കേരളത്തില്‍ അവയവദാനത്തിന് ആളില്ല - അന്വേഷണപരമ്പര (ഒന്നാം ഭാഗം) 

'നിങ്ങള്‍ നോ പറഞ്ഞാല്‍ ഇവിടെ ഒന്നും സംഭവിക്കില്ല. ഏതൊരു ദിവസവും പോലെ ഇന്നും കടന്നുപോകും. മറക്കപ്പെടും. എന്നാല്‍ നിങ്ങളുടെ ഒരു യെസ് ചിലപ്പോള്‍ നാളെ ചരിത്രമായേക്കാം. വരാനിരിക്കുന്ന ഒരുപാട് പേര്‍ക്ക് യെസ് പറയാന്‍ ധൈര്യം പകരുന്ന ചരിത്രം...' 2011-ല്‍ ഇറങ്ങിയ ട്രാഫിക് എന്ന സിനിമയിലെ ഡയലോഗുകള്‍ കേരളജനതയെ ചെറുതായൊന്നുമല്ല സ്വാധീനിച്ചത്. മരണാനന്തര അവയവദാനങ്ങള്‍ ഉത്തരവാദിത്തമായി കേരളസമൂഹം ഏറ്റെടുത്തു. മാധ്യമങ്ങളില്‍ വലിയ ആഘോഷങ്ങളായി.

2012ല്‍ ഒമ്പത് പേരില്‍ നിന്ന് 22 അവയവദാനങ്ങള്‍ നടന്നപ്പോള്‍ 2015ല്‍ 76 പേരില്‍ നിന്ന് 218 അവയവങ്ങള്‍ നിരവധി പേര്‍ക്ക് ജീവനേകി. 2016ല്‍ ജനസംഖ്യാനിരക്കിന് ആനുപാതികമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരണാനന്തര അവയവദാനം നടന്ന സംസ്ഥാനമെന്ന ബഹുമതി കേരളം സ്വന്തമാക്കി. 

അതിനിടെ വിവാദങ്ങളും ആരോപണങ്ങളും തലപൊക്കി. ലക്ഷങ്ങളുടെ ഇടപാടുകള്‍ നടക്കുന്ന മേഖലയായതിനാല്‍ അവയവദാനത്തിനു പിന്നിലെ കച്ചവട താത്പര്യങ്ങളും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. വിവാദങ്ങള്‍ക്കു പിന്നാലെ മസ്തിഷ്‌കമരണ സ്ഥിരീകരണത്തിന് സര്‍ക്കാര്‍ കര്‍ശന നടപടിക്രമങ്ങള്‍ ഏര്‍പ്പെടുത്തി. അവയവദാന ബോധവത്കരണത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ പിന്തിരിയുന്നതായും നിയമക്കുരുക്കുകള്‍ പേടിച്ച് ആശുപത്രികള്‍ അവയവദാനങ്ങളില്‍ ശ്രദ്ധ കുറക്കുന്നതായും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

2017-ലെ ആദ്യ ഒമ്പതുമാസം കഴിയുമ്പോള്‍ 11 പേരുടെ അവയവങ്ങള്‍ മാത്രമാണ് ദാനം ചെയ്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് അവയവത്തിനായി കാത്തിരിക്കുന്നത് രണ്ടായിരത്തിലധികം രോഗികളും.

knos
Data - KNOS

കേരളത്തിന് ഇതെന്തു സംഭവിച്ചു? വിവാദങ്ങള്‍ക്ക് അടിസ്ഥാനമുണ്ടോ? ആശുപത്രികളുടെ അകത്തളങ്ങളില്‍ നടക്കുന്നതെന്ത്? അപ്രിയ സത്യങ്ങള്‍ക്കൊപ്പം അസത്യങ്ങളും പ്രചരിക്കുന്നുണ്ടോ?  മാതൃഭൂമി ഡോട്ട് കോം അന്വേഷിക്കുന്നു...

ഒന്നാം ഭാഗം - വഴിമുടക്കിയത് വിവാദങ്ങളോ?

2015-ല്‍ കൊല്ലം സ്വദേശിയായ, ജനറല്‍ മെഡിസിന്‍ ഡോക്ടര്‍ എസ്. ഗണപതി, അവയവദാനത്തിന്റെ മറവില്‍ ചൂഷണങ്ങള്‍ നടക്കുന്നുവെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചു. മസ്തിഷ്‌കമരണം സ്ഥിരീകരിച്ച് അവയവങ്ങള്‍ എടുക്കുന്നത് തെറ്റാണെന്ന് വാദിച്ചു. അവയവം മാറ്റിയതിനു ശേഷം എത്രപേര്‍ ആരോഗ്യത്തോടെ ജീവിച്ചു എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. 

