ഡോ.കെ മുരളീധരൻ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'എന്നും സ്നേഹത്തോടെ പി.കെ വാരിയർ' എന്ന പുസ്തകത്തിൽ നിന്നും ഒരു ഭാഗം വായിക്കാം.

രാവിലെ എട്ടു മണി കഴിയുന്നതോടെ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുകൾ കൈലാസമന്ദിരകവാടത്തിലേക്ക് കൃത്യമായി നീളുന്നു. മാനേജിങ് ട്രസ്റ്റിയെ എതിരേല്ക്കാൻ ജാഗരൂകരായി അവർ നില്ക്കുകയായി. പത്ത്- ഇരുപത് മിനിറ്റിനുള്ളിൽ അദ്ദേഹം എത്തുമെന്ന് അവർക്കുറപ്പാണ്. അടുത്ത കാലംവരെ മാനേജിങ് ട്രസ്റ്റി കൈലാസമന്ദിരത്തിൽനിന്ന് നടന്നാണ് വന്നിരുന്നത്. കൂടെ സെക്രട്ടറി ടി.വി. രാജഗോപാലനും ഉണ്ടാകും. നടക്കാനുള്ള സൗകര്യത്തിന് മുണ്ടിന്റെ അറ്റം ഇടതുകൈകൊണ്ട് അല്പമൊന്നു ഉയർത്തിപ്പിടിച്ചാണ് നടക്കുക. ഒന്നോ രണ്ടോ ചെറിയ പുസ്തകങ്ങളും പുസ്തകത്തിന്റെ വലിപ്പത്തിൽ ചെറിയൊരു ഹാൻഡ് ബാഗും ദേഹത്തോടു ചേർത്തു പിടിച്ചിരിക്കും, മറ്റേ കൈയിൽ കുടയും. നടന്നുവരവേ ഉറ്റവരിൽനിന്നും ലഭിക്കുന്ന സ്നേഹപൂർവമുള്ള അഭിവാദനങ്ങൾ ഏറ്റുവാങ്ങാനും തിരിച്ചുനല്കാനും പരിശീലനം സിദ്ധിച്ച കണ്ണുകളാണ് അദ്ദേഹത്തിന്റേത്. ആ കണ്ണുകളിൽനിന്നിറങ്ങിവരുന്ന നനുത്ത മന്ദഹാസത്തിനുമുണ്ട് തികഞ്ഞ ആഭിജാത്യം.

ആശുപത്രിയുടെ ഗേറ്റിലെത്തുവാൻ റോഡ് മുറിച്ചുകടക്കണം. മാനേജിങ് ട്രസ്റ്റി റോഡ് മുറിച്ചുകടക്കുമ്പോൾ യാന്ത്രികമായെന്നോണം വാഹനങ്ങൾ വേഗത കുറയ്ക്കുന്നതും കാൽനടക്കാർ അല്പമൊന്ന് ഒതുങ്ങിനില്ക്കുന്നതും കാണാം.
അടുത്തകാലത്തായി അദ്ദേഹം കാറിലാണ് വരുന്നത്. മറ്റു ചിട്ടവട്ടങ്ങളെല്ലാം മാറ്റമില്ലാതെ തുടരുന്നു. ബാബുവാണ് ഇപ്പോഴത്തെ ഡ്രൈവർ. ഏറെക്കാലം മൊയ്തീൻകുട്ടി ആയിരുന്നു 'വലിയമൂപ്പരു'ടെ സാരഥി. അവരെ ബന്ധിപ്പിക്കുന്ന കണ്ണികൾക്ക് സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും തിളക്കമാണ്. മൊയ്തീൻകുട്ടിയുടെ മനസ്സാന്നിധ്യംമൂലം ഒഴിവായിപ്പോയ അപകടങ്ങളെക്കുറിച്ച് മാനേജിങ് ട്രസ്റ്റി പറയുന്നത് വലിയ ആവേശത്തോടെയാണ്.

ചുറ്റുപാടുകൾ നിരീക്ഷിച്ചുകൊണ്ടാണ് അദ്ദേഹം നഴ്സിങ് ഹോം (ആയുർവേദിക് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്റെ പഴയ പേർ) ഗേറ്റ് കടന്ന് സ്വന്തം മുറിയിലേക്കു നടക്കുക. നിരീക്ഷണത്തോടൊപ്പം അന്വേഷണങ്ങളും പതിവാണ്. അന്വേഷണങ്ങൾ ആരോടുമാകാം, എന്തുമാകാം.
