നിപയ്‌ക്കെതിരെ ആരോഗ്യവകുപ്പ് പ്രതിരോധം തീര്‍ക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് വ്യാജപ്രചരണങ്ങളും കൊഴുക്കുന്നുണ്ട്. ചിക്കന്‍ കഴിച്ചാല്‍ നിപ, പഴത്തിലും പച്ചക്കറിയിലും നിപ വൈറസ്, നിപയ്ക്ക് മരുന്നായി പവിഴമല്ലി, ഹോമിയോ ചികിത്സയില്‍ നിപയ്ക്ക് മരുന്ന് തുടങ്ങി വാര്‍ത്തകള്‍ പലവിധത്തില്‍ ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും പ്രചരിക്കുകയാണ്. വവ്വാല്‍ കടിച്ചുപേക്ഷിച്ച മാമ്പഴം കഴിച്ച് കാണിച്ച് ധൈര്യമുണ്ടെങ്കില്‍ നിപ എന്നെ തൊടട്ടെ എന്ന് വെല്ലുവിളിച്ച മുറിവൈദ്യന്മാര്‍ പോലും സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെട്ടു . വീണ്ടും നിപ കാലം എത്തുമ്പോള്‍ വ്യാജപ്രചാരണങ്ങള്‍ക്കെതിരെ നാം ഏറെ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ അറിയൂ.. 

ചിക്കന്‍ കഴിച്ചാല്‍ നിപ വരുമോ? പന്നി, ബീഫ് എന്നിവ ഒഴിവാക്കണോ?

ഏറെ ശക്തിപ്രാപിച്ച പ്രചരണമാണ് കോഴിയും നിപയും. എന്നാല്‍ ഇത് രണ്ടും തമ്മില്‍ യാതൊരു ബന്ധവുമില്ല. വവ്വാലുകളാണ് നിപ വൈറസിന്റെ സ്വാഭാവിക വാഹകര്‍. ഇവയുടെ ഉമിനീര്‍, ശരീരസ്രവങ്ങള്‍, വിസര്‍ജ്യം എന്നിവയിലൂടെയാണ് വൈറസ് മറ്റൊന്നിലേക്ക് പകരുന്നത്. മുന്‍കരുതലെന്നോണം മാംസം നന്നായി വേവിച്ച് കഴിക്കുക. വേവിച്ച് കഴിക്കുന്ന മാംസത്തില്‍ വൈറസിന് ജീവിക്കാനാവില്ല. 60 ഡിഗ്രി സെല്‍ഷ്യല്‍സില്‍ ഒരുമണിക്കൂര്‍വരെ ചൂടാക്കിയാല്‍ വൈറസ് നശിക്കും. പശുവിന്റെയും ആടിന്റെയും പാല്‍ തിളപ്പിച്ച് ഉപയോഗിച്ചാല്‍ കുഴപ്പമില്ല.

പനനൊങ്ക് കഴിക്കുന്നത് ഒഴിവാക്കണോ?

കട്ടിയുള്ള തോടുകളുള്ള ഫലങ്ങള്‍ വവ്വാല്‍ കൊത്താനുള്ള സാധ്യതയില്ല.

ഭക്ഷണം പാകംചെയ്യാനും വിളമ്പാനും വാഴയില ഉപയോഗിക്കാമോ? വാഴപ്പഴം, വാഴക്കൂമ്പ് എന്നിവ കഴിക്കാമോ? 

വാഴയില വൃത്തിയായി കഴുകി ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല. വവ്വാലിന്റെയും പക്ഷികളുടെയും കടിയേറ്റിട്ടില്ലെന്ന് ഉറപ്പുള്ള വാഴക്കൂമ്പ്, നേന്ത്രപ്പഴം എന്നിവ കഴിക്കാം.

മാങ്ങ, ചക്ക, പേരക്ക എന്നിവ ഉപയോഗിക്കാന്‍ പാടില്ലേ?

പക്ഷിമൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറല്‍ ഉള്ളതുമായ പഴങ്ങളും പച്ചക്കറികളും കഴിക്കരുത് എന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. അല്ലാതെ പഴങ്ങളും പച്ചക്കറികളും കഴിക്കരുത് എന്നല്ല. ചൂടുവെള്ളത്തില്‍ നന്നായി കഴുകി ഉപയോഗിക്കാം.

വളര്‍ത്തുമൃഗങ്ങളെ പേടിക്കണോ? 

വവ്വാലുകളാണ് നിപ വൈറസിന്റെ സ്വാഭാവിക വാഹകര്‍. ഇവ മൃഗങ്ങളിലേക്ക് പകരാന്‍ സാധ്യതയുണ്ട്. പന്നി, കുതിര തുടങ്ങിയ മൃഗങ്ങളിലേക്ക് വൈറസ് വ്യാപിച്ചതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വവ്വാലില്‍ നിന്നും മൃഗങ്ങളിലേക്ക് പകരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകുന്നവര്‍ ശുചിത്വം പാലിക്കുക, കൈയ്യും മുഖവും നന്നായി കഴുകി വൃത്തിയാക്കുക എന്നിവ മുന്‍കരുതലായി സ്വീകരിക്കാം. 

മാസ്‌ക് ധരിച്ചുമാത്രമേ പുറത്തിറങ്ങാവൂ, നിപ വായുവിലുണ്ട്.? 

രോഗികളുടെ ശരീരസ്രവങ്ങളിലൂടെയാണ് നിപ വൈറസ് വ്യപിക്കുന്നത്. ഇത് വായുവിലൂടെ പകരില്ല. അതിനാല്‍ രോഗികളുമായി അടുത്തിടപഴകുന്നവര്‍ മാത്രം മാസ്‌ക് ധരിക്കുക. മാസ്‌ക് ധരിച്ചുമാത്രമേ പുറത്തിറങ്ങാവൂ എന്നൊന്നും ഇല്ല. 

Content Highlight: Nipah Fake News alerts, Nipah Virus, Nipah Virus Kerala, Nipah 2021