തൃശ്ശൂര്‍: നിപ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാര്‍ഥിയുമായി ഇടപഴകിയ ഒരാള്‍ക്ക് കൂടി നേരിയ പനി. തൃശ്ശൂരില്‍ വിദ്യാര്‍ഥി പരിശീലനം നടത്തിയിരുന്ന കേന്ദ്രത്തിലെ അധ്യാപികയ്ക്കാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ നേരിയ പനി തുടങ്ങിയത്. ഇതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം വീട്ടിലെത്തി പരിശോധിക്കുകയാണെന്ന് തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ജി. റീന അറിയിച്ചു. 

അതേസമയം, ഭയം കൊണ്ടാണ് തനിക്ക് നേരിയ പനിയുള്ളതെന്ന് അധ്യാപിക തന്നെ പറഞ്ഞതായും ഡി.എം.ഒ. വ്യക്തമാക്കി. എന്തായാലും പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടയുള്ളവര്‍ ഇവരെ പരിശോധിക്കുകയാണ്. 

നിലവില്‍ തൃശ്ശൂര്‍ ജില്ലയില്‍ 27 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 17 പുരുഷന്മാരും പത്തു സ്ത്രീകളുമാണുള്ളത്. തൃശ്ശൂരിലെ പരിശീലനകേന്ദ്രത്തില്‍ വിദ്യാര്‍ഥിയുടെ സഹപാഠികളായിരുന്നവരും വിദ്യാര്‍ഥി ആദ്യം ചികിത്സ തേടിയ ആശുപത്രിയിലെ നഴ്‌സുമാരും ഇവരില്‍ ഉള്‍പ്പെടും. 

അതേസമയം നിപയുടെ ഉത്ഭവകേന്ദ്രം ഇടുക്കിയിലാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഇടുക്കി ഡി.എം.ഒ.യും മാധ്യമങ്ങളോട് വ്യക്തമാക്കി. ഇടുക്കിയില്‍ ആരും ഇതുവരെ നിരീക്ഷണത്തിലില്ലെന്നും പക്ഷേ, തൊടുപുഴയില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജമാണെന്നും ഡി.എം.ഒ. അറിയിച്ചു. 

കൊല്ലം ജില്ലയില്‍ മൂന്നുപേരാണ് നിപ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവര്‍ നിലവില്‍ വീടുകളിലാണുള്ളത്. പനിയോ മറ്റെന്തെങ്കിലും അസ്വസ്ഥകളോ അനുഭവപ്പെട്ടാല്‍ വിവരം അറിയിക്കാന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കൊല്ലം ഡി.എം.ഒ.യും അറിയിച്ചു. ഇവരെ ദിവസവും നിരീക്ഷിക്കുമെന്നും പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡി.എം.ഒ. കൂട്ടിച്ചേര്‍ത്തു. 

Content Highlights: Nipah Virus in Kerala; One more person is under observation in Thrissur