കൊച്ചി: ജില്ലയില്‍ നിപ രോഗം സംശയിക്കപ്പെട്ടിരുന്ന യുവാവിന് രോഗം സ്ഥിരീകരിച്ചതോടെ ജില്ലാ കളക്ടര്‍ അതീജ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
 
വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി ആരോഗ്യ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ എറണാകുളം ഗെസ്റ്റ് ഹൗസില്‍ വെച്ച് വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു. നിപ പ്രതിരോധം സംബന്ധിച്ചുള്ള എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ ജില്ലാ കണ്‍ട്രോള്‍ റൂം വഴിയായിരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഫോറസ്റ്റ്, മൃഗസംരക്ഷണം, തൊഴില്‍ വകുപ്പുകള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. ഇതര സംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നിരീക്ഷണം ശക്തമാക്കണമെന്ന് തൊഴില്‍ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഒന്നിടവിട്ട ദിവസങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ സന്ദര്‍ശിച്ച് രോഗലക്ഷണങ്ങളുള്ളവരുണ്ടോ എന്ന് വിലയിരുത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും വേണം. ലേബര്‍ ക്യാമ്പുകളില്‍ അവരുടെ ഭാഷയിലുള്ള ബോധവല്‍ക്കരണ പോസ്റ്ററുകള്‍ തയ്യാറാക്കി പ്രദര്‍ശിപ്പിക്കണം. മലയാളം കൈകാര്യം ചെയ്യാന്‍ അറിയുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് അവരുടെ ഇടയില്‍ ബോധവല്‍ക്കരണം നടത്തണം. ആയുര്‍വേദ, ഹോമിയോ വകുപ്പുകള്‍ പനി, മറ്റു ഗുരുതര ലക്ഷണങ്ങളോടെയെത്തുന്നവരെ അലോപ്പതി സംവിധാനത്തിലേക്ക് റഫര്‍ ചെയ്യണം. മൃഗസംരക്ഷണ വകുപ്പ് കഴിഞ്ഞ മൂന്ന് ആഴ്ചകളില്‍ ഉണ്ടായിട്ടുള്ള അസ്വാഭാവിക സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. പന്നിവളര്‍ത്തു കേന്ദ്രങ്ങളിലും മറ്റും വവ്വാലുകളുമായി നേരിട്ടുള്ള ബന്ധം ഉണ്ടാകാത്ത രീതിയിലുള്ള സുരക്ഷ ഒരുക്കണം. ഫാമുകളെ പ്രത്യേകം നിരീക്ഷണത്തില്‍ വെക്കണം. വനംവന്യജീവി വകുപ്പും നിരീക്ഷണം ശക്തമാക്കേണ്ടതാണെന്ന നിര്‍ദേശവും വന്നിട്ടുണ്ട്. 

രോഗം സ്ഥിരീകരിച്ച വടക്കേക്കര പഞ്ചായത്തുള്‍പ്പെടുന്ന ഏഴിക്കര ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിപ സംബന്ധിച്ച പ്രത്യേക പരിശീലനം  നടത്തി. നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യനില വിലയിരുത്തുന്നതിനായി അടുത്ത 21 ദിവസത്തേക്കായി പ്രത്യേക കര്‍മ്മ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ഷീജ എന്‍.എ യുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം വടക്കേക്കരയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ നടപടികള്‍ വിശദീകരിച്ചു. 

