കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധ ഒരാണ്ട് പിന്നിടുന്നു. 18 പേര്‍ക്ക് സ്ഥിരീകരിച്ച നിപ വൈറസ് പതിനാറ് പേരുടെ ജീവന്‍ കവര്‍ന്നപ്പോള്‍ അത്ഭുതമായി മാറിയ രണ്ട് പേരുണ്ട്. കൊയിലാണ്ടി സ്വദേശി അജന്യയും മലപ്പുറം സ്വദേശി ഉബീഷും. മരണമുഖത്ത് നിന്നും തിരിച്ചുകയറിയവരാണ് ഇരുവരും.. നിപയുടെ വാര്‍ഷികത്തില്‍ നിപയെ അതിജീവിച്ച അജന്യ സംസാരിക്കുന്നു..

'അസുഖം പൂര്‍ണമായും മാറിയതിനു ശേഷമാണ് എന്നെ ബാധിച്ചത് നിപയെന്ന മാരക രോഗമാണെന്ന് ഞാന്‍ അറിഞ്ഞത്. സാധാരണ ഒരു പനി മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. പിന്നെ തലയ്ക്ക് പിന്നില്‍ നല്ല വേദന വന്നു. തളര്‍ച്ചയും ക്ഷീണവുമായാണ് ഞാന്‍ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ ഡോക്ടറെ കാണിച്ചത്. ലക്ഷണങ്ങള്‍ നോക്കി സൈനസൈറ്റിസ് ആവുമെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. മരുന്ന് കഴിച്ചിട്ടും പനി കുറയാത്തതുകൊണ്ട് ഹോസ്റ്റലില്‍ നിന്നും ഞാന്‍ കൊയിലാണ്ടിയിലെ എന്റെ സ്വന്തം വീട്ടിലേക്ക് പോയി. അവിടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കാണിച്ചു. എന്നാല്‍ എന്തോ കാരണത്താല്‍ എന്നെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. 18നായിരുന്നു ഇത്. മെയ് 20നാണ് എനിക്ക് നിപ ആണെന്ന് സ്ഥിരീകരിച്ചത്.

എന്നാല്‍ മെഡിക്കല്‍ കോളേജില്‍ പോയതിനു ശേഷമുള്ള കാര്യങ്ങളെല്ലാം എനിക്ക് കേട്ടറിവ് മാത്രമേ ഉള്ളൂ. ഒരാഴ്ചയോളം ഞാന്‍ അബോധാവസ്ഥയില്‍ ഐ.സി.യു.വിലായിരുന്നു. അസുഖം കുറഞ്ഞ് എന്നെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് ഇത്രയും വലിയ മാരകരോഗമാണ് എനിക്ക് ബാധിച്ചതെന്ന് അറിഞ്ഞത്. നിപ ബാധിച്ച് ഇത്രയും പേര്‍ മരിച്ചെന്നും അതിനേയും അതിജീവിച്ചാണ് ഞാന്‍ ഇപ്പോഴുള്ളതെന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസമായിരുന്നു ഏറെ നാള്‍. 

2018 ലെ നിപ സ്‌പെഷ്യല്‍ പേജ് വായിക്കാം 

അച്ഛനും അമ്മയുമാണ് ഏറ്റവും കൂടുതല്‍ പേടിച്ചത്. നിപ ബാധിച്ചവരെല്ലാം മരിച്ചു, അല്ലെങ്കില്‍ മരിച്ചതിനു സമാനമായ അവസ്ഥ, എന്നെ തിരിച്ചുകിട്ടുമോ എന്നു പോലും ഉറപ്പില്ല. അവര്‍ കുറേ ടെന്‍ഷനടിച്ചു. 

ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി ബോധം വന്ന് ഞാന്‍ കണ്ണുതുറന്നു നോക്കിയപ്പോള്‍ കണ്ടത് ഒട്ടു പരിചയമില്ലാത്ത രീതിയില്‍ മാസ്‌കും പ്രത്യേകതരം വസ്ത്രങ്ങളെല്ലാം ധരിച്ച ഡോക്ടര്‍മാരേയും നേഴ്‌സുമാരേയും ആണ്. അപ്പോള്‍ ഡോക്ടറാണ് പറഞ്ഞത് നിപ എന്നൊരു പനിയാണ് എനിക്കെന്ന്. മാസ്‌ക് ധരിക്കാതെ എന്നെ കാണാന്‍ വന്ന ആദ്യ ആള്‍ ഷൈലജ ടീച്ചറായിരുന്നു. 

എന്നെ ഈ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഒരുപാട് പേരുണ്ട്. ജീവിക്കാന്‍ അവസരം തന്നവരോട്, എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവരോട് ഒരുപാട് നന്ദിയുണ്ട്. രണ്ട് മാസം റെസ്റ്റിനു ശേഷം ജൂലൈയിലാണ് ഞാന്‍ കോളേജിലേക്ക് തിരിച്ചെത്തിയത്. നിപ ബാധിച്ചതുകൊണ്ട് സുഹൃത്തുക്കളോ അധ്യാപകരോ എന്നെ അകറ്റി നിര്‍ത്തുമോ ഒറ്റപ്പെടുത്തുമോ തുടങ്ങിയ സംശയങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും ഉണ്ടായില്ല. പഠിക്കാനും വിട്ടുപോയ ഭാഗങ്ങള്‍ പഠിപ്പിക്കാനും നല്ല സപ്പോര്‍ട്ട് ആണ് എല്ലാവരും എനിക്ക് തന്നത്.  

ഇപ്പോഴും ഓര്‍ക്കുമ്പോള്‍ ഇടയ്‌ക്കൊക്കെ പേടിയാവും. എന്നാലും സന്തോഷം തന്നെ. ജീവന്‍ തിരിച്ചുകിട്ടിയല്ലോ എന്നുള്ള ആശ്വാസം, അത് ചെറുതല്ലല്ലോ..!

Content Highlight: Nipah Virus Survivor Ajanya, Nipah Virus Infection, Nipah Virus Fever