കൊച്ചി: നിപ രോഗ ബാധിതനായ വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി മെഡിക്കല്‍ ബുള്ളറ്റിന്‍. പനി കുറഞ്ഞെന്നും  മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും മെഡിക്കല്‍ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. അതേ സമയം സംസ്ഥാനത്ത് 311 പേർ നിരീക്ഷണത്തിലാണെന്ന് സർക്കാർ വാർത്താകുറിപ്പിൽ വ്യക്തമാക്കി. 

വിദ്യാര്‍ഥിയെ ചികിത്സിച്ച നഴ്‌സുമാരുടെ ആരോഗ്യനിലയിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. 

എറണാകുളം, തൃശൂർ, ഇടുക്കി, കൊല്ലം ജില്ലകളിലുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. മൂന്ന് നഴ്സുമാരും വിദ്യാർഥിയുടെ സുഹൃത്തുമടക്കം നാല് പേരാണ് ഇപ്പോൾ ഐസോലേഷൻ വാർഡിലുള്ളത്.

പനി പടരാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

അതേ സമയം തൃശൂരില്‍ പനിയുമായി പ്രവേശിച്ച മൂന്ന് പേരുടേതും സാധാരണപനിയാണെന്നും അവരുടേയും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 

കൊല്ലത്ത് രോഗലക്ഷണങ്ങളുമായി ഒരാള്‍ നിരീക്ഷണത്തിലുണ്ട്. തുടര്‍ന്ന് കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ഐസോലേഷന്‍ വാര്‍ഡ് തുറന്നിട്ടുണ്ട്.

Content Highlights: Nipah, Student's health condition improving