പതിനാറിൽ കിടക്കുന്ന അഗർവാളിന് ഇന്നെങ്ങനെയുണ്ട്? ചോദ്യം ആദ്യം മുന്നിൽ കാണുന്ന ഏത് ജീവനക്കാരനോടും ആകാം. എല്ലാവരും എല്ലാം അറിഞ്ഞിരിക്കേണ്ടേ എന്ന ഭാവമുണ്ട് ആ ചോദ്യത്തിന്. ആതുരസേവനം ജീവനക്കാരുടെ കൂട്ടായ്മയിൽ അധിഷ്ഠിതമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
പുതുതായി ഒരു കാർ നില്ക്കുന്നതു കണ്ടാൽ ഒപ്പമുള്ള വൈദ്യനോടൊരു ചോദ്യം.
ഇതാരുടേതാണ്? കർണാടക രജിസ്ട്രേഷനാണല്ലോ!
ചുരുക്കിപ്പറഞ്ഞാൽ സ്വന്തം വീട്ടിലെ കാര്യങ്ങൾ എന്നപോലെ എല്ലാ സഹപ്രവർത്തകരും എല്ലാ കാര്യങ്ങളും കണ്ടും അറിഞ്ഞും പ്രവർത്തിക്കണമെന്ന ഒരു സന്ദേശം ഭംഗ്യന്തരേണ നല്കുന്നു.
മുറിയിലെത്തിക്കഴിഞ്ഞാൽ റൗണ്ട്സിനു മുൻപ് അഞ്ചു മിനിറ്റിലധികം കസേരയിൽ ഇരിക്കാറില്ല. അടുത്തയിടെ വായിച്ച പുസ്തകങ്ങളും മാസികകളും മുറിയിലെത്തുന്ന ഡോക്ടർമാർക്കു നല്കും. പ്രധാനപ്പെട്ട ഭാഗങ്ങൾ അതിലെല്ലാം അടയാളപ്പെടുത്തി വെച്ചിട്ടുണ്ടാവും. ബ്രിട്ടീഷ് മെഡിക്കൽ ജേണൽ മുതൽ തിരൂരിൽനിന്നും പ്രസിദ്ധീകരിക്കുന്ന പ്രകൃതിചികിത്സാപുസ്തകംവരെ അതിലുണ്ടാവും. വിശേഷപ്പെട്ട കാര്യങ്ങൾ ഫോട്ടോകോപ്പി എടുത്ത് എല്ലാ ഡോക്ടർമാർക്കും വായിക്കാൻ കൊടുക്കുവാൻ നിർദേശിക്കും. ആര്യവൈദ്യശാലയിൽ അറിവും കഴിവുമുള്ള വൈദ്യന്മാരുടെ തലമുറകൾ ഉണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.
ഒരു ദിവസം രാജഗോപാലൻ പറഞ്ഞു: 'ഇന്നലെ രാത്രി നേരിയ പനിയുണ്ടായിട്ടുണ്ട്. ഉറക്കം ശരിയായിട്ടില്ല. റൗണ്ട്സ് വേണോ എന്ന് ചോദിച്ചുനോക്കൂ.'
'ക്ഷീണമുണ്ടെങ്കിൽ ഇന്ന് വിശ്രമിച്ചാലോ? റൗണ്ട്സ് വേണ്ടെന്ന് വെക്കാം. ഞങ്ങൾ കാര്യങ്ങൾ അന്വേഷിച്ച് പറയാം,' വിനയപൂർവം പറഞ്ഞുനോക്കി.
'ഹേയ്- ക്ഷീണത്തിനുള്ള മരുന്ന് വിശ്രമമല്ല. നന്നായി പണിയെടുത്താൽ ക്ഷീണം മാറും' എന്നു പറഞ്ഞുകൊണ്ട് പതിവിലേറെ ഉത്സാഹത്തോടെ റൗണ്ട്സിനു പുറപ്പെട്ടു.
മൂക്കൊന്നു വിയർത്താൽ ലീവെടുത്ത് വീട്ടിലിരിക്കുന്ന ചെറുപ്പക്കാരെ നവതി പിന്നിട്ട അദ്ദേഹം ഭംഗിയായി താക്കീത് ചെയ്യുന്നു. ആലസ്യം ജീവിതത്തിന്റെ വെളിച്ചം കെടുത്തും.
