ണക്കിനോട് പ്രിയമുണ്ടായിരുന്ന പന്നിയംപള്ളിവാരിയത്തെ കൃഷ്ണന്‍കുട്ടിക്ക് പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ എന്‍ജിനിയറിങ്ങിന് പോകണമെന്നായിരുന്നു മോഹം. എന്നാല്‍, വീട്ടുകാര്‍ക്കാണെങ്കില്‍ അവനെ ആയുര്‍വേദം പഠിപ്പിക്കണം. അവസാനം സാക്ഷാല്‍ ഇ.എം.എസുമായിത്തന്നെ വീട്ടുകാര്‍ വിഷയം ചര്‍ച്ച ചെയ്തു. എല്ലാ വശങ്ങളും കേട്ടശേഷം ഇ.എം.എസ്. പറഞ്ഞു: ' ' മണ്ണാന്‍ വൈദ്യന്റെ അടുത്തു പോയാല്‍ കുട്ടികളുടെ രോഗം ചികിത്സിച്ചു മാറ്റാം. പക്ഷേ, എങ്ങനെയാണ് മാറിയത് എന്നുപറയാന്‍ അയാള്‍ക്ക് അറിയില്ല. അതു കണ്ടുപിടിക്കലാണ് നിങ്ങളുടെ ജോലി. അതിന് ആയുര്‍വേദം ശാസ്ത്രീയമായിത്തന്നെ പഠിക്കണം.' ' അങ്ങനെ കൃഷ്ണന്‍ 1940-ല്‍ കോട്ടയ്ക്കല്‍ ആയുര്‍വേദ കോളേജില്‍ ചേര്‍ന്നു. ഇന്ത്യയില്‍ മാത്രമല്ല, ലോകം മുഴുവനും അധികാരവും അധിനിവേശവും ആസുരകാഹളം മുഴങ്ങുന്ന കാലം. 

അഷ്ടാംഗഹൃദയത്തിന്റെയും ചരകസംഹിതയുടെയും മരുന്നറിവുകള്‍ക്കപ്പുറം മാര്‍ക്‌സിസത്തിന്റെയും കമ്യൂണിസത്തിന്റെയും വിചാരലോകം ആ ചെറുപ്പക്കാരനെ മാടിവിളിച്ചു. സിരകളില്‍ വിപ്ലവം പതഞ്ഞപ്പോള്‍ ഗാന്ധിയനായ ജ്യേഷ്ഠന്റെ അനുജന്‍ അടിയുറച്ച കമ്യൂണിസ്റ്റുകാരനായി. പാര്‍ട്ടിയുടെ ലഘുലേഖകള്‍ രഹസ്യമായി വിതരണം ചെയ്യാന്‍ തുടങ്ങി. കോട്ടയ്ക്കല്‍ ഭാഗത്ത് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നല്‍കി. സോവിയറ്റ് യൂണിയനെതിരേ ഹിറ്റ്‌ലര്‍ ആക്രമണം അഴിച്ചുവിട്ടതോടെ സാമ്രാജ്യത്വ ശക്തികള്‍ക്കെതിരേ നാട്ടില്‍ സമരം ശക്തമായി. പഠിപ്പു നിര്‍ത്തി സമരരംഗത്തേക്കിറങ്ങിയ വിദ്യാര്‍ഥികളോടൊപ്പം കൃഷ്ണനും കൂടി. 

ആ സമയത്ത് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ കാര്യങ്ങള്‍ നോക്കിയിരുന്നത് ജ്യേഷ്ഠന്‍ മാധവവാരിയരായിരുന്നു. തനിക്ക് ഒരു സഹായിയാവേണ്ട അനുജന്‍ വഴിമാറിപ്പോകുന്നതില്‍ അദ്ദേഹത്തിന് ആശങ്കയായി. കോളേജ് വിട്ട അനുജന്‍ മഞ്ചേരിയിലെ കമ്യൂണിസ്റ്റ് ക്യാമ്പിലുണ്ടെന്നറിഞ്ഞ അദ്ദേഹം നാടകമാനേജരായിരുന്ന ശൂലപാണി വാരിയരോട് കൂട്ടിക്കൊണ്ടുവരാന്‍ പറഞ്ഞു.