ആരോപണങ്ങളും വിവാദങ്ങളും ശക്തമായതോടെ, കഴിഞ്ഞ ഫെബ്രുവരിയില്‍, മസ്തിഷ്‌കമരണം സ്ഥിരീകരിക്കാനുള്ള പരിശോധനാ നടപടികള്‍ പരിഷ്‌കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മരണം നടക്കുന്ന ആശുപത്രിയിലെ ഡോക്ടര്‍ക്കൊപ്പം പുറത്തുനിന്ന് മൂന്ന് ഡോക്ടര്‍മാര്‍ കൂടി പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. ഇതിലൊരാള്‍ സര്‍ക്കാര്‍ ഡോക്ടറായിരിക്കണം. പരിശോധനകളുടെ വീഡിയോ പകര്‍ത്തണം. വെന്റിലേറ്റര്‍ നീക്കം ചെയ്യുമ്പോള്‍ ശ്വസിക്കാത്തത് മരണം മൂലമാണെന്ന് ഉറപ്പാക്കുന്ന പെരിഫെറല്‍ നേര്‍വ് സ്റ്റിമുലേഷന്‍ ടെസ്റ്റ് നടത്തണം.

Dr. s. Ganapathy
Dr. S. Ganapathy

കൃത്യമായ പരിശോധനകളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഗണപതി അഭിപ്രായപ്പെടുന്നു. പരിശോധനയിലെ പഴുതുകള്‍ അടച്ചുവെന്ന് അധികൃതരും അവകാശപ്പെടുന്നു. എന്നാല്‍ പൊതുജനവും ഡോക്ടര്‍മാരും ആശുപത്രികളും പിന്‍വലിഞ്ഞിരിക്കുകയാണ്. രോഗികള്‍ തട്ടിപ്പിനെ ഭയക്കുമ്പോള്‍, നിയമക്കുരുക്കുകളില്‍ നിന്ന് ഒഴിവാകാനാണ് ആശുപത്രികള്‍ ശ്രമിക്കുന്നത്. വീഡിയോ റിക്കോഡിങ് തങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് ഒരു വിഭാഗം ഡോക്ടര്‍മാരും ആരോപിക്കുന്നു.

മസ്തിഷ്‌കമരണവും മരണമല്ലേ?

സ്വാഭാവിക മരണത്തിലും വ്യത്യസ്തമാണ് മസ്തിഷ്‌കമരണം. വെന്റിലേറ്ററിന്റെ സഹായത്തോടെ ഹൃദയവും ശ്വാസകോശവും പ്രവര്‍ത്തിക്കും, രക്തയോട്ടം ഉണ്ടായിരിക്കും, ശരീരത്തിലെ താപനില സാധാരണമായിരിക്കും. വിവാദങ്ങള്‍ അന്തരീക്ഷത്തില്‍ നിറയുമ്പോള്‍, സ്വാഭാവികമായും സാധാരണക്കാരനില്‍ ഇതെല്ലാം സംശയം ഉളവാക്കും.

അതേസമയം, മസ്തിഷ്‌കമരണം സംഭവിക്കാത്തയാള്‍ക്ക്, മസ്തിഷ്‌കമരണം ഉറപ്പാക്കാനുള്ള ആപ്നിയ പരിശോധന നടത്തിയാല്‍ മരണം സംഭവിക്കാമെന്ന് ഡോ. ഗണപതി ചൂണ്ടിക്കാട്ടുന്നു. ഹൃദയസ്തംഭനം പോലെയുള്ള ഗുരുതര പ്രത്യാഘാതങ്ങളും ഉണ്ടാകാം. ജര്‍മനിയില്‍ അടുത്തകാലത്ത് മസ്തിഷ്‌കമരണം സംഭവിച്ച, ഗര്‍ഭിണികളായ 12 സ്ത്രീകളുടെ ഗര്‍ഭാവസ്ഥ നാലുമുതല്‍ എട്ട് ആഴ്ച വരെ വൈദ്യസഹായത്തോടെ തുടരാനായി. ആരോഗ്യമുള്ള കുട്ടികള്‍ക്ക് അവര്‍ ജന്‍മം നല്‍കി. ബ്രസീലില്‍ മസ്തിഷ്‌കമരണം സംഭവിച്ച ഒരു യുവതി 123 ദിവസം ഗര്‍ഭസ്ഥാവസ്ഥ തുടരുകയും കുട്ടിക്ക് ജന്‍മം നല്‍കുകയും ചെയ്തു. ഹൃദയം നിലച്ചുള്ള മരണത്തിലൂടെ ( cardiac death ) വേണം അവയവങ്ങള്‍ എടുക്കാനെന്നും ഗണപതി ആവശ്യപ്പെടുന്നു.

