ഒരിടവേളയ്ക്ക് ശേഷം നിപ വീണ്ടും കേരളത്തില്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. ഞായറാഴ്ചയാണ് കോഴിക്കോട് നിപ ബാധിച്ച് 12 വയസ്സുകാരന്‍ മരണത്തിന് കീഴടങ്ങിയത്. 2018 മേയ് 19-ലാണ് കേരളത്തിലാദ്യമായി നിപ സ്ഥിരീകരിച്ചത്. കോഴിക്കോട്  ജില്ലയിലായിരുന്നു ഇത്. കോഴിക്കോടും സമീപ ജില്ലയുമായ മലപ്പുറത്തും നിപ സ്ഥിരീകരിച്ചിരുന്നു. നിപ്പ ബാധയെ കുറിച്ച് പൊതുവേ ഉയരുന്ന സംശയങ്ങളും അതിനുള്ള മറുപടിയും. 

? വൈറസിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ് എന്നാല്‍ എന്ത്? 

രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നത് മുതല്‍ രോഗലക്ഷണങ്ങള്‍ ആരംഭിക്കുന്നത് വരെയുള്ള സമയമാണ് ഇന്‍ക്യുബേഷന്‍ പിരീഡ്. 

ഇന്‍ക്യുബേഷന്‍ പിരീഡില്‍ രോഗം പകരുമോ? 

ഇന്‍ക്യുബേഷന്‍ പിരീഡില്‍ രോഗം പകരില്ല.  രോഗം പകരാന്‍ മാത്രമുളള രോഗാണുക്കള്‍ ശരീര സ്രവങ്ങളില്‍ ഈ കാലയളവില്‍ ഉണ്ടാവുന്നില്ല. 

നിപ്പ വൈറസ് ശരീരത്തില്‍ കയറുന്ന എല്ലാവര്‍ക്കും അസുഖം വരുമോ? 

ഓരോ വ്യക്തിയുടേയും രോഗപ്രതിരോധ ശേഷിയെ ആശ്രയിച്ചാണ് രോഗം ബാധിക്കുന്നത്. 

എന്തൊക്കെയാണ് രോഗലക്ഷണങ്ങള്‍?

പനിയോടെ കൂടിയുള്ള ശരീര വേദന, തലവേദന, ക്ഷീണം, ചുമ, തൊണ്ട വേദന തുടങ്ങിയവ പ്രാരംഭഘട്ടത്തിലും ഛര്‍ദ്ദി സ്ഥലകാല വിഭ്രാന്തി, ശ്വാസതടസം, അപസ്മാരം ബോധക്ഷയം എന്നിവയും കാണപ്പെടുന്നു.

വെള്ളത്തിലൂടെ നിപ്പ വൈറസ് പകരുമോ? 

ഇല്ല, നിപ്പ വൈറസ് പനി ഒരു ജലജന്യ രോഗമല്ല. ഇത് ഒരു ജന്തുജന്യ രോഗമാണ്. വവ്വാല്‍, പന്നി തുടങ്ങിയ ജന്തുക്കളില്‍ നിന്നും, രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയും നിപ്പ വൈറസ് ബാധയേല്‍ക്കാം. 

ഏതെല്ലാം ടെസ്റ്റുകള്‍ വഴിയാണ് നിപ്പ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്? 

നിപ്പ രോഗം സ്ഥിരീകരിച്ച രോഗിയുമായി അടുത്തിടപഴകുകയും , പിന്നീട് രോഗലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്തിട്ടുള്ളവരായ വ്യക്തികളെയാണ് ലാബ് പരിശോധനയ്ക്ക് വിധേയരാക്കുന്നത്. രക്തം മൂത്രം തൊണ്ടയില്‍ നിന്നുള്ള സ്രവം, വേണ്ടി വന്നാല്‍ നട്ടെല്ലില്‍ നിന്നും കുത്തിയെടുത്ത നീര് എന്നിവയാണ് പരിശോധനയ്ക്കായി അയക്കുന്നത്. 