മോണിങ് റൗണ്ട്സിനു പോവുമ്പോൾ മറ്റു ഡോക്ടർമാരെപ്പോലെ അദ്ദേഹവും കുറെക്കാലം വൈറ്റ് കോട്ട് ധരിച്ചിരുന്നു. മുണ്ടും ഷർട്ടും മീതേ വൈറ്റ് കോട്ടും ധരിക്കും. അത് അദ്ദേഹത്തിന്റെ ദേഹത്തോട് ഇണങ്ങിനില്ക്കും. ഇതിനിടെ ഒരു ദിവസം ഒരബദ്ധം പറ്റി. മരുമകന്റെ (രാമചന്ദ്രവാരിയർ) ഷർട്ടിട്ടുകൊണ്ടാണു വന്നത്. കാണാൻ ഭംഗിയുണ്ട്. ഷർട്ടിന്റെ പ്രത്യേകത ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഉറക്കെച്ചിരിച്ചുകൊണ്ട് പറഞ്ഞു:
'ചന്ദ്രന്റെ ഷർട്ടാണ്. മങ്ങിയ വെളിച്ചത്തിൽ അലമാറയിൽനിന്നും എടുത്തപ്പോൾ മാറിയതാണ്.' ഒന്നു നിർത്തിയിട്ട് ഒരു കുസൃതിയോടെ കൂട്ടിച്ചേർത്തു,'അയാൾ ചിലപ്പോൾ ഈ ഷർട്ട് അവിടെ തെരയുന്നുണ്ടാകും.'
ഞങ്ങൾക്കും ചിരിയടക്കാൻ കഴിഞ്ഞില്ല.
മോണിങ് റൗണ്ട്സ് എന്നും പുതുമയുള്ളതാണ്. ഒരു ആത്മീയാചാര്യനെ അടുത്തു ദർശിക്കാനുള്ള വ്യഗ്രതയോടെയാണ് രോഗികൾ കാത്തിരിക്കുന്നത്. അനുഗ്രഹസ്പർശമുള്ള സന്ദർശനം ലഭിക്കുന്ന ചാരിതാർഥ്യമാണ് അവർക്കു ലഭിക്കുന്നത്. സ്വർഗീയമായ ഒരു സമാധാനം തങ്ങൾക്കു ലഭിക്കുന്നതായാണ് പരിണതപ്രജ്ഞനായ ഒരു പുരോഹിതൻ അഭിപ്രായപ്പെട്ടത്.
ഒരു കുട്ടിയെ ഓർമ വരുന്നു. അഞ്ചു വയസ്സ് പ്രായം. കിടന്ന കിടപ്പിൽ കുട്ടി ചോദിക്കും:
'മുണ്ടു ചുറ്റിയ ഡോക്ടർ വന്നോ അമ്മേ?'
മുണ്ടു ചുറ്റിയ ഡോക്ടറെ കണ്ടാലേ ആ പിഞ്ചുബാലനുപോലും മനസ്സു നിറയുകയുള്ളൂ.
അനുഗ്രഹിക്കണേ എന്നപേക്ഷിച്ചുകൊണ്ട് മുന്നിൽ തലകുനിച്ചു നില്ക്കുന്നവരോടും ഒന്നേ പറയാറുള്ളൂ.
'ഞാൻ പ്രാർഥിക്കാം. അനുഗ്രഹിക്കാനുള്ള ആൾ അപ്പുറത്തുണ്ട്.' വിശ്വംഭരക്ഷേത്രത്തിലേക്ക് കൈ ചൂണ്ടിക്കൊണ്ടാണ് ഇത്രയും പറയുക.
ആശുപത്രി വിടുന്നതിനു മുൻപുള്ള യാത്രപറച്ചിൽ പലപ്പോഴും വികാരനിർഭരമാകും.
സാഷ്ടാംഗം പ്രണമിച്ച് എഴുന്നേല്ക്കുന്നവർ നിരവധി.
ആവശ്യമില്ലാത്തതൊക്കെ ഇവിടെ വെച്ച് പോയാൽ മതി. എല്ലാ ദുഃഖങ്ങളും ധന്വന്തരീസന്നിധിയിൽ അലിഞ്ഞില്ലാതാകട്ടെ എന്ന പ്രാർഥന പുറത്തു വരാറില്ലെന്നേയുള്ളൂ.
