കൊച്ചി: പനി ബാധിച്ച് കൊച്ചിയിലെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ ബാധ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്. പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്നാണ് ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചത്. എറണാകുളത്തെ ആസ്റ്റര്‍ മെഡ്സിറ്റിയിലാണ് യുവാവ് ചികിത്സയില്‍ കഴിയുന്നത്.

നേരത്തെ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ നിപയോട് സാദൃശ്യമുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് മണിപ്പാലിലേക്കും അവിടെനിന്ന് പുണെയിലേക്കും അയച്ചത്.

നിപ സ്ഥിരീകരിച്ച യുവാവിനെ കൂടാതെ നാല് പേര്‍ കൂടി അതീവ നിരീക്ഷണത്തിലാണ്. രോഗിയുടെ ഒരു സഹപാഠിയും കുടുംബാംഗവും ചികിത്സിച്ച രണ്ട് നേഴ്‌സുമാരുമാണ് പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ തുടരുന്നത്. ഇതില്‍ ഒരാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായും മന്ത്രി വ്യക്തമാക്കി. 

രോഗം ബാധിച്ച എത്തിയവരെ ചികിത്സിക്കുക എന്നതാണ് ഏറ്റവും പ്രാഥമികമായ കാര്യം. പ്രതിരോധപ്രവര്‍ത്തനങ്ങളും ഇതിനോടൊപ്പം നടത്തും. നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങള്‍ രണ്ടാം ഘട്ടത്തിലാവും. ഇടുക്കിയാണ് രോഗത്തിന്റെ ഉറവിടമെന്ന് പറയാനാവില്ല. കൂടുതല്‍ പരിശോധനകളിലൂടെ മാത്രമേ ഇത്തരം കാര്യങ്ങള്‍ സ്ഥിരീകരിക്കാനാവുകയുള്ളൂ. 

രോഗിയുമായി അടുത്തിടപഴകിയവരുള്‍പ്പെടെ 86 പേര്‍ നിരീക്ഷണത്തിലുണ്ട്. നിപ ബാധിച്ച യുവാവിന് എല്ലാ സൗകര്യങ്ങളും ആശുപത്രി അധികൃതര്‍ അവിടെ ഒരുക്കിയിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണ്. സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ല. മറ്റുള്ള രോഗികള്‍ ഭയപ്പെടേണ്ടതില്ല. കളമശ്ശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലാണ് ജില്ലയിലെ ഐസൊലേഷന്‍ വാര്‍ഡ്.

മുന്‍കരുതലെന്ന നിലയ്ക്ക് എല്ലാ മെഡിക്കല്‍ കോളേജുകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എറണാകുളത്തിനോട് ചേര്‍ന്നുള്ള ജില്ലകളിലും ഐസൊലേഷന്‍ വാര്‍ഡ് സൗകര്യമുണ്ടാകും. കോഴിക്കോട് നിപ ബാധയുണ്ടായ സമയത്തെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് കരുതല്‍ നടപടികള്‍ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്ടു നിന്നുള്ള വിദഗ്ധസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്.

ചികിത്സയ്ക്ക് മരുന്നുള്‍പ്പെടെയുള്ളവ ലഭ്യമാണ്. നിപ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനുപയോഗിച്ച റിബാവിറിന്‍ എന്ന ഗുളികകള്‍ ആരോഗ്യവകുപ്പിന്റെ കൈവശമുണ്ട്. ഇത് ചികിത്സയിലുള്ള യുവാവിന് നല്‍കുന്നുണ്ട്. മുമ്പ് നിപ ബാധയുണ്ടായ സമയത്ത് ഓസ്ട്രേലിയയില്‍ നിന്ന് മരുന്നെത്തിച്ചിരുന്നു. അന്നുകൊണ്ടുവന്ന ഹ്യൂമന്‍ മോണോ ക്ലോണല്‍ ആന്റിബോഡി ഇപ്പോള്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്. അത്യാവശ്യം വന്നാല്‍ അതു കേരളത്തിന് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

Content Highlights: nipah virus confirmed-health minister verify