നിപ്പ വൈറസ് ബാധിച്ച രോഗി ഉപയോഗിച്ച പാത്രങ്ങളും വസ്ത്രങ്ങളും ശൗചാലയവും എങ്ങനെ വൃത്തിയാക്കണം?

കയ്യുറകളും കാലുറകളും മാസ്‌കും ധരിച്ചതിന് ശേഷം വെള്ളത്തില്‍ ബ്ലീച്ചിങ് പൗഡര്‍ കലക്കി ഉണ്ടാക്കുന്ന ബ്ലീച്ചിങ് ലായനി ഒഴിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് മുറികള്‍ വൃത്തിയാക്കാം. പാത്രങ്ങളും ഇതുപോലെ അണുവിമുക്തമാക്കാം. വസ്ത്രങ്ങള്‍ പുഴുങ്ങി അലക്കുകയോ ആഴത്തില്‍ കുഴിച്ചു മൂടുകയോ ചെയ്യാം. എല്ലാം കഴിഞ്ഞതിനു ശേഷം കൈയും കാലും  ദേഹവും സോപ്പും വെള്ളവും ഉപയോഗിച്ച്‌ വൃത്തിയാക്കുക. 

രോഗം വന്ന് മരണമടഞ്ഞവരില്‍ നിന്നും രോഗം പകരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്തൊക്കെ? 

  • മൃതദേഹം അണുനാശിന് ഉപയോഗിച്ച് ഉടന്‍ തന്നെ പ്രത്യേക ആവരണത്തില്‍ പൊതിയേണ്ടതാണ്. 
  • മൃതദേഹം കൊണ്ടുപോവുന്ന സമയത്ത് മുഖവുമായും ശരീര സ്രവങ്ങളുമായും സമ്പര്‍ക്കം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക. 
  • മൃതദേഹത്തിന്റെ മുഖത്ത് ചുംബിക്കുക, കവിളില്‍ സ്പര്‍ശിക്കുക, തുടങ്ങിയവ ഒഴിവാക്കുക. 
  • മരിച്ച ആളിന്റെ മൂക്ക്, രഹസ്യഭാഗങ്ങള്‍ എന്നിവ പഞ്ഞി കൊണ്ട് മൂടണം. വായ തുറന്നു വെയ്ക്കാതെ പ്രത്യേക ആവരണം കൊണ്ട് മൂടുക. 

എപ്പോഴാണ് നിപ്പ വൈറസ് ബാധ പൂര്‍ണമായും നിയന്ത്രണവിധേയമായെന്ന് പറയാന്‍ കഴിയുക? 

അവസാന രോഗം കണ്ടെത്തിയത് മുതല്‍ 42 ദിവസത്തെ കാലയളവില്‍ മറ്റാര്‍ക്കും രോഗം വന്നില്ലെങ്കില്‍ രോഗം നിയന്ത്രണവിധേയമായി എന്ന് പറയാം.

വവ്വാലുകളിലൂടെ അല്ല നിപ്പ വൈറസ് പകരുന്നത് എന്ന് പറയുന്നത് ശരിയാണോ? 

പഴംതീനി വവ്വാലുകള്‍ നിപ്പ വൈറസിന്റെ സ്വാഭാവികവാഹകരമാണ്. പക്ഷെ വവ്വാലിന്റെ ശരീരത്തില്‍ നിന്നും വൈറസിനെ വേര്‍തിരിച്ച് കണ്ടെത്താന്‍ പ്രയാസമാണ്. പരിശോധനയില്‍ കണ്ടെത്തിയില്ല എന്നത് കൊണ്ട് വവ്വാലുകള്‍ നിപ്പ വൈറസിന്റെ വാഹകരല്ലാതാവുന്നില്ല.

Content Highlights: nipah again reports in kerala; know more about virus