കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശനിയാഴ്ചയുണ്ടായ മരണം നിപ വൈറസ് ബാധയെ തുടര്‍ന്നല്ലെന്ന് സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ശനിയാഴ്ച രാവിലെ മരിച്ച റോജ (39)യുടെ രണ്ടാമത്തെ രക്തപരിശോധനഫലം നെഗറ്റീവ് ആണെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. കണ്ണൂര്‍ തില്ലങ്കേരി സ്വദേശിനിയാണ് റോജ.

മൂന്ന് ദിവസം മുന്‍പാണ് നിപ രോഗലക്ഷണങ്ങളെ തുടര്‍ന്ന് റോജയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ വൈറസ് സംശയത്തെ തുടര്‍ന്ന് പരിശോധന നടത്തിയിരുന്നെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം. എന്നാല്‍ വീണ്ടും രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് റോജയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെ രോഗം മൂര്‍ച്ഛിച്ച് റോജ മരിക്കുകയായിരുന്നു.

നിപ വൈറസ് ബാധ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നുവെന്ന ആശങ്കയ്ക്കിടെ രക്തപരിശോധനഫലം നെഗറ്റീവ് ആയിട്ടും റോജ മരിച്ചത് ആരോഗ്യവകുപ്പിനും ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന പരിശോധനഫലം ആരോഗ്യവകുപ്പിനും ഏറെ ആശ്വാസം നല്‍കുന്നതാണ്.