ശൂലപാണി വാരിയര്‍ കൃഷ്ണന്റെ അടുത്തെത്തി ചോദിച്ചു: ' ' എന്താ ഇങ്ങനെ, ആര്യവൈദ്യശാല നോക്കാന്‍ ആളു വേണ്ടേ' ' ?കൃഷ്ണന്റെ മറുപടി: ' ' വൈദ്യശാല നോക്കാന്‍ തന്നെയാണ് പുറത്തു വന്നത്. ഇല്ലെങ്കില്‍ വൈദ്യശാല ഉണ്ടാവില്ല. ഫാസിസ്റ്റുകള്‍ ബോംബിട്ട് നശിപ്പിച്ചാല്‍ എന്താണ് അവശേഷിക്കുക? അതുകൊണ്ടാണ് ഞാന്‍ ഈ സാഹസത്തിന് മുതിര്‍ന്നത്.' '  ശൂലപാണി വാരിയര്‍ തിരിച്ച് മാധവവാരിയരുടെ അടുത്തെത്തി അദ്ദേഹത്തോടു പറഞ്ഞു: ' 'കൃഷ്ണന്‍ എന്നെ തോല്‍പ്പിച്ചുകളഞ്ഞു.' ' ആ വാക്കിന് അപാരമായ പ്രവചനശേഷിയുണ്ടായിരുന്നു. എല്ലാ വിയോജിപ്പുകളെയും സ്‌നേഹംകൊണ്ട് തോല്‍പ്പിച്ച് അന്നത്തെ കൃഷ്ണന്‍കുട്ടി പദ്മഭൂഷണ്‍ ഡോ. പി.കെ. വാരിയര്‍ എന്ന ലോകപ്രശസ്ത വൈദ്യനായി.

ജ്യേഷ്ഠന്‍ അടിമുടി കോണ്‍ഗ്രസുകാരനായപ്പോള്‍ അങ്ങ് അടിയുറച്ച കമ്യൂണിസ്റ്റുകാരനായി. അന്നത്തെ സാഹചര്യത്തില്‍ ഒരേ തറവാട്ടില്‍നിന്ന് എങ്ങനെ വ്യത്യസ്ത രാഷ്ട്രീയക്കാരുണ്ടായി ? 

വ്യത്യസ്തമായ സ്വാധീനങ്ങളില്‍പ്പെട്ട് ഞാനും ജ്യേഷ്ഠനും രണ്ട് രാഷ്ട്രീയസരണികളിലായി. ഇത് പരസ്പരബന്ധത്തെയോ സ്‌നേഹത്തെയോ ബാധിച്ചില്ല എന്നതാണ് വാസ്തവം. ചെറുപ്പത്തിന്റെ ആവേശവും പ്രചോദനം നല്‍കുന്ന നേതാക്കളും എന്നെ ആ പ്രസ്ഥാനത്തിലേക്ക് ആവാഹിച്ചു. രണ്ടു വര്‍ഷം പഠനംപോലും ഉപേക്ഷിച്ച് രാഷ്ട്രീയപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. ഗാന്ധിയായാലും മാര്‍ക്‌സായാലും മനുഷ്യനന്മയെക്കരുതി പ്രവര്‍ത്തിച്ചവരാണ്. മാനവികതയുടെപേരില്‍ എല്ലാം ഒന്നിക്കേണ്ട കാലമാണിപ്പോള്‍.

ആധുനിക മാനേജ്‌മെന്റ് തന്ത്രങ്ങളൊന്നും പഠിക്കാതെയാണ് അങ്ങ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയെ ലോകോത്തരസ്ഥാപനമാക്കി വളര്‍ത്തിയത്. അതിനുപയോഗിച്ച തന്ത്രം എന്താണ്  ? 

