ക്തസാമ്പിള്‍ പരിശോധിക്കുമ്പോള്‍ നിപ ആവരുതെന്ന ചിന്തമാത്രമാണുണ്ടായിരുന്നത്. എന്നാല്‍, സ്ഥിരീകരിച്ചശേഷം ആകെയൊരു ഭയമായിരുന്നു'', ഒരു വര്‍ഷംമുമ്പ് ഇതേദിവസം മനസ്സ് പൊള്ളിയതിന്റെ ഓര്‍മകളാണ് മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടര്‍ ഡോ. ജി. അരുണ്‍കുമാറിന്റെ വാക്കുകളില്‍ നിറയെ.

കോഴിക്കോടുപോലെ തിരക്കേറിയ നഗരത്തില്‍ നിപ വന്നാലുള്ള അവസ്ഥയെക്കുറിച്ചായിരുന്നു പേടി. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പടരുന്നതിനാല്‍ രോഗവ്യാപനത്തിനുള്ള സാധ്യത ഇരട്ടിയായിരുന്നു. എന്നാല്‍ 18 പേരുടെ മരണത്തിനിടയാക്കിയ നിപയെ വളരെവേഗം പിടിച്ചുകെട്ടാനായതിന്റെ ആശ്വാസമാണ് ഒരു വര്‍ഷത്തിനിപ്പുറം അദ്ദേഹം പങ്കുവെച്ചത്.

നിപ സ്ഥിരീകരിച്ച് അടുത്തദിവസം വിദഗ്ധ സംഘത്തിനൊപ്പം കോഴിക്കോട്ടേക്ക് എത്തുമ്പോഴുള്ള സ്ഥിതിയായിരുന്നില്ല പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിലെന്ന് അദ്ദേഹം ഓര്‍ത്തു. തിരക്കുപിടിച്ച നഗരത്തിലും അതേ പ്രതീതിയുള്ള ഗ്രാമങ്ങളിലും ആളൊഴിഞ്ഞു. കടകള്‍ അടഞ്ഞു. ബസുകളില്‍ ആളുകളില്ല. നിരത്തില്‍നിന്ന് വാഹനങ്ങളൊഴിഞ്ഞു.

മലയാളിയായതിനാല്‍ ആളുകളെ പറഞ്ഞുമനസ്സിലാക്കാന്‍ എളുപ്പമായിരുന്നു. ഒരുപക്ഷേ, മലയാളിയല്ലാത്ത ഒരാളായിരുന്നെങ്കില്‍ ബോധവത്കരണം ഇത്രത്തോളം ഫലപ്രദമാകുമെന്ന് തോന്നുന്നില്ലെന്ന് ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ അദ്ദേഹം പറഞ്ഞു.

Dr Arun Kumar
ഡോ. ജി. അരുണ്‍കുമാര്‍

വീണ്ടും നിപ വരാനുള്ള സാധ്യതയുണ്ടോ?

ഇനിയും നിപ വരാനുള്ള സാധ്യതയുണ്ട്. എന്നാല്‍, തുടര്‍ച്ചയായി നിപ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത വളരെക്കുറവാണ്. പഴംതീനികളായ വവ്വാലുകളില്‍നിന്നാണ് നിപ വൈറസ് വരുന്നത്. ഇത്തരം വവ്വാലുകളാണ് കേരളത്തിലുള്ളത്. കോഴിക്കോട് പന്തിരിക്കരയിലെ സാബിത്തിന്റെ വീടിനുസമീപത്തുനിന്ന് പിടിച്ച 20 ശതമാനം വവ്വാലുകളിലും നിപ വൈറസിനെ കണ്ടെത്തി. വവ്വാലിന്റെ പ്രജനനമാസമായ ഡിസംബര്‍ മുതല്‍ മേയ് വരെയുള്ള കാലങ്ങളില്‍ ജാഗ്രത പുലര്‍ത്തണം.

പലരോഗങ്ങളും പകരുന്നത് ആശുപത്രികളില്‍നിന്നാണ്. ആശുപത്രിയില്‍നിന്ന് പകര്‍ച്ചവ്യാധികള്‍ പടരുന്നത് നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാവണം. ആശുപത്രികളില്‍ മാസ്‌ക് വിതരണം, കഫ് കോര്‍ണര്‍ എന്നിവ നിര്‍ബന്ധമാക്കണം. സന്ദര്‍ശകരുടെ എണ്ണംകുറയ്ക്കാനും ജീവനക്കാരുടെ എണ്ണംകൂട്ടാനും ആശുപത്രികള്‍ തയ്യാറാവണം.

പ്രതിരോധ മരുന്നില്ലെന്ന് പറയുന്നതില്‍ എത്രത്തോളം വാസ്തവമുണ്ട്?

നിപയ്ക്ക് പ്രതിരോധമരുന്നില്ലെന്നത് തെറ്റായ ധാരണയാണ്. വാക്സിന്‍ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, മാര്‍ക്കറ്റില്‍ ഇവ ലഭ്യമല്ലാത്തതാണ് പ്രധാനപ്രശ്നം. ലോകത്തില്‍ 550 പേര്‍ക്ക് മാത്രമാണ് നിപ വന്നിട്ടുള്ളത്. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നിപ വാക്സിനായി പണം നിക്ഷേപിക്കുന്നുണ്ട്. നിലവില്‍ ലോകാരോഗ്യസംഘടന നിപ ആഗോളഭീഷണിയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് വാക്സിന്‍ ഉണ്ടാക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്.

(പുനപ്രസിദ്ധീകരണം)

Content Highlight: Nipah Virus Infection Precautions, Dr. G Arun Kumar