1998-ൽ മലേഷ്യയിലും തുടർന്ന് സിങ്കപ്പൂരിലുമാണ് നിപ്പ വൈറസ് രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. എൽനിനോ പ്രതിഭാസം മലേഷ്യൻ കാടുകളെ നശിപ്പിച്ചതിനെ തുടർന്നാണ് പ്രധാനമായും കാട്ടിലെ കായ്‌കനികൾ ഭക്ഷിച്ച് ജിവിച്ചിരുന്ന നരിച്ചീറ്, വവ്വാൽ പോലുള്ള ജീവികളിൽനിന്ന്‌ നിപ്പ വൈറസ് പന്നി പോലുള്ള നാട്ടുമൃഗങ്ങളിലേക്ക് വ്യാപിച്ചത്. പിന്നീട് ജനിതകമാറ്റം വന്ന വൈറസ് മനുഷ്യരിലേക്കും പടർന്നു. മലേഷ്യയിലെ നിപ്പ (Kampung Baru Sungai Nipah) എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയത് കൊണ്ടാണ് നിപ്പ (Nipah) എന്ന പേരിൽ വൈറസ് അറിയപ്പെട്ടത്.  മൃഗങ്ങളിൽ നിന്ന്‌ മൃഗങ്ങളിലേക്ക് മാത്രം പകർന്നിരുന്ന നിപ്പ വൈറസ് ജനിതകമാറ്റം സംഭവിച്ചതു കൊണ്ടാവണം മനുഷ്യരിലേക്കും പിന്നീട്  മനുഷ്യരിൽനിന്ന്‌ മനുഷ്യരിലേക്കും പടരുന്നത്. 

കാരണം കാലാവസ്ഥാവ്യതിയാനം 
കാലാവസ്ഥാവ്യതിയാനവും വനനശീകരണവുമാണ് മറ്റുപലരോഗങ്ങളുടെ കാര്യത്തിലുമെന്നപോലെ നിപ്പ വൈറസ് രോഗത്തിനുമുള്ള അടിസ്ഥാനകാരണം. വനനശീകരണത്തെത്തുടർന്ന് പ്രകൃതിദത്ത ആവാസവ്യവസ്ഥ നഷ്ടപ്പെട്ട് ഭക്ഷണം കിട്ടാതെ വലഞ്ഞ വവ്വാലുകളുടെ ശരീരത്തിലെ വൈറസ് സാന്ദ്രത വർധിക്കുകയും മൂത്രം, ഉമിനീര് തുടങ്ങിയ സ്രവങ്ങളിലൂടെ വൻതോതിൽ വൈറസ് പുറത്തേക്ക് വിസർജിക്കപ്പെടുകയും ചെയ്തു. അങ്ങനെ മറ്റു മൃഗങ്ങളും തുടർന്ന് മനുഷ്യരും രോഗബാധയ്ക്ക് വിധേയരായി. 

വ്യാപനം ഇങ്ങനെ
ഹെൻഡ്രാ വൈറസുകളുമായി അടുത്ത ബന്ധമുള്ള ഹെനിപാവൈറസ് ജനുസിലെ പാരമിക്സോ വിറിഡേ വിഭാഗത്തിൽപ്പെട്ട  ആർ.എൻ.എ. വൈറസുകളാണ് നിപ്പ വൈറസുകൾ. പഴവർഗങ്ങൾ ഭക്ഷിച്ചു ജീവിക്കുന്ന റ്റെറോപസ് (Pteropus) ജനുസിൽപെട്ട നാലുതരം വവ്വാലുകളാണ് നിപ്പ വൈറസിന്റെ പ്രകൃതിദത്ത വാഹകർ. വവ്വാലിന്റെ  കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് വ്യാപിക്കുന്നത്. മലേഷ്യയിൽ വവ്വാലുകളിൽനിന്ന്‌ പന്നികളിലേക്കും തുടർന്ന് മനുഷ്യരിലേക്കും രോഗം പടരുകയാണുണ്ടായത്. പന്നികൾക്ക് പുറമേ പട്ടി, കുതിര, പൂച്ച, ആട് തുടങ്ങിയ വളർത്തുമൃഗങ്ങളിലേക്ക് രോഗം പകരാവുന്നതാണ്. ഇവയിൽനിന്ന് മനുഷ്യരിലേക്ക്  രോഗം വ്യാപിക്കാൻ സാധ്യതയുണ്ടോയെന്ന് വ്യക്തമല്ല. വവ്വാലുകൾ ഭക്ഷിച്ചുപേക്ഷിക്കുന്ന ഫലങ്ങളിലൂടെയും വവ്വാലുള്ള സ്ഥലങ്ങളിൽ കലങ്ങളിൽ ശേഖരിക്കുന്ന കള്ളിലൂടെയുമാണ് പ്രധാനമായും രോഗം പടരുന്നത്. മലേഷ്യയിൽ മാത്രമാണ് പന്നികളിൽനിന്ന് രോഗം മനുഷ്യരിലേക്ക് പകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 