അനുഭവമാണ് ഗുരു. മറ്ററിവുകള്‍പോലെ മാനേജ്‌മെന്റ് വിജ്ഞാനവും അനുഭവങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞുവന്നതാണ്. ജ്യേഷ്ഠന്‍ ആര്യവൈദ്യന്‍ പി. മാധവവാരിയരുടെ ആകസ്മികമായ വേര്‍പാടിനുശേഷം എന്റെ ചുമലുകളില്‍ ആര്യവൈദ്യശാലയുടെ ഭാരം വന്നുചേര്‍ന്നു. ദുഃഖം വിട്ടുമാറുന്നതിനു മുമ്പുതന്നെ ഏറ്റെടുക്കേണ്ടിവന്ന ഉത്തരവാദിത്വം ഓരോ ചുവടിലും ജാഗ്രതവേണമെന്ന് എന്നെ ഓര്‍മിപ്പിച്ചു. സങ്കീര്‍ണപ്രശ്‌നങ്ങളില്‍ ചുറ്റുവട്ടത്തുള്ളവരോട് അഭിപ്രായം തേടി. ഓരോ തീരുമാനമെടുക്കുമ്പോഴും വരുംവരായ്കയെപ്പറ്റി കൃത്യമായി ആലോചിച്ചു. വലിയമ്മാവന്‍ പി.എസ്. വാരിയരുടെ വീക്ഷണങ്ങളും ജ്യേഷ്ഠന്റെ ഉപദേശങ്ങളും എന്നും എന്നെ നയിച്ചു. ഇതൊക്കെയാണ് ഞാന്‍ പഠിച്ച മാനേജ്‌മെന്റ് തന്ത്രങ്ങള്‍

അങ്ങയുടെ സംഭവബഹുലമായ നൂറുവര്‍ഷത്തെ ജീവിതകാലത്താണ് വൈദ്യശാസ്ത്രരംഗത്തെ വിപ്ലവങ്ങള്‍ പലതും നടന്നത്. അവയവമാറ്റ ശസ്ത്രക്രിയ, വിവിധതരം സ്‌കാനുകള്‍, വസൂരി നിര്‍മാര്‍ജനം, ജനിതക എന്‍ജിനിയറിങ് തുടങ്ങിയവ. എന്നാല്‍, ഈ സമയത്ത് ആയുര്‍വേദമടക്കമുള്ള വൈദ്യശാസ്ത്രമേഖലകള്‍ സാമ്പ്രദായിക വഴിയില്‍നിന്ന് മാറാതെ സഞ്ചരിക്കുകയായിരുന്നു. ഈ പാരമ്പര്യഭ്രമം ആയുര്‍വേദത്തിന് എന്തെങ്കിലും ക്ഷീണംചെയ്തു എന്ന് അഭിപ്രായമുണ്ടോ  ? 

ഈ പറഞ്ഞ വികാസങ്ങളൊന്നും കേവലം വൈദ്യശാസ്ത്രത്തിന്റേതാണെന്ന് പറഞ്ഞുകൂടാ. ഭൗതികശാസ്ത്രം, രസതന്ത്രം, സാങ്കേതികവിദ്യ മുതലായവയുടെ ആവിഷ്‌കാരങ്ങളാണ് അവയെല്ലാം. അവ ആയുര്‍വേദ ബാഹ്യങ്ങളാണ് എന്നത് തെറ്റായ ധാരണയാണ്. ഈ വികാസങ്ങളെല്ലാം കൂടിയും കുറഞ്ഞും ആയുര്‍വേദ ചികിത്സയില്‍ ഇന്നും വിനിയോഗിക്കുന്നു. പാരമ്പര്യഭ്രമം ആയുര്‍വേദത്തിനുണ്ടെന്ന് തോന്നുന്നില്ല. രോഗനിര്‍ണയത്തിലും മരുന്നുകൊണ്ട് ഒതുങ്ങാത്ത രോഗത്തിലും പുതിയ സങ്കേതങ്ങളെ ആയുര്‍വേദം അംഗീകരിക്കുന്നുണ്ട്.

