കോഴിക്കോട്: ചാത്തമംഗലം പാഴൂരില്‍ മരണപ്പെട്ട മുഹമ്മദ് ഹാഷിമിന് നിപ വൈറസ് ബാധയുണ്ടായത് വവ്വാലുകള്‍ കടിച്ച അടയ്ക്കകള്‍ വഴിയാണോ എന്നു പരിശോധിക്കണമെന്ന് പഠനസംഘത്തിന്റെ നിര്‍ദേശം. കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിനു കീഴിലുള്ള സാംക്രമികരോഗനിയന്ത്രണസെല്‍ പാഴൂര്‍ മുന്നൂരില്‍ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.

മുഹമ്മദ് ഹാഷിമിന്റെ വീടായ വായോളിയിലും സമീപത്തെ നാലുവീടുകളിലും സംഘം പരിശോധന നടത്തുകയും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. കവുങ്ങുകള്‍ ധാരാളമുള്ള വീട്ടുപറമ്പില്‍ വവ്വാലുകള്‍ കടിച്ച അടയ്ക്കകള്‍ വീണുകിടപ്പുണ്ടായിരുന്നു. കുട്ടികള്‍ക്ക് കൗതുകംതോന്നുന്ന ചെറിയതരം അടയ്ക്കകളും ഇക്കൂട്ടത്തിലുണ്ട്. അടയ്ക്ക ശേഖരിക്കുകയും അതുകൊണ്ട് കളിക്കുകയും ചെയ്യുന്ന പതിവ് മുഹമ്മദ് ഹാഷിമിനുണ്ടായിരുന്നെന്ന് അയലത്തെ കുട്ടികള്‍ സംഘാംഗങ്ങളോട് പറഞ്ഞു. പുലര്‍ച്ചെയും സന്ധ്യയ്ക്കും വവ്വാലുകള്‍ വരാറുണ്ടെന്നും അയല്‍പക്കങ്ങളിലെ അന്വേഷണത്തില്‍ വ്യക്തമായി.

റംബൂട്ടാനില്‍നിന്നാവാം നിപ വൈറസ്ബാധയുണ്ടായത് എന്നായിരുന്നു തുടക്കത്തില്‍ സംശയിച്ചിരുന്നത്. എന്നാല്‍, റംബൂട്ടാനേക്കാള്‍ കൂടുതലായി ഇവിടെയുള്ളത് അടയ്ക്കയാണ്. അതിനാല്‍ അതില്‍നിന്ന് വൈറസ്ബാധയുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് സംഘത്തിന്റെ അഭിപ്രായം. ജാതിക്കയും പാഷന്‍ ഫ്രൂട്ടും ഈന്തും ഈ പറമ്പിലുണ്ട്. വവ്വാലുകളെ ആകര്‍ഷിക്കുന്ന പഴങ്ങള്‍ ധാരാളമുള്ളതിനാല്‍ അവയില്‍നിന്നുള്ള വ്യാപനസാധ്യതയും പരിഗണിക്കണം.

രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ക്കും ഉറവിടം കണ്ടെത്തുന്നതിനുള്ള പഠനങ്ങള്‍ക്കുമായാണ് സംഘം നിപ ബാധയുണ്ടായ പ്രദേശത്ത് സന്ദര്‍ശനം നടത്തിയത്. പ്രാഥമികനിഗമനങ്ങള്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ അറിയിച്ചിട്ടുണ്ട്. നിപ രോഗനിയന്ത്രണസംവിധാനത്തിനും മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിനും റിപ്പോര്‍ട്ട് കൈമാറും.

കമ്യൂണിറ്റി മെഡിസിന്‍ മേധാവി ഡോ. അസ്മ റഹീമിന്റെ നിര്‍ദേശപ്രകാരം അസോസിയേറ്റ് പ്രൊഫസര്‍മാരായ ഡോ. വി. ബിന്ദു, ഡോ. ബിജു ജോര്‍ജ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ആര്‍.എസ്. രജസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.എം. അജിത് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Content Highlights: Nipah virus infection through areca nut possibility says expert team, Health, Nipah 2021