പേരാമ്പ്ര: സൂപ്പിക്കടയിലെ ഒരുവീട്ടില്‍ പനിബാധിച്ച് രണ്ടാമത്തെ സഹോദരനും മരിച്ചുവെന്ന വിവരം പുറത്തുവന്ന സമയം. 2018 മേയ് 18-ന് വൈകീട്ട് വളച്ചുകെട്ടി വീട്ടുപരിസരത്ത് എത്തുമ്പോള്‍ റോഡില്‍ കുറച്ചുപേര്‍ കൂടിനിന്നിരുന്നു. വീട് അടഞ്ഞുകിടക്കുന്നു. എല്ലാവര്ക്കും മരണത്തെപ്പറ്റി അവ്യക്തത മാത്രം. ആരോഗ്യവാന്മാരായിരുന്ന രണ്ടുയുവാക്കള്‍ മരണത്തിന് കീഴടങ്ങിയെന്ന് വിശ്വസിക്കാനാകാതെ അവര്‍ പല സംശയവും പ്രകടിപ്പിച്ചു.
റോഡരികില്‍ താലൂക്കാശുപത്രിയില്നിന്നുള്ള വാഹനം നിര്‍ത്തി നഴ്സുമാര്‍ ബന്ധുക്കളുടെയും അടുത്തിടപഴകിയവരുടെയും രക്തസാമ്പിളുകള്‍ ശേഖരിക്കുന്നു. പനിബാധിച്ച് ബന്ധുക്കളില്‍ ചിലരെക്കൂടി ആശുപത്രിയിലേക്ക് മാറ്റിയെന്ന വിവരവും പിന്നാലെയെത്തി. നാടിനെ പിടിച്ചുകുലുക്കുന്ന ഒരു സംഭവത്തിന്റെ തുടക്കമാണതെന്ന് അപ്പോള്‍ ആരും അറിഞ്ഞതേയില്ല.
ഉച്ചയോടെ സാബിത്തിന്റെ ബന്ധു മറിയത്തിന്റെ മരണവാര്‍ത്തയുമെത്തി. അപ്പോഴേക്കും മരണകാരണം നിപയാണെന്ന അഭ്യൂഹം പരന്നുതുടങ്ങിയിരുന്നു. അന്നുരാത്രിതന്നെ നിപയാണെന്ന സ്ഥിരീകരണം വന്നതോടെ നാട് നടുങ്ങി. സാബിത്തിന്റെ ഉപ്പ മൂസയും ദിവസങ്ങള്‍ക്കകം മരണത്തിന് കീഴടങ്ങി. ആദ്യ മരണം കഴിഞ്ഞപ്പോള്‍ സ്വാഭാവികമായി നാട്ടുകാര്‍ ഒന്നാകെ വീട്ടില്പോയിരുന്നു. അവരെല്ലാവരും ആശങ്കയിലായ ദിനങ്ങളായിരുന്നു അതെന്ന് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ പഞ്ചായത്തംഗം ഇ.ടി. സരീഷ് ഓര്‍മിക്കുന്നു.
സമീപവീടുകളില്‍നിന്ന് ഒന്നൊന്നായി ആളുകള്‍ ഒഴിഞ്ഞു. യാത്രകള്‍ കുറഞ്ഞു. അപ്പോഴും ആദ്യാവസാനം എല്ലാ സഹായവും നല്കി കുറെപേര് സൂപ്പിക്കടയില്ത്തന്നെയുണ്ടായിരുന്നു. മണിപ്പാലില്‍നിന്ന് ഡോ. ജി. അരുണ്‍കുമാര്‍ എത്തി നാട്ടുകാര്‍ക്കൊപ്പം ഗ്രാമത്തിലൂടെ ഇറങ്ങിനടന്നു. എല്ലാ ആശങ്കകള്‍ക്കും മറുപടിനല്കി ഒപ്പമുണ്ടെന്ന ധൈര്യംപകര്‍ന്നു.
ഇതിനിടെ പേരാമ്പ്രയുടെ സമീപഭാഗങ്ങളിലുള്ള ചിലരും നിപബാധിച്ച് മരിച്ചവരുടെ ബന്ധുക്കളെന്ന പേരില്‍ രോഗമുണ്ടെന്ന പ്രചാരണത്തില്‍ തീതിന്ന് കഴിയേണ്ടിവന്നു. വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു ഇവര്‍. ആരോഗ്യപ്രവര്‍ത്തകരുടെ നിരീക്ഷണസമയം കഴിഞ്ഞതോടെ എല്ലാം സാധാരണനിലയിലേക്ക് മടങ്ങാന്‍ തുടങ്ങി. ബന്ധുവീടുകളിലേക്ക് മാറിയവര്‍ തിരികെയെത്തി. അങ്ങനെ നിപയെന്ന പകര്‍ച്ചവ്യാധിയെ പൊരുതിത്തോല്‍പ്പിച്ച നാടായി മാറി സൂപ്പിക്കടയും പേരാമ്പ്രയും.
പ്രതിസന്ധികളെ നേരിട്ട കാലം
താലൂക്കാശുപത്രിയില്‍നിന്ന് രോഗീപരിചരണത്തിനിടെ നിപ പിടിപെട്ട് മരിച്ച ലിനിക്കൊപ്പം അന്നുരാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സമീറ ആ ദിനങ്ങള്‍ ഇന്നും ഓര്‍ക്കുന്നു. ഡോ. വരുണ്‍ ഹരീഷാണ് സാബിത്തിനെ അന്നുനോക്കിയത്. ലിനിയായിരുന്നു കൂടുതല്‍സമയം വാര്‍ഡില്‍ രോഗിയുടെ അടുത്തേക്കുപോയത്. ആഹാരമൊന്നും കഴിക്കാനാകാത്തതിനാല്‍ സാബിത്തിന് ഗ്ലൂക്കോസ് നല്‍കാനും മറ്റും സമീറയും വാര്ഡിലെത്തിയിരുന്നു. പുലര്‍ച്ചെ ശക്തിയായ ചുമയ്ക്കാന്‍ തുടങ്ങി. അപ്പോഴാണ് മെഡിക്കല്‍ കോളേജില്‍ പരിശോധനയ്ക്കായി പോകാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചത് -സമീറ ഓര്‍മിക്കുന്നു.
''നഴ്സ് ലിനി നിപരോഗത്താല് മരിച്ചതോടെ താലൂക്കാശുപത്രിയിലും ആളൊഴിഞ്ഞു. ജീവനക്കാരില്‍ പലരും പേടിയോടെ ദിവസങ്ങള്‍ എണ്ണി. എന്നിട്ടും അവധിയെടുക്കാതെ എല്ലാവരും ആശുപത്രിയിലേക്ക് പതിവുപോലെയെത്തി. രോഗലക്ഷണങ്ങള്‍ പ്രകടമാകാനുള്ള സമയപരിധി കഴിഞ്ഞപ്പോഴാണ് പലര്‍ക്കും ശ്വാസം നേരെവീണത്'' -താലൂക്കാശുപത്രിയിലെ ഹെഡ് നഴ്സ് വത്സല നിപ നാളുകള്‍ ഓര്‍ത്തെടുത്തു.
Content Highlight: Nipah Virus Infection Perambra Sooppikkada, Nipah Death, Sabith Nipah Death