പുതിയ കാലത്ത് ആയുര്‍വേദരംഗത്ത് എന്തുതരം ഗവേഷണങ്ങളാണ് നടക്കേണ്ടത്. അതില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ പങ്ക് എന്തായിരിക്കണം  ? 

സസ്യൗഷധങ്ങള്‍, മരുന്നുനിര്‍മാണം, രോഗചികിത്സ എന്നിവയാണ് പ്രായോഗികമായി പ്രസക്തമായ ഗവേഷണമേഖലകള്‍. സസ്യൗഷധങ്ങള്‍ തിരിച്ചറിയുകയും സമാനമായവ കണ്ടെത്തുകയും ചെയ്യണം. അവയുടെ കൃഷിരീതികളും വികസിപ്പിക്കണം. മരുന്നുചെടികളുടെ കാര്യത്തിലെ സന്ദിഗ്ധതയും മാറ്റിയെടുക്കേണ്ടതുണ്ട്. ആ സംരംഭം ആയുര്‍വേദം പണ്ടേ തുടങ്ങിയിരുന്നു. അതിന്റെ ഫലമാണ് അഞ്ഞൂറ് ഔഷധസസ്യങ്ങളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന Indian Medicinal Plants എന്ന അഞ്ചുഭാഗങ്ങളുള്ള ഗ്രന്ഥസമാഹാരം. ആധുനിക സങ്കേതങ്ങള്‍ ഉള്‍ക്കൊണ്ട് സസ്യമേഖലയിലെ ഗവേഷണത്തിന് ആര്യവൈദ്യശാല 2003-ല്‍ ആരംഭിച്ച സെന്റര്‍ ഫോര്‍ മെഡിസിനല്‍ പ്ലാന്റ്‌സ് റിസര്‍ച്ച് ഈ രംഗത്ത് ശ്രദ്ധേയമായി മുന്നേറുന്നുണ്ട്. ഔഷധനിര്‍മാണത്തില്‍ പുതിയ സങ്കേതങ്ങള്‍ രോഗിക്കും മരുന്നുസേവ അനായാസവും ഗുണപ്രദവുമാക്കും. കര്‍ണാടകത്തിലെ നഞ്ചന്‍കോടുള്ള ആര്യവൈദ്യശാലയുടെ നിര്‍മാണ ഫാക്ടറി പുതുതലമുറ മരുന്നുകള്‍ക്കുവേണ്ടി സജ്ജീകരിച്ചിട്ടുള്ളതാണ്. ചെടിയിലെ ഔഷധാംശം തീരെ നഷ്ടപ്പെടാതെ ശരീരത്തില്‍ പ്രവര്‍ത്തനക്ഷമത കൂട്ടാനുള്ള ഗവേഷണം ഇനിയും മുന്നേറാനുണ്ട്. ഓരോ രോഗത്തെ സംബന്ധിച്ചും പ്രത്യേകം ഗവേഷണം ആകാവുന്നതാണ്. അര്‍ബുദരോഗ ചികിത്സയില്‍ ഗവേഷണാടിസ്ഥാനത്തിലുള്ള ചികിത്സ ആര്യവൈദ്യശാലയിലുണ്ട്. ആധുനിക സങ്കേതങ്ങളുപയോഗിച്ച് തെളിവടിത്തറയോടെ പ്രവര്‍ത്തിക്കുന്ന ആര്യവൈദ്യശാലയില്‍ ക്ലിനിക്കല്‍ ഗവേഷണത്തിന് പ്രത്യേക വിഭാഗംതന്നെയുണ്ട്.