വിദേശികളടക്കമുള്ള പലരുടേയും ക്ഷണം- 'ഞങ്ങളുടെ രാജ്യത്തേക്ക് എന്ന് വരും?'
ചിരിച്ചുകൊണ്ടാണ് മറുപടി. 'ആവശ്യമുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും വരാം. വെറുതേയുള്ള സർക്കീട്ടെല്ലാം നിർത്തിയിരിക്കുകയാണ്.'
ലോകമെമ്പാടും ഒട്ടേറെ തവണ സഞ്ചരിച്ചിട്ടുള്ള അദ്ദേഹം യാത്രകൾ പരിമിതപ്പെടുത്തിയിരിക്കുന്നു. പക്ഷേ, ആവശ്യത്തിന് എവിടേയും എത്താൻ തയ്യാർ.
ഹാപ്പി ബർത്ത്ഡേ ആഘോഷിക്കുന്ന രോഗികളും ബന്ധുക്കളും ചോക്കലേറ്റ് മധുരവുമായി കാത്തുനില്ക്കുന്നുണ്ടാകും ചിലപ്പോൾ. മധുരം സ്വീകരിച്ച് കൈവെച്ച് ആശംസകൾ നേരുന്നു. തന്റെ ആഹാരവ്രതം അല്പം തെറ്റിക്കുന്നത് അപ്പോൾ മാത്രം.
രോഗികളോടുള്ള സ്നേഹവാത്സല്യങ്ങൾക്ക് അതിരുകളില്ല. ഒരുപക്ഷേ, ശുണ്ഠി എടുക്കുന്നതുപോലും രോഗീപരിചരണത്തിൽ സംഭവിക്കുന്ന വീഴ്ചകൾ ശ്രദ്ധയിൽപ്പെടുമ്പോഴാണ്.
ഒരിക്കൽ പരിശോധനയ്ക്കുശേഷം കാൻസർരോഗിയായ അച്ഛനെയുംകൊണ്ട് മുറി വിട്ടു പോയ മകൻ അച്ഛനെ പുറത്തു നിർത്തിയശേഷം ഉടനെ തിരിച്ചുവന്നു ചോദിച്ചു:
'ചില കാര്യങ്ങൾകൂടി അറിയാനുണ്ട്.'
'ഇരിക്കൂ... എന്താണ്?'
'അച്ഛനിനി എത്ര കാലംകൂടി ഉണ്ടാകും?' മുഖവുര ഇല്ലാത്ത ചോദ്യം.
'എന്ത്?' സ്വരത്തിൽ ഒരു ഞെട്ടലുണ്ടായിരുന്നു.
മകൻ ചോദ്യം ആവർത്തിച്ചു. അച്ഛന്റെ മരണം ഉറപ്പിച്ചുകഴിഞ്ഞ മകന് അത് എത്രത്തോളം വേഗമാകുമെന്നാണ് അറിയേണ്ടത്.
ഒരു മാസം?... രണ്ടു മാസം... അതിൽ കൂടുതലൊന്നും ആഗ്രഹിക്കുന്നില്ല.
സൗമ്യത കൈവിടാതെയാണ് മറുപടി നല്കിയത്.
അച്ഛന് ആശ്വാസം പകരുവാൻ നമുക്ക് കഴിയാവുന്നതെല്ലാം ചെയ്തുനോക്കാം. ജനനമരണങ്ങൾ നമ്മുടെ അധീനത്തിലല്ലല്ലോ.
'എന്നാലും ചില കണക്കൊക്കെ ഉണ്ടാവില്ലേ?' മകന്റെ അഭിപ്രായം തികച്ചും ആസുരം.
അശുഭവാക്കുകളെക്കൊണ്ട് ഇവിടെ അശുദ്ധമാക്കാതിരിക്കൂ എന്നർഥം വരുന്ന രീതിയിൽ മറുപടി നല്കി മകന്റെ മുഖത്തുനിന്നും കണ്ണുകളെടുത്തു. കണ്ണുകളിൽ അപൂർവമായി മാത്രം കാണാറുള്ള കോപം കലർന്ന നീരസം പ്രകടമായിരുന്നു. നീരസം മൗനമായി.
മറ്റാർക്കുമില്ലാത്ത സൂക്ഷ്മനിരീക്ഷണശേഷിയുണ്ട് ഈ വൈദ്യഗുരുവിന്.