2001-ൽ ഇന്ത്യയിൽ
ലോകാരോഗ്യസംഘടനയുടെ രേഖയനുസരിച്ച് മലേഷ്യക്കും സിങ്കപ്പൂരിനും പുറമേ നിപ്പ വൈറസ് രോഗം ബംഗ്ലാദേശിലെ മെഹർപുർ ജില്ലയിൽ 2001-ൽ പ്രത്യക്ഷപ്പെട്ടു. തുടർന്ന് ബംഗ്ലാദേശിലെ ഒട്ടേറെ ജില്ലകളിലേക്ക് രോഗം പടരുകയുണ്ടായി. 2012 മാർച്ച് വരെ ബംഗ്ലാദേശിൽ 263 പേരെയാണ് രോഗം ബാധിച്ചത്. ഇവരിൽ 196 (74.5%) പേരും മരിച്ചു. 2001-ൽ ഇന്ത്യയിൽ ബംഗാളിലെ സിലിഗുഡിയിൽ 71 പേരെ നിപ്പ വൈറസ് രോഗം ബാധിക്കുകയും 50 പേർ മരിക്കുകയും ചെയ്തു. 2007-ൽ നാദിയയിൽ 30 പേർക്ക് രോഗബാധയുണ്ടായി അഞ്ചുപേർ മരിച്ചു. വവ്വാൽ ഭക്ഷിച്ച് ഉപേക്ഷിച്ച  ഈന്തപ്പഴത്തിൽനിന്നാണ് രോഗം പടർന്നതെന്നാണ് കരുതുന്നത്. ബംഗ്ലാദേശിലും ബംഗാളിലെ നാദിയയിലും മനുഷ്യരിൽനിന്ന്‌ മനുഷ്യരിലേക്ക് രോഗം പരന്നിട്ടുണ്ട്. ഡിസംബർ, മേയ് മാസങ്ങളിലായാണ് രോഗം വ്യാപിച്ചത്. 1998-നു ശേഷം ഇതുവരെ നിപ്പ വൈറസ് രോഗം വിവിധ രാജ്യങ്ങളിലായി 477 പേരെ ബാധിച്ചിട്ടുണ്ട്. ഇവരിൽ 252 പേർ മരിച്ചു. മരണനിരക്ക് ഒമ്പതു മുതൽ 75 ശതമാനം വരെയാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. 

രോഗനിർണയ പരിശോധന
വൈറസ് ഘടകങ്ങൾ വേർതിരിച്ചെടുക്കാനുള്ള  പി.സി.ആർ. ടെസ്റ്റാണ് (Polymerase Chain Reaction) രോഗനിർണയം നടത്തുന്നതിനായി  രോഗബാധയുടെ ആദ്യഘട്ടത്തിൽ  പ്രധാനമായും ഉപയോഗിക്കുന്നത്. വൈറസ് പ്രതിവസ്തുക്കളായ (Anti bodies)  ഐ.ജി.ജി.യും (IgG) ഐ.ജി.എമ്മും (IgM)  എലിസടെസ്റ്റും (ELISA) വഴി പിന്നീട് കണ്ടെത്തുന്നതും രോഗനിർണയത്തിന് സഹായകരമാണ്. മരണമടയുന്ന രോഗികളുടെ അവയവകോശങ്ങൾ ഇമ്യൂണോ ഹിസ്റ്റോകെമിസ്ട്രി പരിശോധനയ്ക്ക് വിധേയമാക്കി രോഗം കൃത്യമായി നിർണയിക്കാൻ കഴിയും. രോഗം ഗുരുതരാവസ്ഥയിലായി ബോധക്ഷയവും മറ്റുമുണ്ടായാൽ എം.ആർ.ഐ. സ്കാൻ നടത്തി നോക്കിയാൽ തലച്ചോറിനെ ബാധിച്ചിട്ടുണ്ടോ എന്ന് അറിയാൻ കഴിയും. 

