പേരാമ്പ്ര: ‘ഈ കൈകളിലേക്കാണ് അന്നവൻ ഛർദിച്ചത്. അസുഖംവന്ന എല്ലാവരെയും നോക്കിയിട്ടും ഞങ്ങളൊക്കെ ബാക്കിയായി’,- മൂന്നുവർഷംമുമ്പ് നിപ രോഗബാധയാൽ രണ്ട് മക്കളെയും ഭർത്താവിനെയും നഷ്ടപ്പെട്ട ദിനങ്ങളെപ്പറ്റി പറയവെ മറിയം ഉമ്മയുടെ കണ്ണുകൾ നിറഞ്ഞു. വിതുമ്പലിൽ വാക്കുകൾ മുറിഞ്ഞു.

ചെറിയ ജലദോഷവും ക്ഷീണവുമൊക്കെയായാണ് മുഹമ്മദ് സാബിത്തിന് രോഗം തുടങ്ങിയത്. ജോലിക്ക് പോകുന്നതിന്റെ ക്ഷീണമാകുമെന്ന് കരുതി. പനി അധികമായപ്പോൾ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പോയി. പിന്നീട് മെഡിക്കൽ കോളേജിൽ. അന്നെല്ലാം ഒപ്പമുണ്ടായിരുന്നിട്ടും ഞാനടക്കം പലരെയും രോഗം ബാധിച്ചില്ല. ഇതിനുശേഷം മുഹമ്മദ് സാലിഹിനും അസുഖംവന്നു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവനും ഭർത്താവുമെല്ലാം പോയി. അക്കാലത്തെപ്പറ്റി അധികമൊന്നും ഓർക്കാൻ വയ്യ- നിറകണ്ണുകളുമായി അവർ പറഞ്ഞു. മറിയം ഉമ്മയും ഇളയമകൻ മുത്തലിബും മാത്രമാണ് സൂപ്പിക്കട വളച്ചുകെട്ടി കുടുംബത്തിൽ നിപ രോഗത്തിൽ ബാക്കിയായത്. നാലുമക്കളിൽ മൂന്നാമത്തെമകനും 2013-ലെ ബൈക്ക് അപകടത്തിൽ അവർക്ക് നഷ്ടമായതാണ്. സൂപ്പിക്കടയിൽ താമസിക്കുന്ന വീട് വിറ്റ് പുതിയവീട് വാങ്ങി മാറാനിരിക്കെയാണ് നിപ രോഗം ഉറ്റവരെ എല്ലാം കവർന്നെടുത്തത്. പിന്നീട് ഏറെ കഴിഞ്ഞ് സൂപ്പിക്കടയ്ക്ക് അല്പമകലെ പുത്തനിടത്തിൽ പുതിയവീട്ടിലേക്ക് ഉമ്മയും മകനും താമസം മാറി.

സഹോദരിയുടെ വീട്ടിലാണ് മറിയവും മകനുമിപ്പോഴുള്ളത്. വേദനകളെ പതിയെ മറികടക്കുകയാണീ കുടുംബം. നിപ രോഗകാലത്ത് പേരാമ്പ്ര ജബലന്നൂർ കോളേജിൽ ഡിഗ്രി വിദ്യാർഥിയായിരുന്ന മുത്തലിബ് ഇപ്പോൾ പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളേജിൽ പി.ജി.ക്ക് പഠിക്കുകയാണ്.

ബന്ധുവീടുകളിൽ കഴിഞ്ഞ കാലം

നിപ രോഗത്തിന്റെ ഭയാശങ്കയുടെ കാലത്ത് രണ്ടുമാസത്തിലേറെ കാലമാണ് മറിയവും മകനും ബന്ധുവീടുകളിലേക്ക് മാറിക്കഴിഞ്ഞത്. ആദ്യം മറിയത്തിന്റെ സഹോദരിയുടെ വീട്ടിലേക്ക്. പിന്നെ സഹോദരന്റെ വീട്ടിലേക്ക്. എങ്ങും ഭയംനിറഞ്ഞ അന്തരീക്ഷത്തിൽ പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു ചുറ്റിലും. പലരും കാണുമ്പോൾ പേടിച്ച് മാറിനടന്നു. സൂപ്പിക്കടയിൽ ചുറ്റുമുള്ളവർ പലരും വീട് മാറിപ്പോയി. ചില മാധ്യമങ്ങളിലടക്കംവന്ന പ്രചാരണവും ഏറെ വിഷമിപ്പിച്ചു. പിന്നെ പുറത്തേക്ക് കൂടുതൽ ഇറങ്ങാതെ വീട്ടിൽ കഴിഞ്ഞ നാളുകൾ.

2018 മേയ് അഞ്ചിന് മുഹമ്മദ് സാബിത്ത് മരിച്ചതോടെയാണ് കേരളത്തിൽ നിപ രോഗത്തിന്റെ തുടക്കം. 18-ന് സഹോദരൻ മുഹമ്മദ് സാലിഹ് മരിച്ചതോടെ രോഗം നിപയാണെന്ന സ്ഥിരീകരണം വന്നു. പിന്നാലെ ഇവരുടെ ഉപ്പ മൂസ മുസ്‌ല്യാരെയും അടുത്തബന്ധു മറിയത്തെയും കുടുംബത്തിന് നഷ്ടമായി.