ലിയ വിപത്തായി പടരുമായിരുന്ന മഹാമാരിയെ പിടിച്ചുകെട്ടിയതിന്റെ ആശ്വാസവും സന്തോഷവും അവരുടെ ഒരോരുത്തരുടെയും മുഖത്ത് വായിച്ചെടുക്കാമായിരുന്നു. അക്ഷരാര്‍ഥത്തില്‍ ഒരു യുദ്ധം തന്നെയാണ് അവര്‍ നയിച്ചത്. 'നിപ'യ്‌ക്കെതിരേ പടനായകരെപ്പോലെ ഡോക്ടര്‍മാരും അവര്‍ക്കൊപ്പം പടയാളികളായി നഴ്സുമാരും അവര്‍ക്ക് എല്ലാ സഹായവുമായി മറ്റ് ജീവനക്കാരും അണിനിരക്കുകയായിരുന്നു.

'നിപ' സ്ഥിരീകരിച്ച 23-കാരനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ 53 ദിവസമാണ് അവര്‍ പോരാടിയത്. ആ പോരാട്ടത്തിന്റെ വിജയസ്മിതമായിരുന്നു അവരുടെ ഒരോരുത്തരുടെയും മുഖത്ത് വിടര്‍ന്നത്.

nipah free ernakulam
എറണാകുളം ജില്ലയെ നിപ വിമുക്ത ജില്ലയായി മന്ത്രി കെകെ ശൈലജ പ്രഖ്യാപിക്കുന്നതുകേട്ട് കൈയടിക്കുന്ന ഡോക്ടര്‍മാരും ജീവനക്കാരും

ഡോ. അനൂപ് ആര്‍. വാരിയര്‍, ഡോ. ബോബി വര്‍ക്കി, ഡോ. അനുരൂപ് ബാലഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിപ ബാധിതനായ യുവാവിനെ ചികിത്സിച്ചത്. ഇവര്‍ക്കൊപ്പം ഒന്‍പത് നഴ്‌സുമാരും സഹായികളായി എട്ട് ജീവനക്കാരുമുണ്ടായിരുന്നു.

നിപയെന്ന മഹാമാരിയുടെ പിടിയില്‍നിന്ന് 23 -കാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന യാത്ര പങ്കുവയ്ക്കുകയാണ് ഡോ. അനൂപ് ആര്‍. വാരിയര്‍.

രോഗിയെത്തിയത് സംസാരിക്കാന്‍പോലും കഴിയാത്ത അവസ്ഥയില്‍

ജൂണ്‍ ഒന്ന് ശനിയാഴ്ച അതിരാവിലെയാണ് കലശലായ പനിയുമായി യുവാവിനെ ആസ്റ്റര്‍ മെഡ്സിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിച്ചത്. സംസാരിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അപ്പോള്‍. നടക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. രണ്ടാഴ്ചയോളം വിവിധ ആശുപത്രികളിലെ ചികിത്സയ്ക്ക് ശേഷമായിരുന്നു ഇവിടേക്ക് എത്തിയത്. പനിക്കുള്ള പ്രാഥമിക പരിശോധനകളാണ് ആദ്യം നടത്തിയത്. എം.ആര്‍.ഐ. സ്‌കാനും നടത്തിയശേഷമാണ് വാര്‍ഡിലേക്ക് കൊണ്ടുവരുന്നത്.

എന്നാല്‍, രോഗത്തെക്കുറിച്ച് ഒരു നിഗമനത്തിലെത്താന്‍ സാധിക്കാതെവന്നതോടെ അന്നുതന്നെ സാമ്പിള്‍ എടുത്ത് ബെംഗളൂരുവിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. മസ്തിഷ്‌കജ്വരം അടക്കം തലച്ചോറിനെ ബാധിക്കുന്ന പതിനഞ്ചോളം രോഗങ്ങളില്‍ ഏതെങ്കിലുമാണോ യുവാവിനെ ബാധിച്ചിരിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു ഈ പരിശോധനയുടെ ലക്ഷ്യം.

