കോഴിക്കോട്: നിപ്പ വൈറസ് നിയന്ത്രണ വിധേയമായെങ്കിലും ആശങ്കകള്‍ പൂര്‍ണ്ണമായും ഒഴിഞ്ഞെന്നു കരുതാനാവില്ലെന്നും വരും വര്‍ഷങ്ങളില്‍ നിപ്പയുടെ ആക്രമണം തള്ളിക്കളയാനാവില്ലെന്നും ആരോഗ്യ പരിരക്ഷണ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. 

''2001-ലാണ് ബംഗ്ളാദേശില്‍ നിപ്പയുടെ ആക്രമണം ആദ്യമുണ്ടായത്. പിന്നീടിങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ ബംഗ്ളാദേശില്‍ നിപ്പ വൈറസ്  ആ്രകമണം പലപ്പോഴുമുണ്ടായി.'' ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) ഉപദേശകനും ഡെല്‍ഹിയിലെ പട്ടേല്‍ ചെസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറുമായ ഡോ. വി.കെ. വിജയന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

''2001-നും 2012-നുമിടയില്‍ 209 പേരാണ് ബംഗ്ളാദേശില്‍ നിപ്പ വൈറസ് ആക്രമണത്തിന് വിധേയരായത്. ഇതില്‍ 161 പേര്‍ മരിച്ചു. ഇന്ത്യയില്‍ ബംഗാളിലെ സിലിഗുരിയില്‍ 2001-ലാണ് ആദ്യമായി നിപ്പയെ തിരിച്ചറിഞ്ഞത്. അന്ന് അസുഖബാധിതരായ 66 പേരില്‍ 45 പേര്‍ മരിച്ചു. 2007-ലാണ് പിന്നീട് ബംഗാളില്‍ നിപ്പയുടെ ആക്രമണമുണ്ടായത്. അന്ന് നാദിയ ജില്ലയില്‍ അസുഖ ബാധിതരായ അഞ്ചു പേരില്‍ അഞ്ചു പേരും മരണത്തിന് കീഴടങ്ങി.''

നിപ്പ വീണ്ടും വരാനുള്ള സാദ്ധ്യതയുള്ളതിനാല്‍ സുശക്തമായ നിരീക്ഷണ സംവിധാനം പ്രവര്‍ത്തനക്ഷമമാവേണ്ടതുണ്ടെന്ന് ഡോ. വിജയന്‍ ചൂണ്ടിക്കാട്ടി. ''വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് വേണ്ടത്. നിപ്പ വൈറസ് തിരിച്ചറിയുന്നതിനുള്ള സജ്ജീകരണങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ സ്ഥാപിക്കണം. അത്യാധുനിക സംവിധാനങ്ങളുള്ള വൈറോളജി ഗവേഷണ കേന്ദ്രമാണ് മെഡിക്കല്‍ കോളേജില്‍ ഉയര്‍ന്നുവേരണ്ടത്. നിപ്പപോലുള്ള വൈറസ് ആക്രമണങ്ങളോട് വേഗത്തില്‍ പ്രതികരിക്കാന്‍ ഇത്തരം സംവിധാനങ്ങള്‍ അനിവാര്യമാണ്.'' 

കോഴിക്കോട് നിപ്പയുടെ പ്രഭവകേന്ദ്രം കണ്ടെത്താനായിട്ടില്ലെന്നത് കൂടുതല്‍ കരുതല്‍ ആവശ്യപ്പെടുന്നുണ്ടെന്ന് ഡോ. വിജയന്‍ ചൂണ്ടിക്കാട്ടി. വിവിധ തലങ്ങളില്‍ സമഗ്രമായ പഠനം തുടരേണ്ടതായുണ്ട്. ''കോഴിക്കോട് കുട്ടികള്‍ നിപ്പയുടെ ഇരകളായിട്ടില്ല. ഇതിനെക്കുറിച്ചുള്ള പഠനം നിപ്പയെക്കുറിച്ചുള്ള കൂടുതല്‍ അറിവിന് വഴിയൊരുക്കും. നിപ്പ വലിയൊരു ദുരന്തമാണെന്നതില്‍ സംശയമില്ല. പക്ഷേ, ഈ ദുരന്തം ഒരവസരമാക്കാന്‍ കഴിയണം. ഭാവിയില്‍ ഇത്തരം പ്രതിസന്ധികള്‍ കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള അവസരമാണ് ഇപ്പോള്‍ നമുക്ക് കൈവന്നിരിക്കുന്നത്.''

നിപ്പയുടെ തിരിച്ചുവരവ് തള്ളിക്കളയുന്നില്ലെന്നും അതുകൊണ്ടുതന്നെ തികഞ്ഞ കരുതലോടെയാണ് സംസ്ഥാന ആരോഗ്യ വകുപ്പ് മുന്നോട്ടു നീങ്ങുന്നതെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അത്യാധുനിക സംവിധാനങ്ങളുള്ള വൈറോളജി ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.