ആയുര്‍വേദവും കഥകളിയും ഇരുതിരിയായി പ്രഭചൊരിയുന്ന നിലവിളക്കായിട്ടാവണം വൈദ്യരത്‌നം പി.എസ്. വാരിയര്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയെ വിഭാവനം ചെയ്തത്. കലയുടെ അധിപന്‍കൂടിയായ പരമശിവന്റെ വിലാസത്തില്‍ ആരംഭിച്ച നാടകസംഘത്തെ നാട്യമെന്നു തിരുത്തി കളിയോഗവും കളരിയുമാക്കി കഥകളിയുടെ ആയുരാരോഗ്യത്തിലും അദ്ദേഹം ക്രാന്തദര്‍ശിയായി. 

1939-ല്‍ കച്ചയും മെഴുക്കുമിട്ട് ചൊല്ലിയാടിയവരുടെയും അവര്‍ക്ക് കൊട്ടിപ്പാടിയവരുടെയും സുദീര്‍ഘ പരമ്പര ആധുനിക കഥകളിയിലെ അഗ്രിമരില്‍ തൊട്ടുനില്‍ക്കുന്നു എന്നതാണ് നാട്യസംഘത്തിന്റെ മൗലികത. പട്ടിക്കാംതൊടി രാമുണ്ണിമേനോന്‍, കുഞ്ചുക്കുറുപ്പ്, കോപ്പന്‍ നായര്‍, കവളപ്പാറ നാരായണന്‍ നായര്‍, വാഴേങ്കട കുഞ്ചുനായര്‍ (വേഷം), വെങ്കിടകൃഷ്ണ ഭാഗവതര്‍, നീലകണ്ഠ നമ്പീശന്‍, ഉണ്ണിക്കൃഷ്ണക്കുറുപ്പ് (പാട്ട്), മൂത്തമന നമ്പൂതിരി (ചെണ്ട), വെങ്കിച്ചന്‍സ്വാമി (മദ്ദളം) എന്നിവരുടെ ആചാര്യസ്ഥാനീയമായ ആശായ്മയുടെ സംഘചരിത്രം പി.എസ്.വി. നാട്യസംഘത്തിനുണ്ട്.

നഷ്ടം നേരിട്ടാല്‍പ്പോലും നാടകസംഘത്തെ നിലനിര്‍ത്തണം എന്ന പി. എസ്. വാരിയരുടെ ഒസ്യത്തിലെ കര്‍ശനദര്‍ശനത്തെ അദ്ദേഹത്തിന്റെ പില്‍ക്കാലമായി ആര്യവൈദ്യശാലയുടെ അമരത്തെത്തിയ ഡോ. പി.കെ. വാരിയര്‍ പിന്‍പറ്റിയതാണ് നാട്യസംഘത്തിന്റെ സ്വീകാര്യതയുടെ അടിസ്ഥാനം. പി.കെ. വാരിയര്‍ എന്ന കേന്ദ്രവ്യക്തിത്വത്തോടുള്ള സ്‌നേഹാദരമാണ് നാട്യസംഘത്തിന്റെ കളരിയിലും അരങ്ങിലും പരാതിപ്പഴുതില്ലാത്ത അച്ചടക്കപൂര്‍ണതയുടെ നിദാനം. 

വൈദ്യനാഥന്‍ കലാനാഥന്‍ കൂടിയാവുകയാണ്. അതുല്യഗുരുനാഥനായി കോട്ടയ്ക്കല്‍ കൃഷ്ണന്‍കുട്ടിനായര്‍, സ്ത്രീവേഷത്തില്‍ കോട്ടയ്ക്കല്‍ ശിവരാമന്‍, ശംഭു എമ്പ്രാന്തിരി, പച്ചയില്‍ ചന്ദ്രശേഖരവാരിയര്‍, ചുവന്നതാടിയില്‍ മുരളി, കഥകളിച്ചെണ്ടയില്‍ മേല്‍ക്കൈയും മേല്‍ക്കോലുമായിരുന്ന കുട്ടന്‍മാരാരുടെ ശിഷ്യരായി അച്യുണ്ണിപ്പൊതുവാള്‍, ചന്ദ്രമന്നാടിയാര്‍, തൃത്താലകേശവന്‍, പൂക്കാട്ടിരി ദിവാകരപ്പൊതുവാള്‍ തുടങ്ങി ദൃശ്യശ്രവ്യ പ്രതാപികളുടെ സര്‍ഗസൃഷ്ടി ചരിത്രവും നാട്യസംഘത്തിനുണ്ട്. മദ്ദളത്തിന് മഞ്ചേരി ശങ്കുണ്ണിനായരും പാലൂര് അച്യുതന്‍ നായരും പാട്ടിന് വാസുനെടുങ്ങാടി, ചുട്ടിക്കും കോപ്പിനും മേക്കര നാരായണന്‍ നായര്‍-നാട്യസംഘത്തിന്റെ തൗര്യത്രികം പ്രബലമായിരുന്നു. കഥകളിയില്‍ ഒരു കോട്ടയ്ക്കല്‍ ചിട്ടതന്നെ രൂപപ്പെട്ടുവന്നു.

നര്‍ത്തനകലയില്‍ കോട്ടയ്ക്കല്‍ ശശിധരന്റെ ആവിഷ്‌കാരഭദ്രത, കത്തിയില്‍ നന്ദകുമാരന്‍ നായരുടെയും കേശവന്‍ കുണ്ടാലായരുടെയും തീര്‍മ, ചുവന്നതാടിയില്‍ ദേവദാസന്റെ ഉഗ്രവീര്യം, രാജ്‌മോഹന്റെ ലാസ്യചാരുത. പാട്ടില്‍ നാരായണന്റെ പ്രയുക്ത കഥകളീയത; പി.ഡി. നമ്പൂതിരിയുടെ ജ്ഞാനം. മധുവിന്റെ ഭാവക്ഷമത, ചെണ്ടയില്‍ പ്രസാദ്, പനമണ്ണ ശശി, വിജയരാഘവന്‍, മനീഷ് രാമനാഥന്‍, മദ്ദളത്തില്‍ രവി, രാധാകൃഷ്ണന്‍ എന്നിവര്‍ സൃഷ്ടിച്ച നവമേളതരംഗം എന്നിവ വിലയിരുത്തുമ്പോള്‍ കാഴ്ചയ്ക്കും കേള്‍വിക്കും നാട്യസംഘം നല്‍കിയ നവഭാവുകത്വം ശ്രദ്ധേയമാകുന്നു.

കോട്ടയ്ക്കല്‍ ശ്രീവിശ്വംഭരക്ഷേത്രോത്സവക്കാലത്തെ അഞ്ചുദിവസത്തെ കളി നാട്യസംഘത്തിന്റെ നേതൃത്വത്തില്‍ പരമാവധി കലാകാരന്മാര്‍ക്ക് അവസരം നല്‍കിയാണ് പുലരുന്നത്.