ശനിയാഴ്ച രാത്രിതന്നെ ഫോണ്‍ വന്നു

ശനിയാഴ്ച വൈകീട്ട് ബെംഗളൂരുവില്‍ എത്തിച്ച സാമ്പിളിന്റെ പരിശോധനാ റിപ്പോര്‍ട്ട് അറിയിക്കാന്‍ അന്നുരാത്രി പത്തുമണിയോടെ ആശുപത്രിയിലേക്ക് ഫോണ്‍വിളിയെത്തി. രോഗിയെ ബാധിച്ചിരിക്കുന്നത് 'നിപ'യാണ് എന്നായിരുന്നു ലാബില്‍നിന്ന് അറിയിച്ചത്. പരിശോധനാ റിപ്പോര്‍ട്ട് കേട്ട് ആദ്യമൊന്ന് ഞെട്ടി. വീട്ടിലേക്ക് മടങ്ങിയിരുന്ന ഡോക്ടര്‍മാരൊക്കെ ആശുപത്രിയിലേക്ക് എത്തി. യുവാവിനൊപ്പമുള്ള ബന്ധുക്കളോടൊക്കെ വിവരം അറിയിക്കണം. ആശുപത്രിയില്‍ രോഗിയെ പരിചരിച്ചവരോടും വിവരങ്ങള്‍ പറയണം. ആവശ്യമായ മുന്‍കരുതലൊക്കെയെടുക്കണം.

എല്ലാവരും പെട്ടെന്ന് ഉണര്‍ന്നു

ഡോക്ടര്‍മാര്‍ നേരിട്ട് യുവാവിന്റെ മാതാപിതാക്കളോടും ബന്ധുക്കളോടും സംസാരിച്ചു. അമ്മയായിരുന്നു യുവാവിനെ പരിചരിച്ച് ഒപ്പമുണ്ടായിരുന്നത്. യുവാവിനെ 'ഐസൊലേഷന്‍' വാര്‍ഡിലേക്ക് മാറ്റി. നിപയെന്ന സംശയം ആദ്യമൊന്നും ഉണ്ടാകാതിരുന്നതിനാല്‍ ഡോക്ടര്‍മാരോ നഴ്സുമാരോ അത്തരം മുന്‍കരുതലൊന്നും എടുത്തിരുന്നില്ല. രോഗിയെ പരിചരിച്ച ജീവനക്കാര്‍ക്കൊക്കെ രാത്രിതന്നെ ഇതിനാവശ്യമായ പരിശീലനം നല്‍കി.

ഇതിനോടകം രോഗിയുടെ നില കൂടുതല്‍ വഷളായിരുന്നു. എന്താണ് ചുറ്റും നടക്കുന്നതെന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു യുവാവ്.

aster medcity kochi
ആസ്റ്റര്‍ മെഡ്സിറ്റിയില്‍ നടന്ന ചടങ്ങിനുശേഷം ചിത്രം പകര്‍ത്തുന്ന ജീവനക്കാര്‍

രാത്രിതന്നെ ഡി.എം.ഒ.യെ വിവരം അറിയിച്ചു

ശനിയാഴ്ച രാത്രി 11-ഓടെ ഡി.എം.ഒ.യെ വിളിച്ച് വിവരം അറിയിച്ചു. അപ്പോഴും നിപയെന്ന് സ്ഥിരീകരിക്കാനാകുമായിരുന്നില്ല. പുണെയിലെ 'നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി'യില്‍ നിന്നുള്ള പരിശോധനാ ഫലം ലഭിച്ചാലേ സ്ഥിരീകരിക്കാനാകൂ. ബന്ധുക്കളോടുപോലും നിപയെന്ന് സംശയിക്കുന്നതായി മാത്രമാണ് പറഞ്ഞത്. പക്ഷേ, കാത്തുനില്‍ക്കാനാവില്ല. നിപയാണെന്ന റിപ്പോര്‍ട്ടാണ് ബെംഗളൂരുവില്‍നിന്ന് ലഭിച്ചിരിക്കുന്നത്.

ഞായറാഴ്ച രാവിലെ 'റിബാവിറിന്‍' ഗുളിക എത്തിച്ചു

ശനിയാഴ്ച രാത്രി വിവരം ഡി.എം.ഒ.യെ അറിയിച്ചതോടെ അതിവേഗമാണ് സര്‍ക്കാര്‍ സംവിധാനം പ്രവര്‍ത്തിച്ചത്. ഞായറാഴ്ച രാവിലെ തന്നെ നിപ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്ന 'റിബാവിറിന്‍' ഗുളിക സര്‍ക്കാര്‍ ആസ്റ്ററില്‍ എത്തിച്ചു. കോട്ടയത്ത് റിബാവിറിന്‍ ഗുളിക ലഭ്യമായിരുന്നതാണ് രക്ഷയായത്. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെ റിബാവിറിന്‍ ഗുളിക രോഗിക്ക് നല്‍കിത്തുടങ്ങി.