dr. noble
Dr. Noble Gracious (Nodal Officer, Kerala Network for Organ Sharing)

എന്നാല്‍ ഹൃദയംനിലച്ചുള്ള മരണത്തിലൂടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന അവയവങ്ങള്‍ ലഭിക്കാന്‍ സാധ്യതകുറവാണെന്നും അതിനുള്ള സാങ്കേതിക വിദ്യ ഇവിടില്ല എന്നും ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍ വ്യക്തമാക്കുന്നു.

യുഎസ്സില്‍ ഹൃദയപ്പെട്ടി (heart box) പോലുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് അവയവമാറ്റം നടത്തുന്നതെന്നും കാലിഫോര്‍ണിയ യൂണിവേഴ്സിറ്റില്‍ 15-ഓളം ശസ്ത്രക്രിയകള്‍ ഇതിനോടകം ഹൃദയപ്പെട്ടി ഉപയോഗിച്ച് നടത്തിക്കഴിഞ്ഞുവെന്നും ഗണപതിയുടെ മറുവാദം. 

ലോകത്തിലെ ഏറ്റവും മികച്ച വൈദ്യശാസ്ത്ര സൗകര്യങ്ങളുള്ള യുഎസ്സില്‍ അരലക്ഷത്തില്‍ അധികം മസ്തിഷ്‌കമരണ അവയവദാനങ്ങള്‍ ഒരു വര്‍ഷം നടക്കുന്നുവെന്ന് മൃതസഞ്ജീവനി നോഡല്‍ ഓഫീസറും ന്യൂറോസര്‍ജനുമായ ഡോ. നോബിള്‍ ഗ്രേഷ്യസ് ചൂണ്ടിക്കാട്ടുന്നു. ഒരു ഡോക്ടര്‍ മസ്തിഷ്‌കമരണം സര്‍ക്കാരിനെ അറിയിക്കാതിരുന്നാല്‍ അവയവം പാഴാക്കിയെന്ന പേരില്‍ അയാള്‍ക്ക് എതിരെ നിയമപരമായി നടപടിയെടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

തട്ടിപ്പുകള്‍ കെട്ടുകഥകള്‍ മാത്രമോ?

ജീവിച്ചിരിക്കുന്ന ദാതാവില്‍ നിന്ന് അവയവം തട്ടിയെടുത്തതായി നിരവധി കേസുകള്‍ വന്നിട്ടുണ്ടെന്നും അവയില്‍ പലതും യാഥാര്‍ഥ്യമാണെന്ന് തെളിഞ്ഞിട്ടുമുണ്ടെന്ന് രാജീവ് സദാനന്ദന്‍ വ്യക്തമാക്കുന്നു.

Rajeev Sadanandan
Rajeev Sadanandan Addl. Chief Secretary, Department of Health & Family Welfare

അവയവ വില്‍പനകള്‍ ധാരാളം നടക്കുന്നുവെന്നാണ് ഡോ. ഗണപതി ആരോപിക്കുന്നത്. ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്ത് പാവങ്ങളെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കുകയും തുച്ഛമായ പണം നല്‍കി പറഞ്ഞയക്കുകയും ചെയ്യുന്നു. നിയമവിരുദ്ധമായ കാര്യമായതിനാല്‍ അവരാരും പരാതിപ്പെടുകയുമില്ല. പണത്തിനായി അവയവം നല്‍കി, പട്ടിണിയായവരെ കുറിച്ച് തമിഴ്നാട്ടില്‍ പഠനം നടന്നിട്ടുണ്ട്. സേലം, ചെങ്കോട്ട ഭാഗങ്ങളിലാണ് തട്ടിപ്പുകള്‍ വ്യാപകമെന്നും ഡോ. ഗണപതി പറയുന്നു.

