വ്യക്തിത്വ മാഹാത്മ്യത്താലും കര്‍മ മണ്ഡലങ്ങളുടെയും സേവനരംഗങ്ങളുടെയും വൈവിധ്യത്താലും ബഹുമുഖത്വത്തിന്റെ മഹിത മുദ്രകളനവധി ചൂടിയ ഡോ. പി.കെ. വാര്യരെ ഏതേതു വിശേഷണങ്ങളെക്കൊണ്ടാണ് നമുക്ക് വിശദീകരിക്കാനാവുക? വൈദ്യംകൊണ്ട് മഹാവൈദ്യന്‍, തന്റെ ചികിത്സാ ശാസ്ത്രത്തിലെ വ്യുല്‍പ്പത്തികൊണ്ട് കുലഗുരു, പ്രതിഭാ വിലാസത്താലൊരു മഹാമനീഷി, ജീവിതത്തിലാകട്ടെ ഋഷിതുല്യന്‍, ഒറ്റവാക്കില്‍ പറഞ്ഞാലൊരു കര്‍മയോഗി, അക്ഷരാര്‍ഥത്തിലൊരു നവോത്ഥാനപുരുഷന്‍!

മഹത്തായ ഭാരതീയ പൈതൃകത്തിന്റെ ആത്മാംശമായിരിക്കുന്ന ആയുര്‍വേദ വൈദ്യശാസ്ത്രത്തിന്റെ ഖ്യാതി കാലദേശാതിവര്‍ത്തിയായി വിപുലപ്പെടുത്തുന്ന കര്‍മസമരത്തില്‍ പി.കെ. വാര്യരും പങ്കാളിയായി. അതിനായി പൂര്‍വസൂരികളുടെ പാദമുദ്രകള്‍ (അദ്ദേഹത്തിന്റെ പ്രബന്ധ, പ്രസംഗ സമാഹാരത്തിന്റെ നാമകരണം ' പാദമുദ്രകള്‍' എന്ന പദം കൊണ്ടാണെന്നത് യാദൃച്ഛികമല്ല) അദ്ദേഹം അനുധാവനം ചെയ്തു. ആര്യവൈദ്യത്തിലെ ആദിപുരുഷനായ ധന്വന്തരി (ധന്വന്തരിയുടെ പേരിലുള്ള പ്രശസ്തമായ ആയുര്‍വേദ പുരസ്‌കാരവും അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു; 2001 നവംബറില്‍ ബോംബെയില്‍ വെച്ച്) മുതല്‍ തന്റെ വല്യമ്മാവന്‍ വൈദ്യരത്‌നം പി.എസ്. വാര്യര്‍ വരെയുള്ള ജ്ഞാനതാരകങ്ങളുടെയും ഭൈഷജ്യരത്‌നങ്ങളുടെയും പേരില്‍ അദ്ദേഹം അഭിമാനംകൊള്ളുകയും അവരോടുള്ള ആദരം സദാ കാത്തുസൂക്ഷിക്കുകയും ചെയ്തു.

പാരമ്പര്യത്തിന് കല്പിക്കുന്ന പ്രാധാന്യം അദ്ദേഹത്തിന്റെ ആത്മകഥയുടെ ഓരോ അക്ഷരത്തിലും സ്പന്ദിക്കുന്നുണ്ട്. എന്നുവെച്ച് പാരമ്പര്യത്തിന്റെ പൂജകനായ ഡോ. പി.കെ. വാര്യര്‍ ഏതു ശാസ്ത്രത്തിന്റെയും വിശേഷാല്‍ വൈദ്യശാസ്ത്രത്തിന്റെയും നൈരന്തര്യത്തിനും ഉത്ക്കര്‍ഷത്തിനും അനിവാര്യമായ ആധുനികീകരണത്തെക്കുറിച്ചുള്ള ഉത്തമബോധ്യമുള്ളയാളായിരുന്നു. ആര്യവൈദ്യശാലയുടെ നേതൃത്വത്തിന്റെ ഓരോ ഘട്ടത്തിലും അദ്ദേഹത്തില്‍ അത് പ്രകടമായിരുന്നു. പാരമ്പര്യവും പരിവര്‍ത്തനവും സമന്വയിപ്പിച്ചുകൊണ്ടുള്ള ആ സന്തുലിത സമീപനത്തിന്റെ പ്രതിഫലനം കൂടിയാണ് സ്ഥാപനത്തിന്റെ വിസ്മയകരമായ വികാസം. ഈ നിലപാടിലും വൈദ്യരത്‌നത്തിന്റെ വീക്ഷണം തന്നെയാണ് അദ്ദേഹം പിന്തുടര്‍ന്നത്. അറിവും മനോധര്‍മവും ആ മനോഭാവത്തില്‍ സംഗമിച്ചു.

