2018 മേയില്‍ നാം വിജയകരമായി നേരിട്ട ഒരു വെല്ലുവിളി തിരിച്ചുവരുന്നു എന്ന സൂചനയാണ് നിലവിലുള്ളത്. ഒരുതരത്തില്‍ ഈ സാഹചര്യം നാം പ്രതീക്ഷിച്ചതാണ്. നിപ രോഗം കാലാവസ്ഥയ്ക്കനുസരിച്ച് ചാക്രികമായി പ്രത്യക്ഷപ്പെടുന്ന ഒന്നാണെന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുണ്ട്.

വവ്വാലുകളുടെ പ്രജനനകാലവും രോഗത്തിന്റെ ചാക്രികസ്വഭാവവും

ഡിസംബര്‍മുതല്‍ മേയ് വരെയുള്ള കാലയളവിലാണ് സാധാരണഗതിയില്‍ നിപ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാറ്. നിപ വൈറസിന്റെ സ്രോതസ്സായ വവ്വാലുകളുടെ പ്രജനനകാലഘട്ടം ഇതാണ് എന്നതും ഈ കാലയളവില്‍ വവ്വാലുകളില്‍നിന്ന് വൈറസ് പുറത്തേക്ക് എത്തുന്നതിന്റെ തോത് വര്‍ധിക്കുമെന്നതുമാണ് ഇതിന് കാരണം. മുന്‍പത്തേത്തില്‍ നിന്ന് വ്യത്യസ്തമായി ഈ രോഗം കണ്ടെത്തുന്നതിനും കണ്ടെത്തിക്കഴിഞ്ഞാല്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതിനും നാം തയ്യാറാണ്. രോഗപ്പകര്‍ച്ച തടയുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നാം സജ്ജരാണെങ്കിലും ഉയര്‍ന്ന മരണനിരക്കുള്ള ഒരു പകര്‍ച്ചവ്യാധിയെക്കുറിച്ച് ജാഗ്രത പുലര്‍ത്തുന്നത് നല്ലതാണ്.

ലോകത്തിന് മാതൃക തീര്‍ത്തപ്പോള്‍

2018 മേയ് അഞ്ചാംതീയതിയാണ്  നിപ വൈറസ് ആദ്യത്തെ ജീവനെടുത്തത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ചവരില്‍ രണ്ടുപേരൊഴികെ ബാക്കി പതിനേഴുപേര്‍ മരിച്ചു. ആദ്യമരണം നടന്നുകഴിഞ്ഞ് പന്ത്രണ്ടുദിവസം കഴിഞ്ഞാണ് ആരോഗ്യവകുപ്പിന് അജ്ഞാതമായ വൈറല്‍ രോഗത്തിന്റെ സാധ്യതയെക്കുറിച്ച് ആദ്യമായി അറിവ് ലഭിക്കുന്നത്.  മേയ് ഇരുപതാംതീയതി ഉച്ചയോടെയാണ് രോഗത്തിനുകാരണം നിപ വൈറസാണെന്ന് തിരിച്ചറിയാനായത്. രോഗനിര്‍ണയത്തിന് രണ്ടാഴ്ചയിലധികം നമുക്ക് വേണ്ടിവന്നെങ്കിലും തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ ആരോഗ്യസംവിധാനത്തിന്റെ ഏകോപനം ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പ് സെക്രട്ടറിയും ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറും അടങ്ങുന്ന സംഘം ഏറ്റെടുക്കുകയും ചിട്ടയായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍വഴി രോഗത്തിന്റെ വ്യാപനം തടയുകയും ചെയ്തു. 

ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളും ഡോക്ടര്‍മാരും ഒറ്റക്കെട്ടായി ഈ ആരോഗ്യഭീഷണിയെ നേരിടാന്‍ തയ്യാറായി. ലോകത്തെമ്പാടും ഈ രോഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച വിദഗ്ധരുടെ ഉപദേശങ്ങള്‍ തേടിയും ഈ വിഷയത്തില്‍ പ്രസിദ്ധീകരിച്ച ശാസ്ത്രീയപഠനങ്ങള്‍ വായിച്ചും ഇവയിലുള്ള നിര്‍ദേശങ്ങള്‍ നമ്മുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് വേണ്ടരീതിയില്‍ മാറ്റംവരുത്തിയും രോഗത്തെ നേരിടാനുള്ള മാര്‍ഗരേഖകള്‍ തയ്യാറാക്കി. സംസ്ഥാനത്തിനുപുറത്ത് പല മേഖലകളിലും പ്രവര്‍ത്തിക്കുന്ന മലയാളികളുടെ സഹായം പണമായും ഉപകരണങ്ങളായും വിദഗ്ധോപദേശങ്ങളായും എത്തി. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പേഴ്സണല്‍ പ്രൊട്ടക്ടീവ് ഉപകരണങ്ങള്‍, മാസ്‌കുകള്‍ എന്നിവയെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ ലഭ്യമാക്കി.  കോഴിക്കോട് മെഡിക്കല്‍ കോളേജ് രോഗചികിത്സയുടെ കേന്ദ്രബിന്ദുവായതോടെ ഇവിടേക്കുള്ള ആളുകളുടെ സന്ദര്‍ശനവുംമറ്റും നിയന്ത്രിക്കുകയും അതുവഴി രോഗത്തിന്റെ വ്യാപനം തടയുകയുംചെയ്തു. അങ്ങനെ ജനസാന്ദ്രത വളരെ കൂടിയ ഈ സംസ്ഥാനത്തും രോഗം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ പൂര്‍ണമായും കെട്ടടങ്ങുന്ന രീതിയില്‍ നിയന്ത്രണവിധേയമാക്കാന്‍ നമുക്ക് സാധിച്ചു. 

പ്രതിരോധത്തിന് നാം തയ്യാര്‍

കഴിഞ്ഞവര്‍ഷത്തെ അനുഭവം നമുക്ക് നല്‍കിയ പാഠങ്ങളാണ് ഇത്തവണ നമ്മുടെ ശക്തി. കഴിഞ്ഞവര്‍ഷത്തെ രോഗബാധയുടെ സ്വഭാവം കൃത്യമായി പഠിച്ച് നാം തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ അന്താരാഷ്ട്ര ജേണലുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷം നാം രൂപവത്കരിച്ച അന്താരാഷ്ട്രബന്ധങ്ങള്‍ ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നു. ഇതെല്ലാം രോഗബാധ സംശയിക്കാനും രോഗനിര്‍ണയത്തിനുള്ള നടപടികള്‍ വേഗത്തിലാക്കാനും ഇത്തവണ നമ്മെ സഹായിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചാല്‍ ഉടനടി വേണ്ട പ്രതിരോധനടപടികള്‍ സ്വീകരിക്കുന്നതിനും നമുക്ക് ഇന്ന് ശേഷിയുണ്ട്.

വവ്വാലുകളില്‍നിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കും പകരുന്ന രോഗമാണ് നിപ. പന്നിപോലെയുള്ള മറ്റു വളര്‍ത്തുമൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്ക് പകരാം. രോഗിയുടെ ശരീരസ്രവങ്ങള്‍ വഴിയാണ് രോഗം പകരുന്നത്. തുമ്മുമ്പോഴും മറ്റും അന്തരീക്ഷത്തിലൂടെയും രോഗം പകരാം. തലച്ചോറിനെയും ഹൃദയത്തെയും മറ്റും ബാധിക്കുന്നതാണ് മരണകാരണമാകുന്നത്. പനി ആരംഭിച്ച് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ രോഗം മൂര്‍ച്ഛിക്കുന്നത് ഈ രോഗത്തിന്റെ ഒരു സ്വഭാവമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പഴംതീനി വവ്വാലുകളില്‍നിന്ന്  മനുഷ്യരിലേക്കാണ് കേരളത്തിലെ രോഗപ്പകര്‍ച്ച എന്നാണ് നമ്മുടെ അനുമാനം. പഴംതീനി വവ്വാലുകള്‍ ഈ രോഗാണുവിന്റെ റിസര്‍വോയര്‍ ആയതിനാല്‍ ഭാവിയിലും വവ്വാലുകളില്‍നിന്ന് മനുഷ്യരിലേക്ക് രോഗപ്പകര്‍ച്ച ഉണ്ടാകാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത് ഒഴിവാക്കാന്‍ രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെയും രോഗബാധ സംശയിക്കുന്നവരെയും ഒറ്റപ്പെടുത്തി നിരീക്ഷിക്കേണ്ടതായിവരും. ഇതിനോട് സഹകരിക്കുന്നത് രോഗബാധ തടയുന്നതിന് വളരെ പ്രധാനമാണ്. രോഗിയുമായി സമ്പര്‍ക്കത്തില്‍വന്നവര്‍ ഇക്കാര്യം ആശുപത്രിയുമായി ബന്ധപ്പെട്ട് തുറന്നുപറയേണ്ടതാണ്. ഈ രോഗം ചികിത്സിക്കുന്നതിനുവേണ്ടി നിശ്ചയിച്ച ആശുപത്രികളില്‍നിന്ന് മറ്റുതരത്തില്‍പ്പെട്ട രോഗികള്‍ അകലംപാലിക്കേണ്ടതാണ്. ആശുപത്രിയിലെ രോഗീസന്ദര്‍ശനം പൂര്‍ണമായും ഒഴിവാക്കണം. രോഗബാധിതരുമായി ഒരുതരത്തിലും സമ്പര്‍ക്കത്തില്‍ വന്നിരിക്കാന്‍ സാധ്യതയില്ലാത്തവര്‍ക്ക് ജലദോഷം, പനി പോലെയുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ വീട്ടില്‍ വിശ്രമിക്കുന്നത് ഉചിതമാണ്.