 ഇത് കൂടാതെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലെയും ജീവനക്കാര്‍ക്ക് ബുധനാഴ്ച പരിശീലനം നല്‍കും. പനിബാധിതരായി എത്തുന്ന രോഗികളെ പരിചരിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, ഒരുക്കേണ്ട സജ്ജീകരണങ്ങള്‍ എന്നിവ സംബന്ധിച്ചാണ് ബോധവല്‍ക്കരണം നല്‍കുന്നത്. പനി ബാധിച്ച കാലയളവില്‍ രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരുടെയും, പരിചരിച്ചവരുടെയും  വിശദമായ ലിസ്റ്റ് തയ്യാറാക്കി അവരുടെ ഓരോരുത്തരുടെയും ആരോഗ്യ നില ദൈനംദിനം വിലയിരുത്തുന്നുണ്ട്. 311 പേരുടെ ലിസ്റ്റാണ് ഇത് വരെ തയ്യാറാക്കിയിട്ടുള്ളത്. ഇവരോട് വീട്ടില്‍ തന്നെ കഴിയാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ രോഗിയുമായി അടുത്ത സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവരെ  ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്നും നേരിട്ട് ഫോണില്‍ വിളിച്ച് ആരോഗ്യനില വിലയിരുത്തുന്നുണ്ട്. ഇവരില്‍ ചെറിയ പനി, തൊണ്ട വേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ള നാലു പേരെ വിദഗ്ദ്ധ ചികിത്സ, പരിശോധന എന്നിവയ്ക്കായി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരില്‍ മൂന്നു പേര്‍ രോഗിയെ ആശുപത്രിയില്‍ പരിചരിച്ച സംഘത്തിലുണ്ടായിരുന്നവരാണ്. ഒരാള്‍ രോഗിയോടൊപ്പം പഠിച്ച വിദ്യാര്‍ത്ഥിയും. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റു ജില്ലകളിലുള്ളവരെ അതാത് ജില്ലയില്‍ നിന്നും നിരീക്ഷണം നടത്തുന്നതാണ്. നിപ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് വിവിധ നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. 

കോഴിക്കോട് നിപ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അന്നത്തെ ജില്ലാ കളക്ടര്‍ യു.വി. ജോസ്, കോഴിക്കോട് കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍  ഡോ. ആര്‍.എസ്‌ഗോപകുമാര്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍ എന്നിവര്‍ ജില്ലാ കണ്‍ട്രോള്‍ റൂമിലെത്തി ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. രോഗിയുമായി സമ്പര്‍ക്കം വന്നിട്ടുള്ളവരുടെ കൃത്യമായ ലിസ്റ്റ് ശാസ്ത്രീയമായി തയ്യാറാക്കണമെന്ന് യു.വി. ജോസ് നിര്‍ദേശിച്ചു. ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് എപിഡെമിയോളജിയില്‍ നിന്നുമുള്ള ശാസ്ത്രജ്ഞന്മാരായ ഡോ. തരുണ്‍, ഡോ. ആരതി, ഡോ. ഹരി എന്നിവരും കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചു. 

കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് ഡോ. രുചി ജയ്‌നിന്റെ നേതൃത്വത്തിലുള്ള എഴംഗസംഘവും ജില്ലയിലെത്തി യിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെയും ആരോഗ്യവകുപ്പ് സെക്രട്ടറിയുടെയും നേതൃത്വത്തില്‍ വിവിധ മെഡിക്കല്‍ ടീമുകളുടെ യോഗം ചേര്‍ന്ന് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തി.

രോഗത്തെ കുറിച്ചു പൊതുജനങ്ങള്‍ക്കുള്ള ആശങ്കകള്‍ ദുരീകരിക്കുവാന്‍ കളക്ടറേറ്റില്‍ ആരംഭിച്ചിട്ടുള്ള ജില്ലാ കണ്‍ട്രോള്‍ റൂമില്‍ സംവിധാനം  ഒരുക്കിയിട്ടുണ്ട്. 1077 എന്ന ജില്ലാ കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് പൊതുജനങ്ങളുടെ ധാരാളം ഫോണ്‍ വിളികള്‍ എത്തുന്നുണ്ട്. രോഗം പകരുന്നതെങ്ങിനെയെന്നത്  സംബന്ധിച്ചാണ് ഭൂരിപക്ഷം വിളികളും. തിരക്കുള്ള സ്ഥലങ്ങളില്‍ പോകുന്നത് സംബന്ധിച്ചും, വവ്വാലുകളുടെ സാന്നിദ്ധ്യം സംബന്ധിച്ചും, വളര്‍ത്തു മൃഗങ്ങളുമായി ഇടപഴകുന്നത് സംബന്ധിച്ചുമുള്ള അന്വേഷണങ്ങളും എത്തുന്നുണ്ട്. 

നിലവില്‍ ആശങ്കപ്പെടേണ്ടതായ യാതൊരു സാഹചര്യവുമില്ല. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ ആരോഗ്യപ്രവര്‍ത്തകര്‍ എല്ലാ ദിവസവും ഫോണ്‍ മുഖേന ബന്ധപ്പെട്ട് ആരോഗ്യനില വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.

content highlights: Niaph out break 2019, Ernakulam