കൊച്ചി: നിപ ബാധിച്ച് ചികിത്സയിലുള്ള വിദ്യാർഥിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. നിപ സംശയത്തില്‍ നിരീക്ഷണത്തിലുള്ള അഞ്ച് പേരുടെ രക്തസാമ്പിളുകള്‍ പൂണെയിലെ വൈറോളജി ലാബിലേക്ക് അയച്ചതായും മന്ത്രി അറിയിച്ചു.  

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നിപ രോഗ ബാധിതന്റേയും ഐസലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുള്ള അഞ്ച് പേരുടേയും നില മെച്ചപ്പെട്ടിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ രക്ത സാമ്പിളുകളുടെ പരിശോധനാ ഫലം രണ്ടു ദിവസത്തിനകം എത്തും. അതു വരെ സാധാരണ ചികിത്സയാണ് നൽകുന്നത്. എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു. അതേസമയം നിപ വൈറസിനെതിരെയുള്ള ചികിത്സയ്ക്കുപയോഗിക്കുന്ന ഹ്യൂമണ്‍ മോണോക്ലോണല്‍ ആന്റിബോഡിസ് അടങ്ങിയിട്ടുള്ള മരുന്ന് കൊച്ചിയില്‍ എത്തിച്ചിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമായതിനാൽ ഈ മരുന്ന് ഉടൻ നൽകേണ്ടിവരില്ലെന്നാണ് കരുതുന്നതെന്നും മന്ത്രി അറിയിച്ചു. 

സംസ്ഥാനത്താകെ നിരീക്ഷണത്തിലുള്ള 311 പേരുടെ കണക്കുകള്‍ വൈകുന്നേരത്തോടെ വ്യക്തമാക്കും. ഉറവിടം കണ്ടെത്തുന്നതിനുള്ള വിദഗ്ധ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. നിലവിലെ സ്ഥിതിഗതികളനുസരിച്ച് സംസ്ഥാനത്തുടനീളം സ്‌കൂളുകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്നും ആവശ്യമെങ്കില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് വേണ്ട തീരുമാനം ബുധനാഴ്ച വൈകുന്നേരത്തോടെയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

Content Highlights: Nipah