കൊച്ചി: നിപാ വൈറസ് ബാധയെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ 21 ദിവസത്തെ കര്‍മപദ്ധതി ആവിഷ്‌കരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. നിപ ബാധിതനായി ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

വിവിധ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള ചുമതലകളായ കോണ്‍ടാക്ട് ട്രേസിങ്, ഐസോലേഷന്‍, പരിശീലനം, ചികിത്സാ സൗകര്യമൊരുക്കല്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും സ്ഥിതിഗതികള്‍ യോഗം വിലയിരുത്തുകയും ചെയ്തു. അതാത് ദിവസത്തെ പ്രവര്‍ത്തനങ്ങളും പുരോഗതിയും വൈകുന്നേരം ആറ് മണിയോടുകൂടി അവലോകനം നടത്തും. വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചാണ് പ്രതിരോധ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. 

കോള്‍സെന്ററില്‍ തിങ്കളാഴ്ച വിവരങ്ങള്‍ അന്വേഷിച്ച്110 ഫോണ്‍ കോളുകള്‍ ലഭിച്ചു. അതില്‍ ഏഴുപേര്‍ക്ക് പനിയുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ പനി ഗുരുതരമല്ല. എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ കോള്‍സെന്ററിലൂടെ നല്‍കിയിട്ടുണ്ട്. കോൾസെന്റർ 24മണിക്കൂർ പ്രവർത്തന സജ്ജമായിരിക്കും  -മന്ത്രി പറഞ്ഞു.  

കേന്ദ്രസംഘത്തിന്റെ നേതൃത്വത്തില്‍ ഉറവിടം കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഐസോലേഷന്‍വാര്‍ഡിലുള്ള അഞ്ച്‌പേരുടെ സ്രവങ്ങള്‍ നാളെ പരിശോധനക്കയക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

Content Highlights: Nipah Virus, k k shaila teacher