സാമൂഹികമാധ്യമങ്ങളിലൂടെയാണ് നിപ വൈറസുമായി ബന്ധപ്പെട്ട 'ഭീതിയും മുന്‍കരുതലും' കൂടുതല്‍ പടരുന്നത്. രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കണം എന്ന മട്ടിലാണ് വ്യാജ മുന്‍കരുതലുകളുടെ പ്രചാരണം. നൂറുകണക്കിന് സന്ദേശങ്ങളാണ് ഫെയ്‌സ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും ദിവസേന പ്രചരിക്കുന്നത്.

ആരോഗ്യവകുപ്പിന്റെയും ഡോക്ടര്‍മാരുടെയും മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയുമൊക്കെ പേരില്‍ വ്യാജ പ്രചാരണങ്ങളുണ്ട്. ഇതില്‍ മിക്കതിനും ഒരു ശാസ്ത്രീയ പിന്‍ബലവുമില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

വ്യാജവും വസ്തുതയും

1. കോഴി, പന്നി, ബീഫ് എന്നിവ കുറച്ചുകാലത്തേക്ക് കഴിക്കുന്നത് ഒഴിവാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

യാഥാര്‍ഥ്യം: ആരോഗ്യവകുപ്പ് ഇത്തരം നിര്‍ദേശം നല്‍കിയിട്ടില്ല. മുന്‍കരുതലെന്നോണം നന്നായി വേവിച്ച് കഴിക്കുക. വേവിച്ച് കഴിക്കുന്ന മാംസത്തില്‍ വൈറസിന് ജീവിക്കാനാവില്ല. 60 ഡിഗ്രി സെല്‍ഷ്യല്‍സില്‍ ഒരുമണിക്കൂര്‍വരെ ചൂടാക്കിയാല്‍ വൈറസ് നശിക്കും. പശുവിന്റെയും ആടിന്റെയും പാല്‍ തിളപ്പിച്ച് ഉപയോഗിച്ചാല്‍ കുഴപ്പമില്ല.

2. കോഴിയിറച്ചിയില്‍ നിപ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.

യാഥാര്‍ഥ്യം: ലോകത്ത് നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ ഇന്നുവരെ പക്ഷികളില്‍ നിപ വൈറസിനെ കണ്ടെത്തിയിട്ടില്ല. സംസ്ഥാനത്തും കോഴിയിലെന്നു മാത്രമല്ല വളര്‍ത്തുമൃഗങ്ങളിലൊന്നും വൈറസിനെ കണ്ടെത്തിയിട്ടില്ല.

3. പനനൊങ്ക് കഴിക്കുന്നത് ഒഴിവാക്കുക.

യാഥാര്‍ഥ്യം: കട്ടിയുള്ള തോടുകളുള്ള ഫലങ്ങള്‍ വവ്വാല്‍ കൊത്താനുള്ള സാധ്യതയില്ല.

4. ഭക്ഷണം പാകംചെയ്യാനും വിളമ്പാനും വാഴയില ഉപയോഗിക്കരുത്. വാഴപ്പഴം, വാഴക്കൂമ്പ് എന്നിവ കഴിക്കരുത്.

യാഥാര്‍ഥ്യം: വാഴയില വൃത്തിയായി കഴുകി ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല. വവ്വാലിന്റെയും പക്ഷികളുടെയും കടിയേറ്റിട്ടില്ലെന്ന് ഉറപ്പുള്ള വാഴക്കൂമ്പ്, നേന്ത്രപ്പഴം എന്നിവ കഴിക്കാം.

5. മാങ്ങ, ചക്ക, പേരക്ക എന്നിവ ഉപയോഗിക്കരുത്.

യാഥാര്‍ഥ്യം: പക്ഷിമൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറല്‍ ഉള്ളതുമായ പഴങ്ങളും പച്ചക്കറികളും കഴിക്കരുത് എന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. അല്ലാതെ പഴങ്ങളും പച്ചക്കറികളും കഴിക്കരുത് എന്നല്ല. ചൂടുവെള്ളത്തില്‍ നന്നായി കഴുകി ഉപയോഗിക്കാം.

6. പവിഴമല്ലിച്ചെടി നിപ വൈറസ് ബാധയ്ക്കുള്ള ഉത്തമ ഔഷധം.

യാഥാര്‍ഥ്യം: പവിഴമല്ലി നിപ ചികിത്സയ്ക്ക് ഗുണം ചെയ്യുമെന്ന് ഇതുവരെ ഒരു പഠന റിപ്പോര്‍ട്ടിലുമില്ല.

അപകടകരമായ പ്രചാരണം

നിപയെക്കാള്‍ അപകടകരമാണ് സാമൂഹികമാധ്യമങ്ങളിലെ പ്രചാരണം. മനുഷ്യത്വമില്ലാത്ത നടപടിയാണത്. നിപയുടെ ഉറവിടവുമായി ബന്ധപ്പെട്ടുള്ള പരിശോധനകള്‍ തുടരുകയാണ്. ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണമാണ് വേണ്ടത്. വവ്വാലും പക്ഷികളും കൊത്തിയ പഴങ്ങളും പച്ചക്കറികളും കഴിക്കരുത് എന്ന് മാത്രമാണ് നിര്‍ദേശമുള്ളത്. ഭക്ഷ്യവസ്തുക്കള്‍ ചൂടുവെള്ളത്തില്‍ കഴുകിയും നന്നായി വേവിക്കുകയും ചെയ്താല്‍ വൈറസുകള്‍ നശിക്കും.-ഡോ. എ.സി. മോഹന്‍ദാസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍

വിപണിയില്‍ ആശങ്ക

വ്യാജപ്രചാരണങ്ങള്‍ മൂലം കോഴി, ബീഫ്, പഴവര്‍ഗ വിപണിയില്‍ വലിയ നഷ്ടമാണുണ്ടാക്കുന്നത്. നോമ്പുകാലമായതിനാല്‍ വന്‍ കച്ചവടം നടക്കേണ്ടതാണ്. ഇരുനൂറ് രൂപയാണ് കോഴിയിറച്ചിയുടെ വില. വ്യാജപ്രചാരണം കാരണം കോഴിയിറച്ചി വില്‍പ്പന കുറഞ്ഞെന്ന് വ്യാപാരികള്‍ പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന പഴവര്‍ഗങ്ങള്‍പോലും കടകളില്‍ കെട്ടിക്കിടക്കുകയാണ്.

കള്ള് മലിനമാകരുത്

കള്ള് മലിനമാവാതിരിക്കാന്‍ ചെത്തുതൊഴിലാളികള്‍ ശ്രദ്ധിക്കണമെന്ന് കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷന്‍ സി.ഐ.ടി.യു. ജില്ലാ കോഓര്‍ഡിനേഷന്‍. ഉറുമ്പ് പോലും കലത്തില്‍ കയറാതെ ഉത്പന്നം സംരക്ഷിക്കാന്‍ കഴിയുന്ന രീതിയിലാണ് കള്ള് ചെത്തുന്നത്. എന്നാലും കൂടുതല്‍ ജാഗ്രത വേണം.

Content Highlights: Nipah Fake Reports through Social Media