കൊച്ചി: നിപ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലുള്ള വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയെന്ന് ആരോഗ്യവകുപ്പ്. രോഗിയുടെ പനി പൂര്‍ണമായും മാറി, നിപ തലച്ചോറിനെ നേരിയ തോതില്‍ ബാധിച്ചിട്ടുണ്ടെങ്കിലും വിദ്യാര്‍ഥിക്ക് സംസാരിക്കാനും തനിയെ നടക്കാനും ഭക്ഷണം കഴിക്കാനും സാധിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

കളമേശ്ശേരി മെഡിക്കല്‍ കോളേജില്‍ പൂനെ വൈറോളജി ലാബില്‍ നിന്നുള്ള സംഘം പരിശോധിച്ച വിദ്യാര്‍ഥിയുടെ മൂന്ന് സാംപിളുകളില്‍ ഒന്നില്‍ നിപ വൈറസ് ഉള്ളതായി കണ്ടെത്തിയിരുന്നു. ഇത് പൂനെ ലാബില്‍ നടത്തിയ പരിശോധനയിലും സ്ഥിരീകരിച്ചു. രോഗം പൂര്‍ണമായും മാറിയെന്ന് ഉറപ്പുവരുത്തിയതിനുശേഷമേ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 

അതേസമയം പനി ലക്ഷണങ്ങളോടെ ഏഴ് പേരാണ് നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ നിപ പരിശോധന നെഗറ്റീവ് ആണെങ്കിലും ജാഗ്രത തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. രോഗലക്ഷണങ്ങളോടെ കൂടുതല്‍ പേര്‍ എത്താത്തത് വലിയ ആശ്വാസമാണ് ആരോഗ്യവകുപ്പിന് നല്‍കുന്നത്. നിപ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തിയ 327 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ ആര്‍ക്കും നിലവില്‍ യാതൊരു രോഗലക്ഷണങ്ങളും ഇല്ല. 

പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിപ കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന നാലുസംഘങ്ങള്‍ കൊച്ചിയിലേയും സമീപപ്രദേശങ്ങളിലേയും 73 സ്വകാര്യ ആശുപത്രികളില്‍ പരിശോധന നടത്തി. ജില്ലയിലെ വിവധ തദ്ദേശസ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 1798 മരണങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ സംഘം പരിശോധിച്ചു. ഇക്കൂട്ടത്തില്‍ നിപ രോഗവുമായി സാമ്യമുള്ള മരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. 

Content Highlight: Nipah Virus Infection Kochi, Nipah Kochi, Nipah Kerala, Nipah Virus Kozhikode, Nipah Patient