“സജീഷേട്ടാ അയാം ഓൾമോസ്റ്റ് ഓൺ ദ വേ. നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. സോറി... നമ്മുടെ മക്കളെ നന്നായി നോക്കണേ. ലവൻ കുഞ്ഞ്, അവനെ ഒന്നു ഗൾഫിൽ കൊണ്ടുപോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്. വിത്ത്‌ ലോട്‌സ് ഓഫ് ലവ്, ഉമ്മ.... ”

നിപ ബാധിച്ച് മരണക്കിടക്കയിൽനിന്ന് പ്രിയതമന് അവസാന സ്നേഹാക്ഷരങ്ങൾ കുറിച്ചിട്ട് നഴ്‌സ് ലിനി കടന്നുപോയത് മൂന്നുവർഷംമുമ്പാണ്. അന്ന് ബഹ്‌റൈനിൽ ജോലിചെയ്യുകയായിരുന്ന സജീഷ് വരുമ്പോൾ നൽകാനായിരുന്നു ഈ എഴുത്ത്.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ താത്‌കാലികാടിസ്ഥാനത്തിൽ നഴ്‌സായി ജോലിചെയ്യുകയായിരുന്നു ചെമ്പനോട കുറത്തിപ്പാറയിലെ പുതുശ്ശേരി ലിനി. രോഗിപരിചരണത്തിനിടയിലാണ് നിപരോഗം അവർക്കും പകർന്നുകിട്ടിയത്. നിപ ബാധിച്ച് മരിച്ച സൂപ്പിക്കടയിലെ മുഹമ്മദ് സാബിത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയപ്പോൾ ലിനിയായിരുന്നു വാർഡ് ഡ്യൂട്ടിയിൽ. വൈകീട്ട് ജോലിക്കെത്തിയപ്പോൾ മുതൽ രാത്രിയിലുടനീളം രോഗികളെ പരിചരിക്കാൻ എല്ലാറ്റിനും അവർ ഓടിയെത്തി. ഇത് രോഗം പകരാനിടയാക്കിയെന്നാണ് കരുതുന്നത്. നിപ ബാധിച്ച് സൂപ്പിക്കടയിലെ രണ്ടാമത്തെ മരണം പുറത്തുവന്നതിന്റെ അടുത്ത ദിവസങ്ങളിലാണ് ലിനിക്ക് പനി തുടങ്ങിയത്.

പനി അധികമായതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തനിക്കും നിപ ബാധിച്ചതാകാമെന്നുള്ള സംശയത്താൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലേക്ക് മാറ്റണമെന്ന് പറയാനുള്ള കരുതലും അവർ കാട്ടി.

സജീഷ് വിദേശത്തുനിന്ന് ആശുപത്രിയിൽ എത്തി ലിനിയെ കണ്ട് ഏറെ കഴിയുംമുമ്പേ, മേയ് 21-ന് ലാളിച്ചു കൊതിതീരാത്ത കുഞ്ഞുമക്കളെയും തനിച്ചാക്കി ലിനി ജീവിതത്തിൽനിന്ന് യാത്രയായി. ഇളയമകൻ സിദ്ധാർഥിന് പാലുകൊടുത്ത് ആശുപത്രിയിലേക്കുപോയ അമ്മ പിന്നീട് വീട്ടിലേക്ക് തിരികെയെത്തിയില്ല.

സിദ്ധാർഥ് അമ്മയെ തിരഞ്ഞുനടന്നപ്പോൾ അമ്മ ഇനി വരില്ലെന്നും ആകാശത്തിലേക്ക് പോയെന്നും മൂത്തമകൻ റതുൽ ആശ്വസിപ്പിക്കുന്നത് കണ്ടപ്പോൾ വീട്ടുകാരുടെ നെഞ്ചുപിടഞ്ഞു.

നിപഭയം നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ വീട്ടിൽനിന്ന് പുറത്തിറങ്ങാതെ കഴിയേണ്ടി വന്ന നാളുകളായിരുന്നു പിന്നീട്. ആശ്വാസവുമായി സർക്കാരും കുടുംബത്തിനു കൂടെനിന്നു.

സജീഷിന് ആരോഗ്യവകുപ്പിൽ ക്ലാർക്കായി ജോലി നൽകി. മക്കൾക്ക് സഹായധനവും നൽകിയിരുന്നു. മൂത്ത മകൻ റതുൽ ‍(എട്ട്) ഇപ്പോൾ മൂന്നാംതരത്തിലെത്തി. സിദ്ധാർഥ് (അഞ്ച്) യു.കെ.ജി.യിൽ പഠിക്കുന്നു.

 

Content Highlights: Lini the angel said goodbye in Nipah