ഒന്നിനുപുറകേ ഒന്നായി മരുന്നുകൾ മാറിമാറി നല്കിയിട്ടും ശമനം കാണാത്ത ഒരു ത്വഗ്രോഗം- രോഗിക്ക് ഇരുപത്തിയഞ്ച് വയസ്സോളം പ്രായം. ഒരു ദിവസം അന്വേഷിച്ചു.
രോഗിയെ ശുശ്രൂഷിക്കുന്നതാരാ? ശമ്പളത്തിനു നിർത്തിയിരിക്കുന്ന ഒരാളാണെന്ന് അന്വേഷണത്തിൽ മനസ്സിലായി. അതാണ് പ്രശ്നം. അയാളുടെ അമ്മയോട് പറ്റുമെങ്കിൽ കൂടെ വന്നുനില്ക്കാൻ പറയൂ. ചികിത്സകൊണ്ടു മാത്രം കാര്യമാകില്ല. വൈദ്യനും പരിചാരകനും നല്കാൻ കഴിയാത്ത ഔഷധം അമ്മയ്ക്കു നല്കാൻ കഴിയും.
നിഗമനം ശരിയായിരുന്നു. അമ്മ വന്നു. രണ്ടു ദിവസത്തിനകം രോഗം പിൻവാങ്ങുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി.
'നിങ്ങൾ ഇവിടെ ഉണ്ടായാൽ മതി. മറ്റെല്ലാം ഞങ്ങൾ നോക്കിക്കൊള്ളാം,' അമ്മയോടു പറഞ്ഞു.
ഔഷധം അമ്മയാണ്; അമ്മ ഔഷധവും.
സ്വന്തം ക്ലേശങ്ങളുടെയെല്ലാം തിരി താഴ്ത്തിവെച്ച്, പ്രസന്നമായ ഊർജം പൊഴിക്കുന്ന മന്ദഹാസവുമായി ആശുപത്രിയിലെത്തി പ്രഭാതസന്ദർശനം പൂർത്തിയാക്കി മുറിയിലെത്തുമ്പോഴേക്കും സെക്രട്ടറി രാജഗോപാലൻ തപാലിൽ വന്ന കത്തുകളുമായി കാത്തുനില്ക്കുന്നുണ്ടാകും.
കണ്ണീരും പുഞ്ചിരിയും അഭിനന്ദനങ്ങളും ആശംസകളും പ്രാർഥനകളും എല്ലാമെല്ലാം അടങ്ങുന്ന ഒട്ടേറെ കത്തുകൾ. ഒരു ഗ്രീൻ ടീ ആസ്വദിച്ചുകൊണ്ട് കത്തുകളിലൂടെ കണ്ണോടിച്ചുകൊണ്ടിരിക്കുമ്പോൾ മുഖത്തു തെളിയുന്ന വ്യത്യസ്തഭാവങ്ങൾ, ചെറിയ ചില ആത്മഗതങ്ങൾ.
അവധികളോ, ഇടവേളകളോ ഇല്ലാത്ത വൈദ്യൻ പിന്നെ ഒ.പി. വിഭാഗത്തിൽ ആകാംക്ഷയോടെ കാത്തിരിക്കുന്നവരുടെ സമീപത്തേക്ക്.
ജീവിതത്തിൽ നമുക്കു മാതൃകകൾ ഏറെയുണ്ട്. ശ്രീബുദ്ധനും യേശുക്രിസ്തുവും മുഹമ്മദ് നബിയും ഗാന്ധിജിയും മദർ തെരേസയുമൊക്കെ. ചരിത്രപുസ്തകങ്ങളിൽനിന്നിറങ്ങിവന്ന് ഇവർ വെളിച്ചം പൊഴിച്ചുകൊണ്ടിരിക്കുന്നു. അക്കൂട്ടത്തിൽ, പരിവേഷങ്ങളിലൊന്നും ഭ്രമിക്കാതെ ചിന്തയിലും കർമത്തിലും പ്രജ്ഞയിലും വ്യത്യസ്തനായി ഇങ്ങനെ ഒരാൾ നമ്മളോടൊപ്പം ജീവിക്കുന്നു.

കടൽ കടന്നെത്തുന്ന വ്യഥകൾ
കൃത്യമായ തീയതി ഓർമയില്ല. ഏതാണ്ട് രണ്ടു വർഷങ്ങൾക്കു മുൻപ് എന്റെ സഹപാഠി അച്ചു ഗൾഫിൽനിന്ന് വിളിച്ചു.
