കൊച്ചി: കൊച്ചിയില്‍ നിപ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. കഴിഞ്ഞ ദിവസത്തേക്കാള്‍ മെച്ചപ്പെട്ട ആരോഗ്യനിലയിലാണ് രോഗി ഉള്ളതെന്നും കടുത്ത പനി കുറഞ്ഞെന്നുമാണ് വിവരം. ഇടവിട്ടുള്ള പനിയാണ് ഇപ്പോഴുള്ളത്. രോഗലക്ഷണങ്ങള്‍ക്കുള്ള മരുന്നുകളാണ് നല്‍കുന്നത്. ഇവ ഫലപ്രദമാകുന്നു എന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന സൂചന.

അതേസമയം, യുവാവുമായി ഇടപെട്ട നാലു പേര്‍ക്ക് പനിലക്ഷണങ്ങള്‍ കണ്ടെത്തിയതായി ആരോഗ്യമന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തേ, നിപ സംശയത്തിന്റെ പേരില്‍ നിരീക്ഷണത്തിലായിരുന്നവരാണിവര്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ യുവാവിനെ പരിചരിച്ച രണ്ട് നഴ്‌സുമാര്‍ക്കും യുവാവിന്റെ ഒരു ബന്ധുവിനും സുഹൃത്തിനുമാണ് പനി ബാധിച്ചിട്ടുള്ളത്. 

നഴ്‌സുമാരെ അതേ ആശുപത്രിയില്‍ തന്നെയുള്ള ഐസൊലേഷന്‍ വാര്‍ഡിലേക്കും സുഹൃത്തിനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ സജ്ജീകരിച്ചിട്ടുള്ള ഐസൊലേഷന്‍ വാര്‍ഡിലേക്കും മാറ്റിയിട്ടുണ്ട്. ബന്ധുവിനെ വീട്ടില്‍തന്നെ നിരീക്ഷണത്തില്‍ വെച്ചിരിക്കുകയാണെന്നാണ് വിവരം. ഇവരുടെ രക്ത സാമ്പിളുകളും പരിശോധനയ്ക്ക് അയക്കാനാണ് തീരുമാനം.

എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിയായ യുവാവിനാണ് നിപ ബാധിച്ചിരിക്കുന്നത്. തൊടുപുഴയില്‍ കോളജ് വിദ്യാര്‍ഥിയായ യുവാവ് തൃശൂരില്‍ ഇന്റേണ്‍ഷിപ്പിനായി പോകുമ്പോഴാണ് കടുത്ത പനി ബാധിതനായത്. കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവ് പിന്നീട് നാട്ടിലെത്തി പറവൂരിലെ ആശുപത്രിയില്‍ അഡ്മിറ്റായി. എന്നാല്‍, പനി മൂര്‍ച്ഛിച്ചതോടെ ഇവിടെനിന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു.

Content Highlights: Nipah Virus in Kerala; Patient's Health Condition is Stable, Four More Under Observation