രാവിലെതന്നെ കളക്ടര്‍, ഡി.എം.ഒ. അടക്കമുള്ള അധികൃതര്‍ ആശുപത്രിയിലെത്തി. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ആരോഗ്യവിദഗ്ദ്ധര്‍ എത്തി ഐസൊലേഷന്‍ വാര്‍ഡിലെ സൗകര്യങ്ങള്‍ അടക്കം പരിശോധിച്ചു. അതിനുശേഷം രോഗിയെ ഇവിടെത്തന്നെ ചികിത്സിക്കാന്‍ ആരോഗ്യമന്ത്രിയടക്കം നിര്‍ദേശിക്കുകയായിരുന്നു.

രണ്ടുദിവസം കഴിഞ്ഞപ്പോള്‍ പുണെയിലെ വൈറോളജി ലാബില്‍ നിന്ന് നിപ തന്നെയാണെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടും വന്നു.

ബോധാവസ്ഥയില്‍ മാറ്റമുണ്ടായപ്പോഴും പനി തുടര്‍ന്നു

ചികിത്സ ഒരാഴ്ച പിന്നിട്ടപ്പോള്‍ യുവാവിന്റെ ബോധാവസ്ഥയില്‍ മാറ്റമുണ്ടായി. ശരീരത്തിന്റെ ബാലന്‍സും തിരികെ കിട്ടി. സംസാരശേഷിയും നല്ല രീതിയില്‍ മെച്ചപ്പെട്ടു. പക്ഷേ, അപ്പോഴും പനി തുടര്‍ന്നു. അതോടെ, ഐസൊലേഷന്‍ വാര്‍ഡില്‍ തനിച്ചുകിടക്കുന്നത് യുവാവിന് വലിയ ബുദ്ധിമുട്ടായി. ആരെങ്കിലും ഒപ്പം വേണമെന്ന ആവശ്യം യുവാവ് ഉന്നയിച്ചു.

ഇതിനിടയില്‍ തൊണ്ടയിലും രക്തത്തിലും നടത്തിയ തുടര്‍പരിശോധനയില്‍ രോഗാണുക്കളുടെ സാന്നിധ്യം കണ്ടെത്താതിരുന്നത് വലിയ ആശ്വാസമായി. എന്നാല്‍, മൂത്രത്തില്‍ അപ്പോഴും രോഗാണുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. അതിനാല്‍ത്തന്നെ രോഗിയോടൊപ്പം ആരെയെങ്കിലും അനുവദിക്കുക സാധ്യമായിരുന്നില്ല.

nipah survivor gokul krishna

നിപയെ അതിജീവിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ഗോകുല്‍ കൃഷ്ണയുമായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ സംസാരിക്കുന്നു

അമ്മയുമായി സംസാരിക്കാന്‍ ഇന്റര്‍കോം

ഐസൊലേഷന്‍ വാര്‍ഡില്‍നിന്ന് അമ്മയുമായി സംസാരിക്കാനുള്ള സൗകര്യം ഒരുക്കിക്കൊണ്ടാണ് ഈ പ്രതിസന്ധിയെ മറികടന്നത്. ഐസൊലേഷന്‍ വാര്‍ഡിന് പുറത്തിരിക്കുന്ന അമ്മയുമായി സംസാരിക്കാന്‍ ഇതിനായി 'ഇന്റര്‍കോം' സൗകര്യമാണ് ഒരുക്കിയത്. ഐസൊലേഷന്‍ വാര്‍ഡില്‍ ഒറ്റയ്ക്ക് കഴിയുന്നതിന്റെ വിരസത ഒഴിവാക്കാനായി ടി.വി.യില്‍ സിനിമ കാണാനുള്ള സൗകര്യവും ഒരുക്കി. കേബിള്‍ കണക്ഷന്‍ നല്‍കാന്‍ കഴിയാത്തതിനാല്‍ പെന്‍ഡ്രൈവില്‍ സേവ് ചെയ്താണ് ടി.വി.യില്‍ സിനിമ കാണിച്ചത്.