കൊറോണപോലുള്ള പകര്‍ച്ചവ്യാധികള്‍ മനുഷ്യകുലത്തിനുതന്നെ ഭീഷണിയാവുമ്പോള്‍ ആയുര്‍വേദത്തിന് എന്തെങ്കിലും ചെയ്യാനുണ്ടോ? പുതിയ രോഗത്തിന് പുതിയ മരുന്ന് എന്ന കാഴ്ചപ്പാട് ആയുര്‍വേദത്തിനുണ്ടോ, അതോ എല്ലാ രോഗങ്ങള്‍ക്കും പഴയ ഔഷധങ്ങള്‍ തന്നെ മതിയെന്നാണോ  ? 

ത്രിദോഷസിദ്ധാന്തമാണ് ആയുര്‍വേദത്തിന്റെ കാതല്‍. ശരീരത്തിലുണ്ടാകുന്ന എല്ലാ മാറ്റങ്ങളെയും വിലയിരുത്താന്‍ ഇതുകൊണ്ടാവും. ' പുതിയ' രോഗങ്ങളാണെങ്കിലും അവയുടെ ലക്ഷണങ്ങളെ ഈ സിദ്ധാന്തമനുസരിച്ച് വിശകലനം ചെയ്താല്‍ രോഗസ്വഭാവം പിടികിട്ടും. അതനുസരിച്ച് ഔഷധത്തെ നിശ്ചയിക്കുക പ്രയാസമുള്ള കാര്യമല്ല. ആയുര്‍വേദത്തിന്റെ ഔഷധസമ്പത്ത് അതിവിപുലമാണ്. അതില്‍ ചെറിയൊരംശമേ ഇപ്പോള്‍ വിനിയോഗിക്കപ്പെടുന്നുള്ളൂ. കോവിഡ് രോഗം ചികിത്സിച്ചുമാറ്റിയ ധാരാളം അനുഭവങ്ങള്‍ ആയുര്‍വേദക്കാര്‍ക്കുണ്ട്. ജനങ്ങള്‍ സന്തോഷപൂര്‍വം ആയുര്‍വേദത്തെ സ്വീകരിക്കുകയും ചെയ്യുന്നു. തുടക്കംമുതല്‍തന്നെ ശ്രദ്ധാപൂര്‍വം ഉപയോഗിച്ചാല്‍ രോഗം അപകടഘട്ടത്തിലേക്ക് പോകുന്നില്ല എന്നതാണ് അനുഭവം.

' വില്‍പ്പന കൂട്ടാന്‍ ധര്‍മം കൂട്ടുക' എന്ന വിചിത്രമായ ഒരു ഉപദേശം അങ്ങയുടെ വലിയമ്മാവന്‍ വൈദ്യരത്‌നം പി.എസ്. വാരിയര്‍ നല്‍കിയതായി കേട്ടിട്ടുണ്ട്. ആ ചിന്തയുടെ ഫലമാണല്ലോ ധര്‍മാശുപത്രി. ലോകത്തിനുതന്നെ അദ്ഭുതമായ ഈ ധര്‍മാശുപത്രിയുടെ ഭാവി എന്തായിരിക്കും  ? 

കൈലാസമന്ദിരത്തിന്റെ കവാടത്തില്‍ കൊത്തിവെച്ചിട്ടുള്ളത് ' ധര്‍മോ ജയതി നാധര്‍മ:' എന്നാണ്. അത് ആര്യവൈദ്യശാലയുടെ പ്രവര്‍ത്തനത്തിന്റെ മാര്‍ഗരേഖയാണ്. 1924-ല്‍ തുടങ്ങിയ ധര്‍മാശുപത്രി അന്നുമുതല്‍ക്കേ ദരിദ്രര്‍ക്ക് ഒരു അത്താണിയാണ്. കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ക്ക് ഈ ആതുരശാല വിധേയമായിട്ടുണ്ട്. അത് തുടരും.