'കുറച്ചു കഴിഞ്ഞാൽ അമേരിക്കയിൽനിന്നും ഒരു ഫോൺ കോൾ പ്രതീക്ഷിക്കുക. വിളിക്കുന്ന ആൾ എന്റെ സുഹൃത്താണ്. വേണ്ടത് ചെയ്തുകൊടുക്കുക.'- ഇതായിരുന്നു അച്ചു നല്കിയ സന്ദേശം.
ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ അമേരിക്കൻ സുഹൃത്ത് ഫോണിൽ വിളിക്കുന്നു. അവിടെ ചികിത്സയിൽ കഴിയുന്ന ഒരു രോഗിയെ കോട്ടയ്ക്കലേക്കു കൊണ്ടുവരാനാഗ്രഹിക്കുന്നു. എന്താണ് നടപടിക്രമം? വളരെ സാധാരണനിലയിലുള്ള ഒരന്വേഷണം.
ഇത്തരം അന്വേഷണങ്ങളോട് ഞങ്ങൾ പ്രതികരിക്കുന്ന ഒരു സാമാന്യരീതിയുണ്ട്.
'എന്താണ് രോഗം? രോഗിയുടെ സ്ഥിതി എങ്ങനെ?'
'ഇവിടുത്തെ കണക്കനുസരിച്ച് രോഗി മരിച്ചിരിക്കുന്നു.'- അച്ചുവിന്റെ സുഹൃത്ത് പറഞ്ഞു.
ശരിക്കും ഞാനൊന്നു ഞെട്ടി. ഒന്നുകൂടി വ്യക്തമാക്കൂ.
'ബ്രെയിൻ ഡെത്ത് നടന്നുകഴിഞ്ഞിരിക്കുന്നു. ഹൃദയസ്പന്ദനം നിലച്ചിട്ടില്ല. രോഗിക്ക് നന്നേ ചെറുപ്പമാണ്. ഡോക്ടർമാർ മരിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബന്ധുക്കൾ മരണം അംഗീകരിച്ചിട്ടില്ല. ജീവൻ നിലനിർത്താൻ എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ ഒരു നിമിഷംപോലും കളയാതെ രോഗിയെ ലോകത്തിന്റെ ഏതു മൂലയിലായാലും കൊണ്ടുപോയി ചികിത്സിക്കുക എന്നാണവരുടെ തീരുമാനം. രോഗിയെ 'Airlift' ചെയ്തു കൊണ്ടുവരുവാനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്യുവാൻ പ്രാപ്തരാണ് ബന്ധുക്കൾ.'
ഒറ്റശ്വാസത്തിൽ ഇത്രയും കാര്യങ്ങൾ പറഞ്ഞുനിർത്തി.
ആര്യവൈദ്യശാലയെക്കുറിച്ചുള്ള അവരുടെ ധാരണകളെന്തായിരിക്കുമെന്ന് എനിക്ക് ഊഹിക്കാനായി. കാര്യങ്ങളുടെ നിജഃസ്ഥിതി വെളിപ്പെടുത്താനായിരുന്നു എന്റെ അടുത്ത ശ്രമം.
ഇത്തരം ഒരു രോഗിയെ പരിചരിക്കുവാനും ചികിത്സിക്കുവാനുമുള്ള ആയുർവേദത്തിന്റെ പരിമിതികളെക്കുറിച്ചുള്ള എന്റെ വിശദീകരണങ്ങളെല്ലാം ക്ഷമ നശിച്ച മൂളലോടെ കേൾക്കുകയായിരുന്നു ടെലഫോണിന്റെ മറ്റേ അറ്റത്തുള്ള അച്ചുവിന്റെ സുഹൃത്ത്. ഞാനൊന്നു നിർത്തേണ്ട താമസം, അദ്ദേഹം ചോദിച്ചു:
'ഡോക്ടർ വാരിയർ അവിടെ ഇല്ലേ?'
തറയ്ക്കുന്ന ചോദ്യം; മൃതസഞ്ജീവനി ഇല്ലേ എന്നു ചോദിക്കുന്നതുപോലെ.
ഞാനൊതുങ്ങി.
ഡോ. വാരിയർ അവരുടെ മനസ്സിൽ മൃത്യുഞ്ജയനാണ്.
'ഞാനദ്ദേഹത്തിന്റെ ഉപദേശം തേടട്ടെ, രണ്ട് മണിക്കൂർ കഴിഞ്ഞ് വിളിക്കൂ.'
