുള്ള അദ്ദേഹത്തിന്റെ ഒരു ആത്മബന്ധത്തെക്കുറിച്ചുകൂടി പറയാം. അദ്ദേഹത്തിന്റെ ആത്മകഥയായ 'സ്മൃതിപര്‍വ'ത്തില്‍ പറയുന്ന കാര്യമാണ്. 'പഠനകാലത്തുതുടങ്ങിയ ബന്ധമാണത്. അന്ന് ജ്യേഷ്ഠന്‍ (മാധവവാരിയര്‍) കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകനായിരുന്നു. മാതൃഭൂമി ദേശീയബോധത്തിന്റെ പത്രമായി ഉദിച്ചുനില്‍ക്കുന്ന കാലം. ആര്‍.കെ. പ്രസ് ഉടമ ശങ്കരവാരിയരായിരുന്നു മാതൃഭൂമിയുടെ കോട്ടയ്ക്കല്‍ ഏജന്റ്. കവലയില്‍ അദ്ദേഹത്തിന് ഒരു ഓഫീസുണ്ട്. അവിടെയാണ് ഞങ്ങള്‍ ഒത്തുകൂടിയിരുന്നത്...' -അദ്ദേഹം അനുസ്മരിക്കുന്നു. മാത്രമല്ല, ഒരു പ്രതിസന്ധിഘട്ടത്തില്‍ മാതൃഭൂമിയുടെ സഹായംതേടിയ കഥയും ആ പുസ്തകത്തില്‍ അദ്ദേഹം വിവരിക്കുന്നുണ്ട്. 1962-ല്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ പണിമുടക്കുണ്ടായപ്പോള്‍ അത് പരിഹരിക്കാന്‍ അന്ന് മാതൃഭൂമി മാനേജരായിരുന്ന കൃഷ്ണന്‍ നായരുടെ ഉപദേശംതേടിയ കഥ. കേശവമേനോന്‍, എം.ടി., എന്‍.വി. തുടങ്ങിയ മാതൃഭൂമി മുന്‍പത്രാധിപന്മാരുമായും ആത്മസൗഹൃദം പുലര്‍ത്തിയിരുന്നു അദ്ദേഹം.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല, നെടുങ്ങാടി ബാങ്ക്, മാതൃഭൂമി -മലബാറിന്റെ ഈ മൂന്ന് മഹനീയസ്ഥാപനങ്ങളെയും പലരും സഹോദരസ്ഥാപനങ്ങളായാണ് കരുതിയിരുന്നത്. മനസ്സുകൊണ്ട് അതങ്ങനെത്തന്നെയായിരുന്നു. അവ വളര്‍ന്നതും പ്രവര്‍ത്തിച്ചതും ഒരേ മൂല്യബോധത്തോടെയായിരുന്നു. അതാവണം അതിന്റെ വിജയത്തിനുകാരണവും. നെടുങ്ങാടി ബാങ്ക് ഇന്നില്ലെങ്കിലും കാലത്തിന്റെ കാറ്റിലുലയാതെ അന്നത്തെ മൂല്യങ്ങളും ആശയങ്ങളും നിലനിര്‍ത്തിക്കൊണ്ട് മറ്റുരണ്ടുസ്ഥാപനങ്ങളും നിലനില്‍ക്കുന്നു. അവയ്ക്ക് മാര്‍ഗദീപമായിനിന്ന മഹദ്‌സാരഥികളില്‍ ഏറ്റവും തലമുതിര്‍ന്നയാളാണ് ഇന്നലെ വേര്‍പിരിഞ്ഞത്. അതിന്റെ വേദന വിവരണാതീതമാണ്. എങ്കിലും ഒരു കാര്യം ഉറപ്പാണ്, അവര്‍ കാണിച്ച വഴിയേ ആ സ്ഥാപനങ്ങള്‍ ഇനിയും മുന്നേറുകതന്നെ ചെയ്യും.

മുന്‍പ്രധാനമന്ത്രി ദേവഗൗഡ ചികിത്സയ്ക്കായി കോട്ടയ്ക്കലില്‍ എത്തിയ ദിവസങ്ങളിലാണ് ഞാന്‍ പി.കെ. വാരിയരെ അവസാനം കണ്ടത്. നൂറാംപിറന്നാള്‍വേളയില്‍ നേരില്‍ക്കണ്ട് വന്ദിക്കണമെന്നും അനുഗ്രഹം വാങ്ങണമെന്നും കരുതിയിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അതുസാധിച്ചില്ല. അദ്ദേഹത്തിന്റെ മരണവാര്‍ത്തയറിയുമ്പോള്‍ ഞാന്‍ തമിഴ്നാട്ടിലെ കുംഭകോണത്തായിരുന്നു. യാത്രയ്ക്കിടെയാണ് അതറിഞ്ഞത്.

എന്റെ സുഹൃത്തായ സിദ്ദിഖ് ബാബുവിന്റെ ഭാര്യക്ക് കോവിഡ് ബാധിച്ചതിനെക്കുറിച്ചുള്ള ഒരു സംസാരത്തിനിടെ യാദൃച്ഛികമായി ആയുര്‍വേദത്തെക്കുറിച്ചും കോവിഡനന്തര ശരീരവേദനകള്‍ക്ക് അതിലുള്ള ചികിത്സാസാധ്യതകളെക്കുറിച്ചും പരാമര്‍ശിക്കാന്‍ ഇടവന്നു. കോട്ടയ്ക്കലില്‍ ചികിത്സതേടാവുന്നതാണെന്ന് ഞാന്‍ പറഞ്ഞു.

പി.കെ. വാരിയര്‍ക്ക് പ്രായാധിക്യമുള്ളതുകൊണ്ടാണ്, അല്ലെങ്കില്‍ അദ്ദേഹത്തെ കണ്ടാല്‍മതിയായിരുന്നു എന്നും പറഞ്ഞു. ആ സംസാരത്തിനുശേഷമാണ് മരണവാര്‍ത്തയെത്തുന്നത്. യാദൃച്ഛികമാവാം, അദ്ദേഹത്തെ സ്മരിക്കാന്‍ തോന്നിയത്. അദ്ദേഹത്തിന്റെ അനുഗ്രഹമാവാം, അച്ഛന്റെ ഓര്‍മപ്പെടുത്തലാവാം, പൂര്‍വജന്മപുണ്യവുമാവാം...

മഹാഭിഷഗ്വരനും മഹാമനീഷിയുമായ അദ്ദേഹത്തിന് ആയിരം വന്ദനം. 'അപൂര്‍വ വൈദ്യായ നമോസ്തു തസ്മൈ...'