ന്യൂഡല്‍ഹി: കേരളത്തില്‍ നിപ വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ എല്ലാ സഹായങ്ങളും ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നിപ സംശയമുണര്‍ന്നപ്പോള്‍ തന്നെ നടപടികള്‍ സ്വീകരിച്ചിരുന്നു. കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയാണ് പൂനെയിലെ വൈറോളജി ലാബില്‍നിന്ന് പരിശോധനഫലം ലഭിച്ചത്. ആറ് പേരുടെ സംഘത്തെ കഴിഞ്ഞദിവസം തന്നെ കേരളത്തിലേക്ക് അയച്ചു. സംസ്ഥാന സര്‍ക്കാര്‍ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. നിലവില്‍ നിപ സ്ഥിരീകരിച്ചയാളുമായി ബന്ധമുണ്ടായിരുന്ന 86 പേര്‍ നിരീക്ഷണത്തിലാണ്- കേന്ദ്രമന്ത്രി വിശദീകരിച്ചു. 

ചൊവ്വാഴ്ച രാവിലെ സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി ഫോണില്‍ബന്ധപ്പെട്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ സാഹചര്യം ചര്‍ച്ച ചെയ്യാനായി ഡല്‍ഹിയില്‍ ചൊവ്വാഴ്ച രാവിലെ കേന്ദ്ര ആരോഗ്യമന്ത്രി കേന്ദ്ര ആരോഗ്യസെക്രട്ടറി, ഐ.എം.ആര്‍. പ്രതിനിധികള്‍ തുടങ്ങിയവരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. 

Content Highlights: nipah virus in kerala; union minister harsh vardhan offers all helps from union government