രോതവണ ചികിത്സയ്ക്ക് കോട്ടയ്ക്കലിൽ എത്തുമ്പോഴും അദ്ദേഹത്തിന്റെ സാന്നിധ്യം എനിക്ക് മടങ്ങിപ്പോരുമ്പോൾ മനസ്സിൽ കൊണ്ടുപോരാനുള്ള വലിയ ഒരാശ്വാസമാണ്.

ആര്യവൈദ്യശാലയുടെ സ്ഥാപകനും പി.കെ. വാരിയരുടെ അമ്മാവനുമായ പി.എസ്. വാര്യരുടെ ജീവചരിത്രം തന്നെ അദ്ഭുതകരമായ ഒരു ജീവിതവിജയത്തിന്റെ കഥയാണ്.

വൈദ്യശാസ്ത്രം നിഷ്കർഷിക്കുന്ന രീതിയിൽ മരുന്നുണ്ടാക്കി വിൽപ്പന ആരംഭിച്ച ആര്യവൈദ്യശാലയുടെ വളർച്ച ആരെയും അമ്പരപ്പിക്കും. ആ പാരമ്പര്യത്തിൽ വളർന്ന പി.കെ. വാരിയർ ഈ കാലഘട്ടത്തിന്റെ മുഴുവൻ പ്രതിനിധിയാണ്. താൻ പഠിച്ചതും പരിശീലിച്ചതുമായ ശാസ്ത്രത്തിന്റെ അപ്പുറം ജ്ഞാനവിജ്ഞാനങ്ങളുടെ ഒരു മഹാസാമ്രാജ്യം തന്നെയുണ്ട് എന്ന ഉറച്ച ധാരണയുള്ള വൈദ്യശ്രേഷ്ഠനാണ് പി.കെ. വാരിയർ. മറ്റു മേഖലകളിലെ കണ്ടെത്തലുകളെ അവജ്ഞയോടെ നോക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഒരു പക്ഷേ, കോട്ടയ്ക്കലിൽ നിന്ന് മഞ്ചേരിവരെ നടന്ന് ഒരു അലോപ്പതി ഡോക്ടറുടെ ചിട്ടകളും സമ്പ്രദായങ്ങളും മനസ്സിലാക്കാൻ ശ്രമിച്ച, പൂർവികനായ പി.എസ്. വാരിയരുടെ പ്രചോദനം, ആയുർവേദ രംഗത്തേക്ക് കടന്നുവന്ന നവയുവാവായ പി.കെ. വാരിയർക്ക് നിശ്ചയമായും കിട്ടിയിരിക്കും. വൈദ്യശാസ്ത്രരംഗത്ത് മാത്രമല്ല, സാമൂഹികമായ എല്ലാ പ്രവർത്തനങ്ങളിലും ഇടപെടാൻ അദ്ദേഹം ഈ പ്രായത്തിലും സന്നദ്ധനായിരുന്നു എന്നത് നമ്മെ എല്ലാം അദ്ഭുതപ്പെടുത്തുന്നു.

പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ചികിത്സാ രീതി. ഞങ്ങൾ പരിചയപ്പെട്ടകാലം മുതൽക്ക് എന്തുകൊണ്ടോ എന്റെ മനസ്സിൽ അദ്ദേഹത്തെ കാണുമ്പോഴോക്കെ ചെറുപ്പത്തിൽ ഞാൻ വായിച്ച താരാശങ്കർ ബാനർജിയുടെ ആരോഗ്യനികേതനിലെ ജീവൻ മശായിയാണ് കടന്നുവരാറുള്ളത്. അടുക്കും ചിട്ടയുമുള്ള അദ്ദേഹത്തിന്റെ ജീവിതക്രമം ഞാനെന്നും അദ്ഭുതത്തോടെ ആദരവോടെ നിരീക്ഷിച്ചിട്ടുണ്ട്. ചികിത്സ മാത്രമല്ല, ആയുർവേദത്തിന്റെ ഒരുസംസ്കാരം തന്നെ വീണ്ടെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ഒരുമഹാനാണ് പി.കെ. വാരിയർ. 

Content highlight: M. T. Vasudevan Nair remembering Dr PK Warrier