രണ്ടാഴ്ചയോളം കഴിഞ്ഞാണ് മൂത്രത്തില്‍നിന്ന് രോഗാണുകളുടെ സാന്നിധ്യം ഇല്ലാതായത്. മൂന്നാഴ്ചയോളം രോഗി പൂര്‍ണമായും ഐസൊലേഷന്‍ വാര്‍ഡിലാണ് കഴിഞ്ഞത്.

ഒരുമാസം പിന്നിട്ടപ്പോള്‍ യുവാവിനോട് വിവരം പറഞ്ഞു

മൂത്രത്തിലും നിപ വൈറസിന്റെ സാന്നിധ്യം ഇല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെ യുവാവിനോട് നിപയായിരുന്നു ബാധിച്ചതെന്ന വിവരം അറിയിച്ചു. ഇതിന് പിന്നാലെ യുവാവിനെ മുറിയിലേക്ക് മാറ്റി. അപ്പോള്‍മുതല്‍ അമ്മയും ഒപ്പമുണ്ടായിരുന്നു. കോറിഡോറിലൂടെ ചെറുതായി നടക്കാനും അനുവദിച്ചു.

അപ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ ചില തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടു. നടന്നാല്‍ ശ്വാസംമുട്ടുന്ന അവസ്ഥയുമുണ്ടായി. അത് സാധാരണനിലയിലാകാന്‍ വൈകി.

സാധാരണനിലയിലായപ്പോള്‍ ഒന്നര മാസം

നിപയുടെ ഭീഷണിയെല്ലാം മറികടന്ന് യുവാവിന്റെആരോഗ്യനില സാധാരണനിലയിലാകാന്‍ ഒന്നരമാസത്തോളം എടുത്തു. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളൊക്കെ ആദ്യ ആഴ്ച പിന്നിട്ടതോടെ മെച്ചപ്പെട്ടെങ്കിലും പനിയും മറ്റ് പ്രശ്‌നങ്ങളും തുടരുകയായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലാകാനാണ് ഏറെ സമയം എടുത്തത്.

ഇതിനിടയില്‍ പലതവണ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സംഘം ആശുപത്രിയിലെത്തി രോഗിയുടെ പുരോഗതി വിലയിരുത്തിയിരുന്നു. ഇവരുടെ വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാനും തീരുമാനിച്ചത്.

ഒരു മാസത്തോളം വീട്ടിലും അതീവ ശ്രദ്ധ

തികച്ചും സാധാരണ അവസ്ഥയിലാണ് യുവാവിപ്പോള്‍. എന്നിരുന്നാലും ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടം എപ്പോഴും ഉണ്ടാകും. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധനയ്ക്കായി വീട്ടിലെത്തും. ഭക്ഷണമൊക്കെ സാധാരണ രീതിയില്‍ കഴിക്കാം. ജലദോഷവും പനിയുമൊന്നും പിടിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സന്ദര്‍ശകരെയൊക്കെ കുറയ്ക്കണമെന്ന് നിര്‍ദേശം കൊടുത്തിട്ടുണ്ട്. അത്തരം മുന്‍കരുതല്‍ മാത്രമേ ആവശ്യമുള്ളൂ. ഒരുമാസം പിന്നിട്ടാല്‍ എല്ലാം സാധാരണപോലെ.

dr azad mooppen

നിപ ബാധിതന്റെ ചികിത്സയില്‍ പങ്കാളികളായ നഴ്‌സുമാരും മറ്റ് ജീവനക്കാരും ഇവരാണ്

നഴ്‌സുമാര്‍

സ്റ്റെഫി ഫ്രാന്‍സിസ്, മേരി അലീന, ഹെപ്‌സീബ, സിജി ഈപ്പന്‍, ബിനോമോന്‍ തോമസ്, സോം പി. ജോസഫ്, റെലില്‍ രാജു അലക്‌സ്, അജിത് ബി. ചന്ദ്രന്‍, ഹരികൃഷ്ണന്‍.

മറ്റ് ജീവനക്കാര്‍

പ്രശോഭ് പി.പി, ജിന്‍സ് വി.എസ്, ജിന്‍സണ്‍ ജോസ്, മഹേഷ് മോഹന്‍, വല്ലി ഷണ്‍മുഖന്‍, പ്രസന്നകുമാരി, ജാസ്മിന്‍ ജോസ്, മഞ്ജു ഷാജന്‍.

Content Highlight: Nipah Patient discahrged from Aster medcity and Ernakulam declared Nipah Free