കൊച്ചി: പനി ലക്ഷണങ്ങളോടെ ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന നാല് പേരെ ഡിസ്ചാര്‍ജ് ചെയ്തതായി ആരോഗ്യമന്ത്രി കെകെ ശൈലജ. നിലവില്‍ ഏഴ് പേരാണ് രോഗലക്ഷണങ്ങളോടെ കളമശ്ശേരി മെഡിക്കല്‍ കേളേജില്‍ നിരീക്ഷണത്തിലുള്ളത്. നിപയുടെ വലിയ ആശങ്കയൊഴിഞ്ഞങ്കെിലും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുമെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ചികിത്സയിലുള്ള നിപ രോഗിയുടെ നില മെച്ചപ്പെട്ടന്നും വിദ്യാര്‍ഥി അമ്മയുമായി സംസാരിച്ചെന്നും മന്ത്രി പറഞ്ഞു. ശനിയാഴ്ച കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പൂനെ വൈറോളജി ലാബില്‍ നിന്നുള്ള വിദഗ്ധസംഘം നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥിയുടെ രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും വൈറസിന്റെ സാന്നിധ്യം ഇല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ മൂത്രത്തില്‍ വൈറസിന്റെ സാന്നിധ്യം ഉണ്ട്.

വൈറസ് ബാധ തലച്ചോറിനെ നേരിയ രീതിയില്‍ ബാധിച്ചിട്ടുണ്ടെങ്കിലും ഇത് പരിഹരിക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. രോഗിയുടെ നിലവിലെ ആരോഗ്യനില ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ രണ്ടാം ഘട്ട രക്ത സാമ്പിളും പൂനെയിലേക്ക് അയച്ചിട്ടുണ്ട്. ആകെ 327 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുളളത്. ഇതില്‍ 52 പേരാണ് ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്ളത്.

അതേസമയം നനിപ വൈറസിന്റെ ഉറവിടംതേടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി എറണാകുളത്തും തൊടുപുഴയിലുമായി 12 ഇടങ്ങളില്‍നിന്ന് വവ്വാലുകളെ പിടികൂടും. നിപ ബാധിച്ച് ചികിത്സയിലുള്ള യുവാവിന്റെ വീടായ വടക്കന്‍ പറവൂരില്‍ എട്ടുസ്ഥലങ്ങളാണ് വവ്വാലുകളെ പിടിക്കുന്നതിനായി കണ്ടെത്തിയത്. പുണെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള മൂന്നംഗസംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന.

നിലവില്‍ വവ്വാലുകളുടെ കാഷ്ഠവും മൂത്രവുമെല്ലാം പലയിടത്തുനിന്നായി ശേഖരിച്ചിട്ടുണ്ട്. വൈറസിന്റെ സാന്നിധ്യമുണ്ടെങ്കില്‍ അത് മൂത്രത്തില്‍ പ്രകടമായിരിക്കും. വവ്വാലുകളെ പിടികൂടുന്നതിനും നിരീക്ഷണത്തിനുമെല്ലാം കൃത്യമായ മാര്‍ഗരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍ മുന്നേറുന്നത്.പത്ത് ദിവസത്തിനുള്ളില്‍ ഉറവിടം സംബന്ധിച്ച വിവരം ലഭിക്കുമെന്നാണ് കരുതുന്നതെന്ന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘം പറഞ്ഞു.

Content Highlight: Nipah Virus Infection Kochi, Nipah Kochi, Nipah Virus Kochi