ഡോ. പി.കെ. വാര്യരുടെ ചികിത്സാരീതിക്ക് മാത്രമല്ല, ആകെ ജീവിതത്തിനുതന്നെയുണ്ടായിരുന്നു ഒരു സാരള്യ സൗന്ദര്യവും ലാളിത്യഗാംഭീര്യവും. ഏത് ഔന്നത്യത്തിലും തന്റെ ജീവിതശൈലിയുടെ സാധാരണത്വം അദ്ദേഹം കൈവിടുന്നില്ല. പദ്മശ്രീയൊക്കെ ലഭിക്കുന്നതിനു മുമ്പുള്ള കാലത്ത് ഒരിക്കല്‍ ആയുര്‍വേദത്തെപ്പറ്റിയുള്ള ഒരു പ്രഭാഷണത്തിനായി അദ്ദേഹം അമേരിക്കയിലേക്ക് ക്ഷണിക്കപ്പെട്ടു. തിരിച്ചുവരുമ്പോള്‍ നാട്ടുകാര്‍ എല്ലാവരും കൂടി ചേര്‍ന്ന് അദ്ദേഹത്തിന് വിപുലമായൊരു പൗരസ്വീകരണം സംഘടിപ്പിച്ചു (കൈലാസ മന്ദിരത്തിനു മുറ്റത്തായിരുന്നു പരിപാടി. അതില്‍ അധ്യക്ഷതവഹിച്ചത് അഭിമാനം പകരുന്ന ഓര്‍മയാണ്) അന്ന്, തനിക്ക് ലഭ്യമായ അംഗീകാരങ്ങളത്രയും ആര്യവൈദ്യശാലയ്ക്കും അതിന്റെ സ്ഥാപകനും അതിനെ വളര്‍ത്തിവലുതാക്കിയ ജീവനക്കാര്‍ക്കും സമര്‍പ്പിച്ചുകൊണ്ടുള്ള മറുപടിപ്രസംഗത്തില്‍ തന്റെ യാത്രയിലെ വലിയ ആശ്വാസമായി അദ്ദേഹം എടുത്തുപറഞ്ഞത് അമേരിക്കയിലും തന്റെ പതിവു ആഹാരസാധനങ്ങള്‍ എങ്ങനെയൊക്കെയോ ലഭ്യമായതിനാല്‍ തന്റെ ' കഞ്ഞികുടി' മുട്ടിയില്ലെന്നായിരുന്നു!

ആ സാമീപ്യം ഊര്‍ജദായകമായി അനുഭവപ്പെട്ട ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ട്. അതത്രയും തേജോമയമാണ്. അദ്ദേഹത്തോടൊപ്പം വേദി പങ്കിടുന്നതുമാത്രമല്ല, വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ ലഭിക്കുന്ന നേരംപോലും അതീവധന്യമാണ്. കലാ, സാഹിത്യസംരംഭങ്ങളുടെ പരിപാലകനും പരിപോഷകനും മാത്രമല്ല, സ്വയംതന്നെ മികവുറ്റ പ്രഭാഷകനും എഴുത്തുകാരനുമാണ് പി.കെ. വാരിയര്‍. അദ്ദേഹം ചെയ്ത ഓരോ പ്രഭാഷണവും എഴുതിയ ഓരോ പ്രബന്ധവും ലേഖനവും അറിവിന്റെ ആഴംകൊണ്ട് ശ്രദ്ധേയമാണ്. പ്രഭാഷണത്തിലും സംഭാഷണത്തിലും പലപ്പോഴും അദ്ദേഹം ഒരു വാക്ക് പറയുന്നതുകേട്ടിട്ടുണ്ട്. ' നിശ്ചല്ല്യ' (ആ കാര്യം തനിക്കറിയില്ല എന്ന അര്‍ഥത്തില്‍) ഏത് ഉയര്‍ച്ചയുടെ ഉച്ചിയിലും വാരിയര്‍ കൈവിടാത്ത ഈ വിനയം അറിവുള്ളവരുടെ ലക്ഷണമായിട്ടാണ് തോന്നിയിട്ടുള്ളത്.

അങ്ങനെ അദ്ദേഹം വല്യമ്മാവന്റെ പിന്തുടര്‍ച്ച സാര്‍ഥകമായി സാക്ഷാത്കരിച്ചു. കുടുംബാംഗങ്ങളും ബന്ധുക്കളും മാത്രമല്ല അടുത്തറിയുന്നവരും പി.കെ. വാരിയരെ കുട്ടിമ്മാന്‍ എന്നാണ് സ്‌നേഹപൂര്‍വം വിളിച്ചുപോന്നിരുന്നത്. വല്ല്യമ്മാവന്റെ കരളും പൊരുളും തന്നെയാണ് കുട്ട്യമ്മാവനിലൂടെ പ്രകടമായത്.