കൊച്ചി: നിപ സ്ഥിരീകരിച്ച യുവാവിനെ കൂടാതെ നാലു പേര്‍ കൂടി നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഇവരില്‍ പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രക്തസാംപിളുകള്‍ പരിശോധനയ്ക്കയക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നിപ സ്ഥിരീകരിച്ച രോഗിയുടെ ഒരു കുടുംബാംഗവും, സഹപാഠിയും, രോഗിയെ പരിചരിച്ച രണ്ട് നേഴ്‌സുമാരുമാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ ഒരാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിപ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും മന്ത്രി വ്യക്തമാക്കി. രോഗിയെ ആദ്യഘട്ടത്തില്‍ പരിചരിച്ചവരാണ് രണ്ട് നേഴ്‌സുമാര്‍.

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കി. മൂന്ന് മെഡിക്കല്‍ കോളേജില്‍ ഐസോലേഷന്‍ വാര്‍ഡ് ഒരുക്കിയിട്ടുണ്ട്. വിദഗ്ധ പരിശീലനം നേടിയ ഡോക്ടര്‍മാരും ജീവനക്കാരുമാണ് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പൂര്‍ണസജ്ജരാണെന്നും മന്ത്രി അറിയിച്ചു.

ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡീസ് എന്ന മരുന്നാണ് നിപ ചികിത്സയ്ക്കായി ഓസ്‌ട്രേലിയയില്‍ നിന്നും എത്തിച്ചത്. മരുന്ന് സ്‌റ്റോക്ക് ഉണ്ടെങ്കിലും ഉപയോഗിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി വേണം. ഇത് അനുവദിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനസര്‍ക്കാരിനെ ബന്ധപ്പെട്ടിരുന്നു. പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൂക്ഷിച്ചിരിക്കുന്ന മരുന്ന് ഉടന്‍ രോഗിക്ക് ലഭ്യമാക്കും. വിദഗ്ധസംഘത്തിന്റെ നേതൃത്വത്തിലാവും ചികിത്സ. ഐസിഎംആര്‍ പ്രോട്ടോക്കോള്‍ പ്രകാരമാണ് ചികിത്സ നടത്തുക. ആറ് പേരടങ്ങുന്ന കേന്ദ്രസംഘത്തിന്റെ സഹായവും ആരോഗ്യവകുപ്പിനുണ്ട്. 

നിപ സ്ഥിരീകരിച്ച പറവൂര്‍ സ്വദേശിയായ യുവാവ് മെയ്‌ 16 വരെ തൊടുപുഴയില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. അതിനു ശേഷം തൃശൂരിലെ ഹോസ്റ്റലില്‍ താമസിച്ചിട്ടുണ്ട്. എറണാകുളം പറവൂരാണ് യുവാവിന്റെ വീട്. ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള കൂടുതല്‍ പരിശോധനകള്‍ വരുംദിവസങ്ങളില്‍ നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. സമ്പര്‍ക്കപ്പട്ടികയില്‍ 86 പേരാണ് നിലവിലുള്ളത്.

Content Highlights: Nipah Virus Kerala, Nipah Kochi