രോഗലക്ഷണങ്ങൾ
നിപ്പ രോഗാണു ശരീരത്തിൽ കടന്നാൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ നാലുമുതൽ എട്ടുദിവസം വരെയെടുക്കാം. പനി, തലവേദന, പേശി വേദന, ചുമ, ശ്വാസം മുട്ടൽ, ബോധക്ഷയം, വയറുവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. നിപ വൈറസ് രോഗത്തിന് പ്രത്യേക മരുന്നുകളോ വാക്സിനോ കണ്ടെത്തിയിട്ടില്ല. വൈറസുകളെ നശിപ്പിക്കുന്ന  റിബാവിറിൻ  (Ribavirin) എന്നമരുന്ന് പരീക്ഷണഘട്ടത്തിലാണ്. മനുഷ്യരിൽ പ്രയോഗിച്ച് തുടങ്ങിയിട്ടില്ല. നിപ ജി ഗ്ലൈക്കോപ്രോട്ടീനെ ലക്ഷ്യമാക്കി മോണോ ക്ലോണൽ ആന്റിബോഡി ഉപയോഗിച്ചുകൊണ്ടുള്ള വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. 

ചികിത്സാരീതി
മറ്റേതു വൈറസ് രോഗത്തെയുംപോലെ നിപ്പ വൈറസ് രോഗവും  സ്വയം നിയന്ത്രിത (Self limiting) രോഗമാണെന്ന് മനസ്സിലാക്കിയിരിക്കണം. കാലേകൂട്ടി കണ്ടെത്തി പൊതുപരിചരണം നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ തീർച്ചയായും ഒഴിവാക്കാൻ കഴിയും. പനികുറയ്ക്കാനുള്ള മരുന്ന്, ആവശ്യാനുസരണം ലായനികൾ, ശ്വാസതടസ്സം ഒഴിവാക്കാൻ ആവശ്യമെങ്കിൽ വെന്റിലേഷൻ,  മസ്തിഷ്കവീക്കം തടയാനുള്ള മരുന്നുകൾ, ഇതര രോഗാണു ബാധയുണ്ടെങ്കിൽ അതിനായുള്ള ആന്റി ബയോട്ടിക്കുകൾ തുടങ്ങിയ ചികിത്സകളാണ് വേണ്ടിവരിക.  ഇവയെല്ലാം ലഭ്യമാക്കാൻ കേരളത്തിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ  അടിസ്ഥാനസൗകര്യങ്ങൾ വേണ്ടുവോളമുണ്ട്. 

ശ്രദ്ധിക്കേണ്ടവ
രോഗപ്രതിരോധത്തിനും രോഗവ്യാപന നിരീക്ഷണത്തിനുമാണ് ഇപ്പോൾ ഊന്നൽ നൽകേണ്ടത്. വവ്വാലുകൾ ഭക്ഷിച്ചുപേക്ഷിച്ച പഴവർഗങ്ങൾ കഴിക്കാതിരിക്കാൻ  പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ വൈകാതെ വൈദ്യസഹായം തേടേണ്ടതാണ്.  മറ്റ് വൈറസ് രോഗങ്ങളുടെ കാര്യത്തിലെന്ന പോലെ രോഗികളുമായി അടുത്തിടപെടുന്നവർ മാസ്ക്, കൈയുറ എന്നിവ ധരിക്കുക, കൈകളും മറ്റും വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം. നിപ്പ വൈറസ് ബാധിച്ചെന്ന് സംശയിക്കുന്നവരെ പ്രത്യേക വാർഡിൽ  അഡ്മിറ്റ് ചെയ്യുന്നതാണ് നല്ലത്. രോഗ പരിചാരകർ  സാംക്രമിക രോഗമുള്ളവരെ ചികിത്സിക്കുമ്പോൾ സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ  (Barrier Nursing) കർശനമായി പാലിച്ചിരിക്കണം.

(ന്യൂറോസർജനും പൊതുജനാരോഗ്യ പ്രവർത്തകനുമാണ്‌ ലേഖകൻ)

പുനഃപ്രസിദ്ധീകരണം

Content Highlights: Nipah Virus 2021 What is Nipah and what causes it