കോഴിക്കോട്: 2018-ല്‍ 21 പേരുടെ മരണത്തിനിടയാക്കിയ നിപ വൈറസ് ബാധയുടെ ഉറവിടം ഇപ്പോഴും അജ്ഞാതം. രോഗം പൊട്ടിപ്പുറപ്പെട്ട പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കടയ്ക്കു സമീപത്തുനിന്നുള്ള പ്രദേശത്തുനിന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്‍.) നടത്തിയ പരിശോധനയില്‍ പിടികൂടിയ 10 വവ്വാലുകളില്‍ നിപ വൈറസ് കണ്ടെത്തിയിരുന്നു. അതേ വൈറസാണ് മനുഷ്യരിലും കണ്ടെത്തിയതെങ്കിലും അവയില്‍നിന്നാണോ ആദ്യം മരിച്ച സൂപ്പിക്കടയിലെ മുഹമ്മദ് സാബിത്തിന് രോഗം ബാധിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല.

വവ്വാല്‍ കടിച്ച പഴം കഴിച്ചതുകൊണ്ടാവാം വൈറസ് ബാധയുണ്ടായതെന്ന നിഗമനം മാത്രമാണുള്ളത്. സാബിത്ത് രോഗം സ്ഥിരീകരിക്കുന്നതിനു മുന്‍പേ മരിച്ചതാണ് ആരോഗ്യ വകുപ്പിനു വെല്ലുവിളിയായത്.

ഉറവിടം കണ്ടെത്താന്‍ വിദഗ്ധരുടെ സഹായത്തോടെ വിശദമായ എപ്പിഡെമിയോളജി (സാംക്രമിക രോഗ വിജ്ഞാനീയം) പഠനം നടത്തണമെന്ന് അന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ശുപാര്‍ശ ചെയ്തിരുന്നു.

പക്ഷേ, ആദ്യഘട്ടത്തില്‍ ഐ.സി.എം.ആര്‍. പഠനം നടത്തിയെങ്കിലും ഉറവിടത്തെക്കുറിച്ചുള്ള തുടരന്വേഷണത്തിലേക്കു പോയില്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍തന്നെ പറയുന്നത്. ഉറവിടത്തെക്കുറിച്ച് ഇതുവരെ കൃത്യമായ വിവരങ്ങളൊന്നും കിട്ടിയില്ലെന്ന് സംസ്ഥാന സര്‍വയലന്‍സ് ഓഫീസര്‍ ഡോ. വി. മീനാക്ഷിയും പറയുന്നു.

ഭാവിയില്‍ ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന വൈറസായിട്ടാണ് നിപയെ കാണേണ്ടത്. അതുകൊണ്ട് കൃത്യമായ റൂട്ട് കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. ജി.ആര്‍. സന്തോഷ്‌കുമാര്‍ പറഞ്ഞു. വവ്വാലില്‍നിന്ന് നേരിട്ടാണോ പകര്‍ന്നത്, അതോ മനുഷ്യരുമായി ഇടപഴകുന്ന മറ്റേതെങ്കിലും ജീവിയില്‍നിന്നാണോ എന്നൊക്കെ കണ്ടെത്തേണ്ടതുണ്ട്.

ഞായറാഴ്ച മരിച്ച മുഹമ്മദ് ഹാഷിം റമ്പുട്ടാന്‍ പഴം കഴിച്ചതില്‍നിന്നാവാം രോഗബാധിതനായതെന്ന് സംശയിക്കപ്പെടുന്നു. പക്ഷേ, സ്ഥിരീകരിക്കാന്‍ വിശദപഠനം വേണ്ടിവരും.

വിശദപഠനത്തിന് ഐ.സി.എം.ആര്‍. നിര്‍ദേശം

വൈറസ് ഉറവിടത്തെക്കുറിച്ച് വീണ്ടും വിശദപഠനം നടത്താന്‍ ഐ.സി.എം.ആറിന്റെ നിര്‍ദേശം ലഭിച്ചതായി ആലപ്പുഴയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി മേധാവിയും ശാസ്ത്രജ്ഞനുമായ ഡോ. എ.പി. സുഗുണന്‍ പറഞ്ഞു. പേരാമ്പ്രയിലെ പഠനത്തിലും ഉറവിടത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. അതുകൂടി പഠിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content highlights: origin of first case reported in kerala is still unknown