സംഭവങ്ങളുടെ രത്നച്ചുരുക്കവുമായി ചീഫ് ഫിസിഷ്യന്റെ മുന്നിൽ ഞാൻ കഥ പറഞ്ഞുകൊണ്ടിരുന്നു.
കണ്ണടച്ച് തല അല്പം കുനിച്ച് കൈകൾ രണ്ടും കൂപ്പി മൂക്കിനോടു ചേർത്തുപിടിച്ച് ഇരിക്കുകയായിരുന്നു അദ്ദേഹം.
ഞാൻ പറഞ്ഞുനിർത്തി.
മൗനവിചാരത്തിൽ ആഴ്ന്നിറങ്ങിയിരിക്കുന്ന അദ്ദേഹത്തെ അലോസരപ്പെടുത്താതെ ഒരു ഉത്തരത്തിനായി കാത്തുനിന്നു.
'ചികിത്സിച്ചുനോക്കണം. കൈയൊഴിയുന്നതിൽ അർഥമില്ല,' പൊടുന്നനേയായിരുന്നു പ്രതികരണം.
'കുറുപ്പിന്റെ കേസ് ഓർമയില്ലേ. (മരണവക്ത്രത്തിൽനിന്നും തിരിച്ചുപോന്ന മറ്റൊരു കേസ് എന്നെ ഓർമിപ്പിക്കുകയായിരുന്നു അദ്ദേഹം.) തലയ്ക്ക് കിഴി ഉരസിനോക്കണം. കഴിയുന്നത്ര മുലപ്പാൽ രോഗിയുടെ വയറ്റിൽ എത്തിക്കണം. ആയുസ്സിന്റെ കാര്യം- അത് നമുക്ക് പറയുവാൻ പറ്റില്ലല്ലോ.'
തിരിച്ചൊന്നും പറയാനില്ലായിരുന്നു എനിക്ക്.
'അവർ വിളിക്കുമ്പോൾ ഞാൻ വിവരം പറയാം.'
'അവരുടെ വിളി കാത്തിരിക്കേണ്ട. ഫോൺ നമ്പറില്ലേ? അങ്ങോട്ട് വിളിച്ചോളൂ.'
അദ്ദേഹം രോഗിയെ ചികിത്സിക്കുവാൻ മനസ്സുകൊണ്ട് ഒരുങ്ങിക്കഴിഞ്ഞിരുന്നു.
ആജ്ഞ അനുസരിച്ചുകൊണ്ട് ഞാൻ അമേരിക്കയിലേക്കു ഫോൺ ചെയ്തു. മണിക്കൂറുകൾക്കുമുൻപെ എടുത്ത നിഷേധാത്മകനിലപാട് പൂർണമായി നിരാകരിച്ചുകൊണ്ടാണ് ഞാൻ സംസാരിച്ചത്.
സംസാരിക്കുന്നതെല്ലാം മൂളി കേൾക്കുകയല്ലാതെ മറുപുറത്തുനിന്ന് വാക്കുകൾ പുറത്തു വന്നില്ല.
രോഗിയെ ചികിത്സിക്കുവാനുള്ള ഡോക്ടർ വാരിയരുടെ സന്നദ്ധത അവരെ അദ്ഭുതപ്പെടുത്തിയെന്നു തോന്നുന്നു. അന്ന് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. പിറ്റേന്ന് ഒരു ഫാക്സ് ലഭിച്ചു.
'Sorry, we did not get permission to airlift the patient. We are grateful to Dr. Warrier for the most compassionate decision he has taken to treat our patient.''
ഡോക്ടർ വാരിയർ പ്രതിനിധാനം ചെയ്യുന്ന വൈദ്യത്തിന്റെ സംസ്കാരം നമുക്കിവിടെ ദർശിക്കാനാകുന്നു; ഒപ്പം ജനഹൃദയങ്ങളിൽ 'മൃത്യുഞ്ജയ'ത്തിന്റെ മന്ത്രരൂപമായി വർത്തിക്കുന്ന ഡോക്ടർ പി.കെ. വാരിയരെയും.

എന്നും സ്നേഹത്തോടെ പി.കെ വാരിയർ വാങ്ങാം

Content Highlights : Ennum Snehathode PK Warrier Book Written by Dr K Muraleedharan Published by Mathrubhumi Books