പ്രതിവിധി പ്രതിരോധം 

രോഗലക്ഷണങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നില്ലെങ്കില്‍ ഡോക്ടറെ സമീപിക്കണം. രോഗലക്ഷണങ്ങളുള്ളവര്‍ പൊതുഗതാഗത സംവിധാനം, തിേയറ്റര്‍, പാര്‍ക്കുകള്‍, വായനശാലകള്‍, സ്‌കൂള്‍, ഓഫീസുകള്‍ തുടങ്ങിയ പൊതുവിടങ്ങളില്‍നിന്ന് സ്വയം അകലം പാലിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുന്ന തൂവാല  ഉപയോഗിക്കണം. കൈകളുടെ വൃത്തി  മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ്. പുറത്തുപോയി വന്നശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകണം.
 
തൊണ്ടയില്‍നിന്നും മൂക്കില്‍നിന്നും മറ്റുമുള്ള സ്രവം, തലച്ചോറിലെ നീര്, രക്തം, മൂത്രം എന്നിവയില്‍ നിന്നൊക്കെ പരിശോധനകള്‍ വഴി വൈറസിന്റെ സാന്നിധ്യം കണ്ടെത്താം. വൈറസ് ബാധ കണ്ടെത്തിക്കഴിഞ്ഞാല്‍ 100 ശതമാനം ഫലപ്രദമായ മരുന്നോ വാക്‌സിനോ നിലവിലില്ല എങ്കിലും ശരീരത്തിന്  പിന്തുണ നല്‍കുകവഴി രോഗം മാറുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കാന്‍ കഴിയും. വൈറസ് ബാധ ഉണ്ടായവരിലുള്ള മരണനിരക്ക് വളരെ അധികമാണ് എന്നതിനാല്‍ പ്രതിരോധം മാത്രമാണ് ആശ്രയിക്കാവുന്ന പ്രതിവിധി.

കരുതിയിരിക്കാം

കഴിഞ്ഞവര്‍ഷം രോഗബാധ നിയന്ത്രിക്കുന്നതില്‍ നാം വിജയിച്ചെങ്കിലും ഭീതിയുടെ അന്തരീക്ഷം കോഴിക്കോട്ട് നിലനിന്നിരുന്നു എന്നത് വസ്തുതയാണ്. കടകള്‍ അടഞ്ഞുകിടക്കുകയും വാഹനങ്ങള്‍  രോഗബാധിതരെ ആശുപത്രിയിലെത്തിക്കുന്നതില്‍ വിമുഖത കാണിക്കുകയും ചെയ്തു. പൊതുഗതാഗത സംവിധാനം താളംതെറ്റി. എന്നാല്‍, കഴിഞ്ഞതവണ രോഗബാധ തടയാന്‍ നമുക്ക് സാധിച്ചു എന്നത് ഇത്തവണ ഭീതിയുടെ അന്തരീക്ഷം ഒഴിവാക്കാന്‍ നമ്മെ സഹായിക്കേണ്ടതാണ്.

ശരിയായ മുന്‍കരുതലുകള്‍ എടുത്താല്‍ തടഞ്ഞുനിര്‍ത്താവുന്ന രോഗമാണ് നിപ. രോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ആരോഗ്യവകുപ്പിനെയോ മറ്റ് വിശ്വസനീയമായ കേന്ദ്രങ്ങളെയോമാത്രം ആശ്രയിക്കുകയും  സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ പരമാവധി പ്രചരിപ്പിക്കാതിരിക്കുകയും ചെയ്യണം. സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ജാഗ്രതയോടെ പാലിക്കുക എന്നതാണ് രോഗനിയന്ത്രണത്തിന് ഏറ്റവും ഗുണം ചെയ്യുക. 

(കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡോക്ടറാണ് ലേഖകന്‍ )

(പുനപ്രസിദ്ധീകരണം)

Content Highlight: Nipah Virus Outbreak Kerala, Nipah Kerala, Nipah Virus, Nipah Kochi, Nipah Kozhikode