നിരന്തരമായ അധ്വാനത്തിനിടയിലെ ചെറിയ ഇടവേളമാത്രമാകണം വിശ്രമം എന്ന് ദൃഢമായി കരുതിയ ഗുരുനാഥന്‍ കൈലാസമന്ദിരത്തിന്റെ പത്തായപ്പുരയില്‍ അടുത്തകാലത്ത് തിരക്കുകളില്‍നിന്ന് അല്പം മാറിനില്‍ക്കുകയായിരുന്നു. ശാരീരികവിശ്രമം എന്നുമാത്രമേ അതിന് അര്‍ഥംകല്പിക്കാന്‍ കഴിയുമായിരുന്നുള്ളൂ. കാരണം, ധൈഷണികമായി അദ്ദേഹം സദാ ജാഗരൂകനായിരുന്നു.

ലോകം മുഴുവന്‍ ശത്രുപാളയത്തിലെന്നപോലെ പേടിച്ചരണ്ട് കഴിയുന്നതിനോട് യോജിച്ചുപോകാനാകാത്ത ഒരു മനസ്സായിരുന്നു അദ്ദേഹത്തിന്റേത്.

'രോഗത്തിനെതിരേ പൊരുതണം അതിനുള്ള ആയോധനമുറകളും യുദ്ധക്കോപ്പുകളും കണ്ടെത്തണം. ഭയം ഒന്നിനും പരിഹാരമല്ല. ഭയം വിഷാദത്തിലേക്കും അകര്‍മണ്യത്തിലേക്കും നയിക്കും. പരാജയത്തിന്റെ ചരിത്രങ്ങളെക്കാള്‍ വിജയഗാഥകളാണ് മനുഷ്യകുലത്തിലുള്ളത്.''

നിറഞ്ഞ ശുഭാപ്തിവിശ്വാസത്തോടെയാണ് അദ്ദേഹം സംസാരിച്ചിരുന്നത്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഡോ. മാധവന്‍കുട്ടി വാരിയരോടൊപ്പം ഗുരുനാഥനെ കാണാന്‍ പോയതായിരുന്നു സന്ദര്‍ഭം. കോവിഡ്-19 ഒരു മഹാമാരിയായി സംഭ്രമം വിതച്ചുകൊണ്ട് പെയ്തിറങ്ങാന്‍ തുടങ്ങിയിരുന്ന സമയമായിരുന്നു അത്. അദ്ദേഹത്തിന്റെ വാക്കുകളിലെ വെളിച്ചം ഞങ്ങളിലെ വിഷാദത്തെ അകറ്റാന്‍ പ്രാപ്തമായിരുന്നു.

കഴിഞ്ഞദിവസം അദ്ദേഹം വിളിപ്പിച്ചു. മുറിയില്‍ ചെന്നപ്പോള്‍ സംഗീതം ശ്രദ്ധിച്ച് കണ്ണടച്ചിരിക്കയായിരുന്നു. കാല്‍പ്പെരുമാറ്റം കേട്ടിട്ടാകാം. പതുക്കെ കണ്ണുകള്‍ തുറന്നു. മുഖത്ത് പതിവുപോലെ പ്രകാശമുള്ള ചിരി. പെട്ടെന്നാണ് പറഞ്ഞുതുടങ്ങിയത്:

''അതേയ്, ഞാന്‍ ആലോചിക്കുകയായിരുന്നു. ഈ പാട്ടുകാരൊക്കെ അത്യധ്വാനംചെയ്ത് പാടിക്കൊണ്ടിരിക്കയാണ്. അവരുടെ അധ്വാനം നമുക്ക് ആനന്ദം പകരുന്നു. ശബ്ദത്തിന്റെ അതിയോഗമല്ലേ അത്? കുറച്ചുകഴിഞ്ഞാല്‍ ഇവര്‍ക്കൊക്കെ വയ്യാണ്ടാവില്ലേ? അവരെ സഹായിക്കാന്‍ നമുക്ക് മരുന്നുകൊടുക്കാറാകണം. മുടി വളരാനും കണ്ണുതെളിയാനും മരുന്നുകള്‍ ഉള്ളതുപോലെ സ്വരസംരക്ഷണത്തിനും മരുന്നുവേണം'' ശരിയാണെന്നമട്ടില്‍ തലകുലുക്കിയപ്പോള്‍ ഒരു ചോദ്യം.

''എവിടെയാ മരുന്ന്''?

ഏതുവഴിക്കാണ് സംഭാഷണം പോകുന്നത് എന്നറിയാതെ ഒന്നുപരുങ്ങിനിന്നു.

''ദാ, അഷ്ടാംഗഹൃദയത്തില്‍ ഇതിന് ചികിത്സപറയുന്നുണ്ട്. ഞാനത് കുറിച്ചുവെച്ചിട്ടുണ്ട്''.

ആരോടൊക്കെയോ ഉള്ള വാത്സല്യം ആ വാക്കുകളില്‍ തിളങ്ങിനിന്നിരുന്നു. അഷ്ടാംഗഹൃദയപാരായണം ഒരു ഉപാസനപോലെ നടത്തുന്ന അദ്ദേഹത്തിന്റെ കണ്ണുകളും വിരലുകളും മനസ്സും തൊടാത്ത ഒരു വരിപോലും അഷ്ടാംഗഹൃദയത്തില്‍ ഉണ്ടാവില്ല.

''മരുന്ന് വേഗമുണ്ടാക്കി പരീക്ഷിച്ചുനോക്കണം. വരാന്‍ പോകുന്നത് പാട്ടിന്റെ കാലമാണ്''.

ആര്യവൈദ്യശാലയില്‍ ഔഷധം തയ്യാറാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നന്നേ കുറച്ചുദിവസങ്ങളേ വേണ്ടിവന്നുള്ളൂ.

തയ്യാറാക്കിയ ഔഷധവുമായി അദ്ദേഹത്തിനടുത്തെത്തി. കുപ്പിതുറന്ന് മരുന്നിന്റെ നിറവും മണവും അദ്ദേഹം സൂക്ഷ്മമായി നോക്കിക്കൊണ്ടിരുന്നു.

''ഇത് നമ്മുടെയിടയിലെ പാട്ടുകാരും നാട്യസംഘത്തില്‍ സംഗീതം പഠിക്കുന്നവരും ഉപയോഗിച്ചുതുടങ്ങട്ടെ.
ഫലം അറിയാമല്ലോ.''

സ്നേഹപൂര്‍വമുള്ള നിര്‍ദേശം ആദരപൂര്‍വം ഏറ്റുവാങ്ങി.

ഒരു ഔഷധംകൂടി ജനിക്കുന്നു. സംഗീതോപാസകരോടുള്ള ആചാര്യന്റെ കാരുണ്യവും കരുതലും.

ഇങ്ങനെ എത്രയെത്രെ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായി! പുണ്യം, സുകൃതം...

(കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ അഡീഷണല്‍ ചീഫ് ഫിസിഷ്യനാണ് ലേഖകന്‍)