ജീവനെടുക്കുന്ന നിയമക്കുരുക്കുകള്‍ 

അപ്രതീക്ഷിതമായി ഉണ്ടാകുന്ന മസ്തിഷ്‌കമരണവും പെട്ടന്നു നടത്തേണ്ട അവയവദാനവും, നടപടിക്രമങ്ങളുടെ സങ്കീര്‍ണതകള്‍ മൂലം നീണ്ടുപോകുന്നതായി ഡോ. നോബിള്‍ പറയുന്നു. മരണം നടക്കുന്ന വേളയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഡോക്ടര്‍മാരെയും ക്യാമറാസംഘത്തെയും എത്തിക്കേണ്ട ചുമതല മരണം സംഭവിക്കുന്ന ആശുപത്രിക്കാണ്. നടപടികള്‍ മണിക്കൂറുകളോളം നീളും. ഐസിയു ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ സേവനം ഇതിനായി മാറ്റിവെയ്ക്കണം. വീഡിയോ ചിത്രീകരിക്കാന്‍ 30,000 രൂപ വരെ വാങ്ങുന്നവരുണ്ട്. ഇതിന്റെയെല്ലാം ചിലവുകള്‍ വഹിക്കേണ്ടത് സ്വീകര്‍ത്താവാണ്. 

മസ്തിഷ്‌കമരണം സ്ഥിരീകരിച്ച് അവയവമാറ്റശസ്ത്രക്രിയ നടത്താന്‍ 36 മുതല്‍ 40 മണിക്കൂര്‍ വരെയെടുക്കാറുണ്ട്.  നീളുന്ന നടപടിക്രമങ്ങള്‍ മൂലം അവയവദാനം ഉപേക്ഷിക്കാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിതരാകുന്നു. പരിശോധനകളുടെ വീഡിയോ എടുക്കുന്നതിനോട് ഡോക്ടര്‍മാര്‍ വിമുഖത കാട്ടുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

നടപടികളും വിവാദവും പിടിമുറുക്കിയത് പല ഡോക്ടര്‍മാരെയും ഭയപ്പെടുത്തിയിട്ടുണ്ടെന്ന് രാജീവ് സദാനന്ദന്‍ പറയുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ ഉത്തരവ് അവയവദാനത്തിലും മസ്തിഷ്‌കമരണ സ്ഥിരീകരണത്തിലും കൂടുതല്‍ വ്യക്തത കൊണ്ടുവന്നു. ഇതിലൂടെ പഴുതുകളെല്ലാം അടയ്ക്കാനായി. നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചാല്‍ യാതൊരു കുഴപ്പവും ഉണ്ടാവില്ല എന്ന് ഡോക്ടര്‍മാര്‍ക്ക് ഞങ്ങള്‍ ഉറപ്പുനല്‍കുന്നതായും അദ്ദേഹം അറിയിച്ചു.

അതേസമയം, അവയവമാറ്റവും മസ്തിഷ്‌കമരണവും സംബന്ധിച്ച് സര്‍ക്കാര്‍ ഇപ്പോള്‍ ഇറക്കിയ ഉത്തരവ് ഫലപ്രദമാണെന്ന് ഡോ. ഗണപതി വിലയിരുത്തുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ഒരു സ്വകാര്യ ആശുപത്രിയുടെ അവയവദാന ലൈസന്‍സ് അടുത്തയിടെ നഷ്ടമായി. അതിനാല്‍ മറ്റ് ആശുപത്രികള്‍ക്ക് ഇപ്പോള്‍ ഭയമുണ്ട്. അവയവത്തിന് തകരാറുള്ള എല്ലാ രോഗികളും അവയവം സ്വീകരിക്കാന്‍ യോഗ്യരാവണമെന്നില്ല. കൊടുക്കുന്ന മരുന്നുകളെല്ലാം വളരെ ശക്തിയുള്ളതാണ്. അവ താങ്ങാനുള്ള ശേഷി വൃക്കയ്ക്കും കരളിനുമെല്ലാം ഉണ്ടാവണമെന്ന വസ്തുതയും ഗണപതി ഓര്‍മപ്പെടുത്തുന്നു. 

( നല്ല നാളുകള്‍ മടങ്ങിവരുമോ? രണ്ടാം ഭാഗത്തില്‍  ചര്‍ച്ച ചെയ്യുന്നു )