കോഴിക്കോട്: പതിനെട്ടു ജീവനുകള്‍ അപഹരിച്ച നിപ വൈറസ് ബാധക്ക് ഒരു വര്‍ഷം തികയുന്നു. അന്നോളം കേട്ടിട്ടില്ലാത്ത ഒരു വൈറസ് ബാധയെ കേരളം അതിജീവിച്ചതിന്റെ ഓര്‍മപുതുക്കല്‍ കൂടിയാണ് ഇന്ന്. 

2018 മേയ് 18നാണ് കോഴിക്കോട് പേരാമ്പ്ര സൂപ്പിക്കട സ്വദേശി മുഹമ്മദ് സാലിഹ് മരിച്ചത്. പനിയാണ് സാലിഹിന്റെ മരണകാരണം എന്നായിരുന്നു പ്രാഥമികനിഗമനം. എന്നാല്‍ വിശദപരിശോധനാ ഫലം നിപാ ബാധയാണെന്ന സ്ഥിരീകരണത്തിലേക്ക് നയിച്ചു. പഴംതീനി വവ്വാലുകളില്‍നിന്നായിരുന്നു നിപയുടെ വരവ്. 

സാലിഹിന്റേതിനു പിന്നാലെ വീണ്ടും നിപയെ തുടര്‍ന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അക്ഷരാര്‍ഥത്തില്‍ നാട് നടുങ്ങിവിറച്ചു. വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പോലും ആളുകള്‍ മടിച്ചു. മാസ്‌ക് ധരിച്ചും ഹാന്‍ഡ് വാഷുകള്‍ കൊണ്ട് പലയാവര്‍ത്തി കൈകഴുകിയും ഭയത്തെ അകറ്റാന്‍ ആളുകള്‍ ശ്രമിച്ചുകൊണ്ടിരുന്നു.

എന്നാല്‍ അങ്ങനെ ഭയന്നിരിക്കാനാകുമായിരുന്നില്ല. നിപയ്ക്കെതിരെ സര്‍ക്കാര്‍ സംവിധാനങ്ങളും സാധാരണക്കാരും ഒരുമിച്ച് രംഗത്തിറങ്ങി. മന്ത്രി കെ കെ ഷൈലജയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പും ഡോക്ടര്‍മാരും നടത്തിയ പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറയേണ്ടവയാണ്.  രോഗബാധ സംശയിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റിയും ജാഗ്രതാ മുന്നറിയിപ്പുകള്‍ നല്‍കിയും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. 

നിപ പതിയെ നിയന്ത്രണവിധേയമാകുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. നിപാ രോഗികളെ പരിചരിക്കുന്നതിനിടെ നിപാബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനി കണ്ണീരോര്‍മയായതും കേരളം കണ്ടു. പതിനെട്ട് ജീവന്‍ അപഹരിച്ചെങ്കിലും കൂട്ടായ പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെ നിപയെ കേരളം അതിജീവിച്ചു.  

content highlights: one year after nipah