നിപ നേരിടാനുള്ള മുൻകാല അനുഭവങ്ങൾ കേരളത്തിൽ  ഉണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്. ശനിയാഴ്ച രാത്രി ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ രോഗ വ്യാപനം തടയാനുള്ള കര്‍മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ മന്ത്രിമാര്‍, മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിലവില്‍ കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ 2018ലെ പോലെ രോഗം നിയന്ത്രിക്കുന്നത് ദുര്‍ഘടമായിരിക്കില്ല. ആശങ്കയ്ക്ക് വകയില്ല. ജില്ലയിലെ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമെല്ലാം സജ്ജരാണ്. ഒരു ടീം ആയി പ്രവര്‍ത്തിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിച്ച്  മുന്നോട്ട് പോകാന്‍ സാധിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.