ഖത്തറിലെ എഫ്.എം. റേഡിയോയായ റേഡിയോ സുനോയില്‍ കഴിഞ്ഞ മാസം അവസാനം കേരളത്തില്‍നിന്ന് ഒരതിഥിയുണ്ടായിരുന്നു. നിപ രോഗത്താല്‍ മരണമടഞ്ഞ ചെമ്പനോടയിലെ നഴ്സ് ലിനിയുടെ മകന് റിതുല്‍. അച്ഛന് സജീഷിനൊപ്പം സ്റ്റുഡിയോയിലെത്തിയ റിതുല്‍ മനോഹരമായ ഒരു പാട്ടുംപാടിയാണ് മടങ്ങിയത്. ലിനിയുടെ ആഗ്രഹസാഫല്യവുംകൂടിയായിരുന്നു വിദേശത്തേക്ക് റിതുലുമായുള്ള ഒരുയാത്ര.
അവസാനനിമിഷങ്ങളില്‍ ലിനി, സജീഷിനെഴുതിയ കത്തില്‍ റിതുലിനെ ഗള്‍ഫില്‍ കൊണ്ടുപോകണമെന്ന ആഗ്രഹം പങ്കുവെച്ചിരുന്നു. ഖത്തറിലെ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ നഴ്സസ് സംഘടിപ്പിച്ച 'ഭൂമിയിലെ മാലാഖകള്‍' എന്ന പരിപാടിയില്‍ ക്ഷണം ലഭിച്ചപ്പോള്‍ പങ്കെടുക്കാന്പോയതായിരുന്നു സജീഷ്. ലിനിയുടെ അവസാനത്തെ ആഗ്രഹം സാധിച്ചുനല്കാന് ഒപ്പം റിതുലിനെയും കൂട്ടുകയായിരുന്നു. ഒരുദിവസം ഖത്തറിലെ കാഴ്ചകള്‍കണ്ട് നിറയെ കളിപ്പാട്ടങ്ങളുമായാണ് മടങ്ങിയത്. നിപ രോഗബാധ പ്രമേയമാക്കിയ വൈറസ് സിനിമയുടെ ട്രെയിലര്‍ റിലീസും 26-ന് ഇതേ വേദിയില്‍ നടന്നു.
പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ജോലിചെയ്യവേ നിപ രോഗബാധിതയായി ലിനി വിട്ടുപിരിഞ്ഞിട്ട് 21-ന് ഒരുവര്‍ഷമാകുന്നു. സജീഷ് ബഹ്റൈനില്‍ ജോലിചെയ്യവേയാണ് ലിനി രോഗബാധിതയായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാകുന്നത്. 20-ന് രാവിലെ നാട്ടിലെത്തിയ സജീഷ് ഐ.സി.യു.വില്‍ കയറിയാണ് അവസാനമായി ലിനിയെ കാണുന്നത്. കൈകള്‍ ചേര്‍ത്തുപിടിച്ച് പുറത്തേക്കിറങ്ങിയ സജീഷിന് പിന്നെ ലിനിയെ കാണാനായിട്ടില്ല. മരണത്തിലേക്ക് നടന്നടുക്കവേ ലിനി എഴുതിയ കത്താണ് സജീഷിന്റെ കൈകളില്‍ കിട്ടുന്നത്. ലിനിയുടെ ഫോട്ടോയ്ക്കൊപ്പം കത്തും വീട്ടില്‍ ഫ്രെയിംചെയ്ത് തൂക്കിയിട്ടുണ്ട്. അമ്മപോയതോടെ വീട്ടില്‍ റിതുലിനും അനുജന് സിദ്ധാര്‍ഥിനും എല്ലാത്തിനും അച്ഛന്തന്നെവേണം.
കൂത്താളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ക്ലാര്‍ക്കാണ് സജീഷ്. ലിനിയുടെ മരണശേഷം സര്‍ക്കാര്‍ നല്കിയ നിയമനം. സജീഷ് ജോലിക്കായിപോയാല് വീട്ടില്‍ ലിനിയുടെ അമ്മ രാധയ്ക്കൊപ്പമാകും കുട്ടികള്‍. അവധിക്കാലത്ത് വിരുന്നെത്തിയ കുട്ടികള്‍ക്കൊപ്പം ഇരുവരും കളിച്ചുതിമര്ക്കുകയായിരുന്നു ഇത്രയുംനാള്‍. ഒരുവര്‍ഷം പിന്നിടുമ്പോള്‍ റിതുല്‍ ഇത്തവണ ഒന്നാംതരത്തിലേക്ക് എത്തി. ചെമ്പനോടയിലെതന്നെ റെയ്മണ്ട് പബ്ലിക് സ്കൂളില്‍ പോകാനുള്ള തയ്യാറെടുപ്പിലാണവന്. ഇളയമകന് സിദ്ധാര്‍ഥിന് മൂന്നുവയസ്സായി.
ലിനിയുടെ സ്മരണ നിലനിര്‍ത്താന്‍ ജന്മനാട്ടില് അങ്കണവാടിയൊരുങ്ങുന്നുണ്ട്. പേരാമ്പ്ര താലൂക്കാശുപത്രിയില്‍ പുതുതായി നിര്‍മിക്കുന്ന ബ്ലോക്കിന് ലിനിയുടെ പേരുനല്കാനാണ് തീരുമാനം. ആശുപത്രിസ്റ്റോപ്പില് ലിനി സ്മാരകമായി ബസ് സ്റ്റോപ്പും നിര്‍മിക്കും. കെ.ജി.എന്‍.എ.യുടെ നേതൃത്വത്തില്‍ ലിനി ചാരിറ്റബിള്‍ ട്രസ്റ്റിനും രൂപംനല്കിയിട്ടുണ്ട്.
Content Highlight: Nipah Victim Lini Sajeesh Death Anniversary , Lini Sajeesh, Nipah Victim,