കൊച്ചി: നിപ വൈറസിനെക്കുറിച്ച് പഠനം നടത്താനൊരുങ്ങി ലോകാരോഗ്യസംഘടന. മലേഷ്യയില്‍ കണ്ടെത്തിയതുമുതല്‍ കോഴിക്കോട്ടെ പേരാമ്പ്രയില്‍ കണ്ടതുവരെയുള്ള വൈറസ് ബാധകളെപ്പറ്റിയാണ് പഠനം.

ആഫ്രിക്കയില്‍ എബോള രോഗം പടര്‍ന്നതിനു പിന്നാലെ രൂപംകൊണ്ട കൊയലീഷന്‍ ഫോര്‍ എപിഡെമിക് പ്രിപ്പേര്‍ഡ്‌നെസ് ഇന്നവേഷന്‍ (സി.ഇ.പി.ഐ)എന്ന അന്താരാഷ്ട്ര സംഘടനയുമായി ലോകാരോഗ്യസംഘടന വിഷയം ചര്‍ച്ചചെയ്തു.

നിപയ്‌ക്കെതിരായ പ്രതിരോധമരുന്നു കണ്ടെത്താന്‍ സി.ഇ.പി.ഐ. 170 കോടി രൂപയും പ്രഖ്യാപിച്ചു. യു.എസ്. കമ്പനികളായ പ്രൊഫക്ടസ് ബയോസയന്‍സസ്, എമര്‍ജെന്റ് ബയോ സൊലൂഷന്‍സ് എന്നിവയ്ക്കാണ് അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഈ തുക അനുവദിച്ചത്.

മൃഗങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച മരുന്ന് മനുഷ്യരിലും കൂടി ഉപയോഗയോഗ്യമാക്കാനുള്ള പരീക്ഷണങ്ങളാകും കമ്പനികള്‍ നടത്തുക. പ്രൊഫക്ടസ് വികസിപ്പിച്ചെടുത്ത മരുന്ന് നേരത്തേ മൃഗങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചിരുന്നു. ഗവേഷകരായ ക്രിസ്റ്റഫര്‍ ബ്രോഡര്‍, കാതറിന്‍ ബൊസാര്‍ട്ട് എന്നിവര്‍ യൂണിഫോംഡ് സര്‍വീസസ് യൂണിവേഴ്‌സിറ്റി ഓഫ് ദ ഹെല്‍ത്ത് സയന്‍സസില്‍വെച്ച് 15 വര്‍ഷംമുന്‍പ് കണ്ടുപിടിച്ച പ്രതിരോധമരുന്നില്‍ പരീക്ഷണം നടത്താനാണ് അവര്‍ ഉദ്ദേശിക്കുന്നത്.
 
പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകാന്‍ നാലുവര്‍ഷത്തിലേറെ വേണ്ടിവന്നേക്കുമെന്ന് അവര്‍ അറിയിച്ചു. വവ്വാലുകള്‍വഴി പടരുന്ന ഹെന്‍ഡ്ര വൈറസിനും ഇതേ മരുന്ന് ഫലപ്രദമാകുമെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഓസ്‌ട്രേലിയയില്‍ 2012ല്‍ കുതിരകളില്‍ കണ്ടെത്തിയ ഹെന്‍ഡ്രയ്‌ക്കെതിരേയാണ് ഈ മരുന്നുപയോഗിച്ചത്.

എന്താണ് സി.ഇ.പി.ഐ.?

2017ല്‍ സ്ഥാപിതമായ സി.ഇ.പി.ഐ.യുടെ സ്ഥാപകരിലൊരാളാണ് ഇന്ത്യ. ജര്‍മനി, ജപ്പാന്‍, നോര്‍വേ എന്നീ രാജ്യങ്ങളും വെല്‍ക്കം ട്രസ്റ്റ്, ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ എന്നീ സന്നദ്ധ സംഘടനകളുമാണ് സി.ഇ.പി.ഐ.യ്ക്കു സഹായധനം നല്‍കുന്നത്. ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന രോഗങ്ങളില്‍ ഗവേഷണം നടത്താന്‍ പല സ്ഥാപനങ്ങളും മടിക്കുന്ന സാഹചര്യത്തില്‍ സി.ഇ.പി.ഐ.യുടെ നീക്കം പ്രതീക്ഷനല്‍കുന്നു.

ഞെട്ടിക്കാന്‍ ശേഷിയുണ്ട്

നിപ വൈറസ് ഇന്ത്യയിലെത്തിയെന്ന് സ്ഥിരീകരിച്ചതോടെ അത് ഒട്ടേറെ കിലോമീറ്ററുകള്‍ സഞ്ചരിച്ചെന്ന് തെളിഞ്ഞിരിക്കുകയാണ്. നമ്മളെ ഞെട്ടിക്കാന്‍പോന്ന തരത്തിലുള്ള രോഗവ്യാപനശേഷി അതിനുണ്ട്.-റിച്ചാര്‍ഡ് ഹാച്ചെറ്റ്, സി.ഇ.ഒ., സി.ഇ.പി.ഐ