വരുമാനത്തിന്റെ വലിയൊരുപങ്ക് കലയ്ക്കുവേണ്ടി മാറ്റിവെക്കുന്ന മറ്റൊരുസ്ഥാപനമുണ്ടാവാനിടയില്ല. കഥകളികേന്ദ്രമായ പി.എസ്.വി. നാട്യസംഘത്തിന് പുതിയ കാലത്ത് എന്താണ് പ്രസക്തി  ? 

കലയും സാഹിത്യവും സംഗീതവും നാടകവും ഔഷധവും എല്ലാം ചേര്‍ത്തുപിടിക്കുന്ന ഒരു പാരമ്പര്യം വലിയമ്മാവന്റെ കാലത്തുതന്നെ ആര്യവൈദ്യശാലയ്ക്കുണ്ട്. മികച്ച കലാകാരന്മാരെ കണ്ടെത്തി ' പരമശിവ വിലാസം നാടകക്കമ്പനി' യില്‍ അദ്ദേഹം ചേര്‍ത്തിരുന്നു. ഒപ്പം കലാപരമായി സിദ്ധിയുള്ള ആര്യവൈദ്യശാലാ ജീവനക്കാരെക്കൂടി നാടകക്കമ്പനിയിലെ കലാകാരന്മാരാക്കി. ' ശരീരത്തിന്റെ ആമയമകറ്റാന്‍ (വിഷം) ഔഷധവും മനസ്സിന്റെ ആമയമകറ്റാന്‍ കലയും' എന്ന സമീപനമാണ് ആര്യവൈദ്യശാല പിന്തുടരുന്നത്. പുതിയ കാലഘട്ടത്തില്‍ ജീവനക്കാരുടെ സര്‍ഗാത്മകമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് റിക്രിയേഷന്‍ ക്ലബ്ബുകള്‍, കലാപരിപാടികള്‍, വായനയുടെ കൂട്ടായ്മ എന്നിവ സംഘടിപ്പിക്കുന്ന രീതിയിലേക്ക് ആധുനിക മാനേജ്‌മെന്റ് സംവിധാനം മാറിയിട്ടുണ്ട്. കലയുടെ അതിജീവനം ഉറപ്പാക്കുക എന്നതിലപ്പുറം മാനവികതയുടെയും മനുഷ്യരുടെ സര്‍ഗാത്മകതയുടെയും അതിജീവനം ഉറപ്പാക്കുക എന്ന വിശാലമായ ലക്ഷ്യംകൂടി ഇതിലൂടെ ആര്യവൈദ്യശാലയ്ക്കുണ്ട്.

അങ്ങയുടെ ജീവിതത്തില്‍നിന്ന് പുതിയ കാലം എന്താണ് പഠിക്കേണ്ടത്? 100 വയസ്സുവരെ ആരോഗ്യത്തോടെയിരിക്കാന്‍ എന്തുചെയ്യണം  ? 

കൃത്യനിഷ്ഠയുള്ള ജീവിതമാണ് എന്റെ ആരോഗ്യകാരണമെന്ന് ഞാന്‍ കരുതുന്നു. ആഹാരം, വ്യായാമം, ഉറക്കം, നിയന്ത്രിതമായ ലൈംഗികജീവിതം എന്നിവയെ ആയുര്‍വേദം ആരോഗ്യത്തിന്റെ തൂണുകളായി കണക്കാക്കുന്നു. ഇവയെല്ലാം കൃത്യസമയത്ത് മിതമായ അളവില്‍ ശീലിക്കേണ്ടതാണ്. സ്വന്തം ശരീരം പരിപാലിക്കേണ്ട ഉത്തരവാദിത്വം നമുക്കുതന്നെയാണ്. രോഗകാരണങ്ങള്‍ ഒഴിവാക്കുക. ആരോഗ്യത്തിന് അനുഗുണമായരീതിയില്‍ ജീവിക്കുക.

(പുനഃപ്രസിദ്ധീകരണം)