കൊച്ചി: കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ വിദഗ്ധ സഹായങ്ങള്‍ക്കായി കേന്ദ്രസംഘം കേരളത്തിലെത്തി. ഡല്‍ഹി എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ ആറംഗസംഘമാണ് ചൊവ്വാഴ്ച രാവിലെയോടെ കൊച്ചിയിലെത്തിയത്. കേന്ദ്രസംഘം സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കും. 

കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തിന് എല്ലാവിധ സഹായങ്ങളും ഉറപ്പുനല്‍കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചിരുന്നു. സംസ്ഥാന ആരോഗ്യമന്ത്രിയുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്‌തെന്നും ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ യോഗംചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. 

നിപ സ്ഥിരീകരിച്ചതോടെ ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. 01123978046- ആണ് ഡല്‍ഹിയിലെ കണ്‍ട്രോള്‍ റൂം നമ്പര്‍. 

Content Highlights: Nipah Virus in Kerala; Central Team from AIIMS Reached in Kochi